'ബി.ജെ.പി കലയെ ഭയപ്പെടുന്നു'; ഗ്രാന്റ് പട്ടികയില്‍ നിന്ന് ബംഗാളിലെ 10 നാടക സംഘങ്ങളെ ഒഴിവാക്കി
natioanl news
'ബി.ജെ.പി കലയെ ഭയപ്പെടുന്നു'; ഗ്രാന്റ് പട്ടികയില്‍ നിന്ന് ബംഗാളിലെ 10 നാടക സംഘങ്ങളെ ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2024, 9:26 pm
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാണ് നീക്കത്തിന് പിന്നിലെന്ന് പ്രമുഖ നാടക പ്രവര്‍ത്തകര്‍

കൊല്‍ക്കത്ത: റിപ്പര്‍ട്ടറി ഗ്രാന്റ് പട്ടികയില്‍ നിന്ന് പശ്ചിമ ബംഗാളിലെ നാടക സംഘങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ബംഗാളിലെ 10 സംഘങ്ങളെയാണ് പട്ടികയില്‍ നിന്ന് പുറത്താക്കിയത്. ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കേന്ദ്രത്തിന്റെ നടപടി.

സാംസ്‌കാരിക മന്ത്രാലയം പുതുതായി പുറത്തിറക്കിയ പട്ടികയില്‍ ബംഗാളിലെ 296 നാടക സംഘങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രമുഖ നാടക പ്രവര്‍ത്തകരായ മേഘ്നാഥ് ഭട്ടാചാര്യ, ദേബേഷ് ചതോപാധ്യായ, അന്തരിച്ച തെസ്പിയന്‍ സൗമിത്ര ചാറ്റര്‍ജിയുടെ മകള്‍ പൗലോമി ബസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെയാണ് പുതിയ ലിസ്റ്റില്‍ നിന്ന് മന്ത്രാലയം പുറത്താക്കിയത്.

നാടക സംഘങ്ങള്‍ക്ക് ധനസഹായം ഉറപ്പ് നല്‍കുന്ന കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പദ്ധതിയാണ് റിപ്പര്‍ട്ടറി ഗ്രാന്റ് സംവിധാനം. ഈ പദ്ധതിയില്‍ നിന്നാണ് ബംഗാളിലെ നാടക സംഘങ്ങളുടെ പേരുകള്‍ വെട്ടിയിരിക്കുന്നത്.

കേന്ദ്ര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ നിരവധി നാടക പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. നാടക സംഘമായ ‘സംസ്രിതി’യുടെ അധ്യക്ഷനായ ദേബേഷ് ചതോപാധ്യായ കേന്ദ്രത്തിന്റെ നടപടി ഏകപക്ഷീയമാണെന്ന് പ്രതികരിച്ചു. സിനിമ നിര്‍മിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ സംഘത്തെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്നും ചതോപാധ്യായ പറഞ്ഞു.

എന്നാല്‍ താന്‍ ഒരു സിനിമ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു, അത് 10 വര്‍ഷം മുമ്പാണെന്നും ദേബേഷ് ചതോപാധ്യായ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടി അടിയന്തരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാന്റ് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന സമിതിയില്‍ ബംഗാളില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ലെന്നും ചതോപാധ്യായ ചൂണ്ടിക്കാട്ടി.

‘സയാക്’ എന്ന നാടക സംഘത്തിന്റെ തലവനായ മേഘ്നാഥ് ഭട്ടാചാര്യയും വിഷയത്തില്‍ പ്രതികരിച്ചു.

‘വര്‍ഷങ്ങള്‍ നീണ്ട സമരത്തിലൂടെയാണ് ഞങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. പുതുതായി രൂപീകരിക്കുന്നതും അറിയപ്പെടാത്തതുമായ നാടക സംഘങ്ങളെ സഹായിക്കാനാണ് ഈ പട്ടിക തയാറാക്കിയതെങ്കില്‍, അവരും ഞങ്ങള്‍ക്ക് സമാനമായി സമരം ചെയ്യട്ടെ,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാണ് ഇതിന് പിന്നിലെന്നും നാടക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കലയെ ബി.ജെ.പി പേടിക്കുകയാണെന്നും തെറ്റ് ചൂണ്ടിക്കാട്ടുന്നതിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ, ലിസ്റ്റില്‍ നിന്ന് ആരെയെങ്കിലും അന്യായമായി ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ കേന്ദ്രവുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവും രാജ്യസഭാ എം.പിയുമായ സമിക് ഭട്ടാചാര്യ പ്രതികരിച്ചു.

Content Highlight: Union government has excluded West Bengal’s theater groups from the list of repertory grants