ന്യൂദല്‍ഹി: ജി.എസ്.ടി നയം ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്തുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജി.എസ്.ടി നടപ്പിലാക്കാനുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനങ്ങളെ ശാക്തീകരിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
അവശ്യ സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ട് ജി.എസ്.ടി ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രയോജനമേകി. ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി മുഖേന കൂടുതല്‍ ധനസഹായം ലഭ്യമാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
10 വര്‍ഷം കൊണ്ട് ജി.എസ്.ടിയില്‍ രാഷ്ട്രീയ സമവായം കൈവരിക്കാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ധനമന്ത്രി ആരോപിച്ചു. ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യൂണലിന്റെ അധ്യക്ഷനെ നിയമിച്ചതിന് പിന്നാലെയാണ് നിര്‍മല സീതാരാമന്റെ വിമര്‍ശനം. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നീ പദ്ധതികളോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പ്രകടനമാണ് ജി.എസ്.ടിയെന്നും മന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് ജി.എസ്.ടി നയം ആവിഷ്‌കരിച്ചത്. തുടര്‍ന്ന് 2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആത്യന്തികമായി ഈ നിയമം നടപ്പിലാക്കി. 2016ല്‍ പാര്‍ലമെന്റ് ജി.എസ്.ടി നിയമങ്ങള്‍ പാസാക്കുകയും ചെയ്തുവെന്ന് ധനമന്ത്രി പറഞ്ഞു.
ഇതുപ്രകാരം ബ്രാന്‍ഡ് ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍, ചില ജീവന്‍രക്ഷാ മരുന്നുകള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൊതുഗതാഗതം, സാനിറ്ററി നാപ്കിനുകള്‍, ശ്രവണസഹായ ഉപകരണങ്ങള്‍, കാര്‍ഷിക സേവനങ്ങള്‍ തുടങ്ങി നിരവധി അവശ്യ വസ്തുക്കളെയും സേവനങ്ങളെയും ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹെയര്‍ ഓയില്‍, സോപ്പ് തുടങ്ങിയ സാധാരണ ഇനങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം സിനിമ ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന ജി.എസ്.ടി നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.