| Friday, 22nd December 2023, 9:02 pm

തമിഴ്നാട് വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സ്റ്റാലിന്‍; സാധ്യമല്ലെന്ന് നിര്‍മല സീതാരാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടതുപ്രകാരം തമിഴ്നാട് വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും പഠിച്ചിട്ടില്ലെന്നും അഞ്ച് ദിവസം മുമ്പ് ഐ.എം.ഡി മഴയുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയപ്പോള്‍ സ്ഥാപനത്തെ സര്‍ക്കാര്‍ കുറ്റപെടുത്തിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

31 പേര്‍ മരണപ്പെട്ട കനത്ത മഴയില്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കുന്നതില്‍ ഐ.എം.ഡി പരാജയപ്പെട്ടുവെന്ന് സ്റ്റാലിന്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രിയുടെ പരാമര്‍ശം. ഡിസംബര്‍ 12ന് തന്നെ ഐ.എം.ഡി മഴയുമായി ബന്ധപ്പെട്ട പ്രവചനം നടത്തിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ്നാട് കനത്ത മഴയില്‍ ദുരിതമനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയിരുന്നുവെന്നും, ദല്‍ഹിയില്‍ നിന്ന് നാല് ദിവസത്തിന് ശേഷമാണ് സ്റ്റാലിന്‍ സംസ്ഥാനത്തെ ദുരിതബാധിത ജില്ലകളിലെത്തിയതെന്നും അതിന് മുമ്പ് കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ മൂന്ന് ഡോപ്ലറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളുണ്ടെന്നും ഡിസംബര്‍ 17ന് തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി എന്നീ നാല് ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് ഡിസംബര്‍ 12ന് തന്നെ പ്രവചിച്ചിട്ടുണ്ടെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡി.എം.കെയുമായി സഖ്യത്തിലിരിക്കെ യു.പി.എ സര്‍ക്കാര്‍ 2004ല്‍ ഉണ്ടായ സുനാമിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റയും സമയത്തിന്റെയും അടിസ്ഥാനത്തില്‍ ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇന്ത്യയില്‍ നിലവിലില്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാടിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 900 കോടിയില്‍ ആദ്യ ഗഡുവായ 450 കോടി ഇതിനകം നല്‍കിയെന്നും രണ്ടാം ഗഡുവായ 450 കോടി രൂപ ചുഴലിക്കാറ്റിന് മുമ്പായി അനുവദിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അതിനാല്‍ ഈ വര്‍ഷം വകയിരുത്തിയ മുഴുവന്‍ ഫണ്ടും തമിഴ്നാടിന് അനുവദിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

Content Highlight: Union Finance Minister Nirmala Sitharaman said Tamil Nadu floods cannot be declared a national calamity

We use cookies to give you the best possible experience. Learn more