| Thursday, 20th June 2024, 8:15 pm

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല; ക്രമക്കേട് പരിഹരിക്കാന്‍ ഉന്നതതല സമിതി: ധര്‍മേന്ദ്ര പ്രധാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്നും സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിലെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷയിലെ ക്രമക്കേട് പരിഹരിക്കാന്‍ ഉന്നതതല സമിതിയെ രൂപീകരിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ചോര്‍ന്ന ചോദ്യ പേപ്പര്‍ ടെലഗ്രാമില്‍ വന്നതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഏത് ഉന്നതരായാലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പുനല്‍കി.

പരീക്ഷയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് ക്രമക്കേടുകളും മറ്റ് പ്രശ്‌നങ്ങളും ഇല്ലാതെ പരീക്ഷ എഴുതാനും പ്രതിജ്ഞാബദ്ധമാണ് കേന്ദ്ര സര്‍ക്കാരെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

നെറ്റിലും യു.ജി.സി നീറ്റിലും ഉണ്ടായിരിക്കുന്നത് വ്യത്യസ്തമായ സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പരിശ്രമം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളും രാഷ്ട്രീയവും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷയുടെ തലേദിവസം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നു. ബീഹാര്‍ സ്വദേശി 22കാരനായ അമിത് ആനന്ദാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. മെയ് അഞ്ചിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേദിവസം തന്നെ കിട്ടിയെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. തന്റെ ബന്ധു വഴിയാണ് ചോദ്യപേപ്പര്‍ ലഭിച്ചതെന്നും വിദ്യാര്‍ത്ഥി സമസ്തിപൂര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Content Highlight: Union Education Minister Dharmendra Pradhan said that the NEET exam will not be canceled for the time being and will be with the government students

We use cookies to give you the best possible experience. Learn more