| Tuesday, 6th August 2024, 5:17 pm

'മറ്റു ഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ് ചെയ്തത്'; ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയതിനെ ന്യായീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തതില്‍ വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ആമുഖം ഒഴിവാക്കിയ നീക്കം വിവാദമായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

‘പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന വാദം വസ്തുതാ വിരുദ്ധമാണ്. ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ് ചെയ്തത്,’ എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മന്ത്രിയുടെ വിശദീകരണം.

ആമുഖത്തില്‍ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കീഴില്‍, ആമുഖത്തിന് പുറമെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്കും കടമകള്‍ക്കും ദേശീയ ഗാനത്തിനും എന്‍.സി.ഇ ആര്‍.ടി പ്രാധാന്യം നല്‍കുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികളുടെ സമഗ്രവികസനത്തിനായി ഈ ഭാഗങ്ങളെല്ലാം വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തെ കോണ്‍ഗ്രസ് നുണയുടെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. അതിനായി വിദ്യാര്‍ത്ഥികളുടെ സഹായം തേടുന്നത് കോണ്‍ഗ്രസിന്റെ അറപ്പുളവാക്കുന്ന മാനസികാവസ്ഥയെ കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ചവറ്റുകൊട്ടയെന്ന് വിളിക്കുന്നവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് സത്യമറിയാന്‍ ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. മെക്കാളെയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ വികസനത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും കോണ്‍ഗ്രസ് വെറുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന്റെ പാപങ്ങളുടെ പാനപാത്രം നിറഞ്ഞുകഴിഞ്ഞു. ഇക്കാലത്ത് വ്യാജ ഭരണഘടനാ സ്നേഹികളായി ചുറ്റിത്തിരിയുന്നവരുടെയും ഭരണഘടനയുടെ കോപ്പികള്‍ വീശിയെറിയുന്നവരുടെയും പൂര്‍വികര്‍ മുമ്പ് ഭരണഘടനയുടെ അടിസ്ഥാന ആത്മാവിനെ കൊന്നൊടുക്കിയവരാണ്,’ എന്നും മന്ത്രി എക്സില്‍ കുറിച്ചു.

അതേസമയം മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നാണ് എന്‍.സി.ഇ.ആര്‍.ടി ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയത്. ആറാം ക്ലാസിലെ പഴയ ഹിന്ദി പാഠപുസ്തകമായ ദുര്‍വ, ഇംഗ്ലീഷ് പുസ്തകമായ ഹണി സക്കിള്‍, സയന്‍സ് പാഠപുസ്തകം, മൂന്ന് ഇ.വി.എസ് പുസ്തകങ്ങള്‍ (നമ്മുടെ ഭൂതകാലങ്ങള്‍-I, സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം, ഞാനും ഭൂമിയും നമ്മുടെ ആവാസകേന്ദ്രവും) എന്നിവയുടെ ആദ്യ പേജുകളിലാണ് ഭരണഘടനയുടെ ആമുഖം അച്ചടിച്ചിരുന്നത്.

എന്നാല്‍ പുതിയ പാഠപുസ്തകങ്ങളില്‍ സയന്‍സ് പുസ്തകമായ ക്യൂരിയോസിറ്റിയിലും ഹിന്ദി പുസ്തകമായ മല്‍ഹറിലും മാത്രമാണ് ആമുഖം അച്ചടിച്ചിട്ടുള്ളത്. പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങള്‍ക്ക് പകരമായി അവതരിപ്പിച്ച പാഠപുസ്തകത്തിലും ആമുഖം നല്‍കിയിട്ടില്ല. ‘എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്റ് ബിയോണ്ട്’ എന്ന പുസ്തകത്തില്‍ മൗലികാവകാശങ്ങളും മൗലിക കടമകളും മാത്രമാണ് ഉള്ളത്.

ഇംഗ്ലീഷ്, സംസ്‌കൃതം പാഠപുസ്തകങ്ങളായ പൂര്‍വിയിലും ദീപകത്തിലും ദേശീയ ഗാനം മാത്രമാണ് നല്‍കിയിട്ടുള്ളത്. മുമ്പ് സംസ്‌കൃത പുസ്തകമായ രുചിരയിലും ആമുഖം നല്‍കിയിരുന്നില്ല. ഇതിനുപുറമെ മൂന്നാം ക്ലാസിലെ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, ഇ.വി.എസിന് പകരം അവതരിപ്പിച്ച പുതിയ പുസ്തകം ഉള്‍പ്പെടയുള്ളവയില്‍ ആമുഖം അച്ചടിച്ചിട്ടില്ല. എന്നാല്‍ പഴയ ഇ.വി.എസ് പുസ്തകത്തിലും ഹിന്ദി പാഠപുസ്തകമായ റിംജിം 3ലും ആമുഖം നല്‍കിയിരുന്നു.

Content Highlight: Union Education Minister Dharmendra Pradhan Explains NCERT’s Removal of Preamble to Constitution from Textbooks

Latest Stories

We use cookies to give you the best possible experience. Learn more