| Wednesday, 17th April 2024, 3:07 pm

'ശ്രീരാമന്‍ ഭഗവാന്‍ മാത്രമല്ല സാംസ്‌കാരിക നായകന്‍ കൂടിയാണ്'; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാജ്നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: രാമന്‍ ഭഗവാന്‍ മാത്രമല്ല സാംസ്‌കാരിക നായകന്‍ കൂടിയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കോണ്‍ഗ്രസും സി.പി.ഐ.എമ്മും അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രതിരോധ മന്ത്രി യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു മുന്നണികളും അയോധ്യയില്‍ രാമക്ഷേത്രം പണിതതിനെ എതിര്‍ത്തുവെന്നും ശ്രീരാമനെ എതിര്‍ത്തവര്‍ ഇല്ലാതാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യം രാമ രാജ്യത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുന്നുവെന്നും മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ ടെന്റില്‍ നിന്ന് രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റി ഇന്ത്യയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പ്രചരണത്തിനിടയില്‍ വാദമുയര്‍ത്തി.

കേരളത്തിലെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ആത്മാര്‍ത്ഥത ഇല്ലാത്തവരാണെന്നും ഇവരുവരും തമ്മില്‍ പരസ്പരം തല്ലുകൂടുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. ഇരുവരും ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കും. എന്നാല്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഇതിന് അനുവദിക്കുന്നില്ലെന്നും മന്ത്രി കാസര്‍കോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ആശയങ്ങള്‍ കൊണ്ട് നടക്കുകയാണെന്നും സി.പി.ഐ.എമ്മിന്റെ ആശയങ്ങള്‍ക്ക് വംശനാശം സംഭവിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തെ പ്രതിരോധ രംഗത്തെ തകര്‍ക്കുന്നതാണ് സി.പി.ഐ.എമ്മിന്റെ പ്രകടന പത്രികയെന്നും രാജ്നാഥ് സിങ് ആരോപിച്ചു.

Content Highlight: Union Defense Minister Rajnath Singh said that Ram is not only a Lord, he is an cultural hero

We use cookies to give you the best possible experience. Learn more