ന്യൂദൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ മറികടന്ന് കേന്ദ്ര കൽക്കരി മന്ത്രാലയം രാജ്യത്തെ നിബിഢ വനങ്ങൾ ഖനനത്തിനായി സ്വകാര്യ പവർ കമ്പനികൾക്ക് തുറന്നുകൊടുത്ത വിവരങ്ങൾ പുറത്തുവിട്ട് ദി റിപ്പോർട്ടേഴ്‌സ് കളക്റ്റീവ്.
രാജ്യത്തെ ‘കൽക്കരി ക്ഷാമം’ പരിഹരിക്കുന്നതിനായി ഇന്ത്യയിലെ പ്രധാന നിബിഢ വനങ്ങളിലെ രണ്ട് കൽക്കരി ബ്ലോക്കുകൾ ലേലത്തിനായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് 2021 നവംബറിൽ അസോസിയേഷൻ ഓഫ് പവർ പ്രൊഡ്യൂസേഴ്സ് കൽക്കരി മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
ലോബിയിങ് നേട്ടമുണ്ടാക്കിയത് അസോസിയേഷനിലെ അംഗങ്ങളിലൊരാളായ അദാനി ഗ്രൂപ്പിനാണെന്ന് റിപ്പോർട്ടേഴ്സ് കളക്റ്റീവിലെ ശ്രീഗിരീഷ് ജലിഹാൽ പറയുന്നു.
അസോസിയേഷൻ ആവശ്യപ്പെട്ട രണ്ട് ബ്ലോക്കുകളിലൊന്ന് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലെ സിങ്റോളി കൽക്കരി പാടങ്ങളിലാണ്. 2022 മാർച്ചിൽ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ താപവൈദ്യുത നിലയവും ഇതിന് സമീപമാണുള്ളത്.
ഛത്തീസ്ഗഡിലെ പ്രിസ്റ്റീൻ ഹസ്ദിയോ അറാൻഡ് വനങ്ങളിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ബ്ലോക്ക് അദാനി ഗ്രൂപ്പ് ഖനനം ചെയ്യുന്ന ബ്ലോക്കുകൾക്ക് സമീപമാണുള്ളത്.
‘രണ്ട് ബ്ലോക്കുകൾ തുറന്നുതരണമെന്ന ആവശ്യം അംഗീകരിക്കുന്നതിന് പുറമേ, സംരക്ഷിക്കപ്പെടേണ്ട ഉയർന്ന ജൈവവൈവിധ്യ മേഖലയിൽ ഉൾപ്പെടുന്ന 15 കൽക്കരി ബ്ലോക്കുകളിൽ ഖനനത്തിന് അനുമതി നൽകരുതെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം പുനപരിശോധിക്കണമെന്നും കൽക്കരി മന്ത്രാലയം ആവശ്യപ്പെട്ടു.
നിലവിൽ ഖനനത്തിന് അനുമതി നൽകിയ രണ്ട് ബ്ലോക്കുകളിൽ ഒന്ന് ഇതിൽ ഉൾപ്പെടുന്നുണ്ട്.
വനത്തിന് നാശം സംഭവിക്കാതെ 15 ബ്ലോക്കുകളും ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുവാൻ രാജ്യത്തെ സെൻട്രൽ മൈൻ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് (സി.എം.പി.ഡി.ഐ) കൽക്കരി മന്ത്രാലയം ചുമതല നൽകി.
കൽക്കരി ബ്ലോക്കുകൾ നിബിഢ വനങ്ങളിൽപെടുന്നതിനാൽ ഖനനത്തിനായി തുറന്നുകൊടുക്കാൻ പറ്റില്ല എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് മന്ത്രാലയത്തെ അറിയിച്ചത്,’ ദി വയറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ശ്രീഗിരീഷ് ജലിഹാൽ പറയുന്നു.
അതേസമയം, കൽക്കരി മന്ത്രാലയം അതിന്റെ കീഴിൽ തന്നെയുള്ള സി.എം.പി.ഡി.ഐയുടെ ശാസ്ത്രീയ ഉപദേശം തള്ളിയെന്നും ആരോപണമുണ്ട്.
Content Highlight: How the Union Coal Ministry Made Dense Forests Available for Mining, Benefitting Adani Group