| Monday, 7th February 2022, 8:35 am

സംസ്ഥാനത്ത് വികസനം വേണമെങ്കില്‍ ആദ്യം നിങ്ങള്‍ ഫയലുകള്‍ നീക്കണം; വിമാനത്താവള നിര്‍മാണത്തിന് വേണ്ട ഭൂമി പോലും തരുന്നില്ല; മമത സര്‍ക്കാരിനെതിരെ സിന്ധ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും നിറവേറ്റിയിട്ടുണ്ടെന്നും വ്യോമയാനവകുപ്പ് മന്ത്രിയായ സിന്ധ്യ പറഞ്ഞു.

ഭാവി കാര്യങ്ങളെ മുന്‍നിര്‍ത്തിയല്ല കഴിഞ്ഞ കാലത്ത് നേട്ടങ്ങളായിട്ടുള്ള റെക്കോര്‍ഡുകളെ മുന്‍നിര്‍ത്തിയാണ് സംസാരിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.

”ഞങ്ങള്‍ ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് പറയുക മാത്രമല്ല, റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ഞങ്ങളെത്തന്നെ തെളിയിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

നാല് കോടി ജലകണക്ഷനുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അത് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ പറയുന്നത് ചെയ്യുന്നവരാണെന്ന് ഞങ്ങള്‍ തെളിയിച്ചിരിക്കുകയാണ്,” കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സിന്ധ്യ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായും സിന്ധ്യ സംസാരിച്ചു. വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് ബംഗാള്‍ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്നായിരുന്നു സിന്ധ്യയുടെ വിമര്‍ശനം. സംസ്ഥാനത്തിന് വികസനം ഉറപ്പുവരുത്തണമെങ്കില്‍ ഫയലുകള്‍ വേഗത്തില്‍ നീക്കണമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

”കൊല്‍ക്കത്തയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കണമെന്ന് കരുതുന്നു. നിലവിലുള്ള വിമാനത്താവളം അതിന്റെ മാക്‌സിമം കപാസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നത്.

വിമാനത്താവളത്തിന് വേണ്ട ഭൂമിയുടെ കാര്യത്തിനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നു. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ ഒരു ഉറച്ച തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല,” വ്യേമയാന മന്ത്രി പറഞ്ഞു.


Content Highlight: Union Civil Aviation Minister Jyotiraditya Scindia criticises West Bengal CM Mamata Banerjee

We use cookies to give you the best possible experience. Learn more