| Friday, 1st November 2019, 12:16 pm

ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണന്‍ മേനോനും തമ്മിലുള്ളത് വ്യക്തിപരമായ വിഷയം, ജാതിപ്രശ്‌നം തോന്നിയിട്ടില്ലെന്നും യൂണിയന്‍ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബിനീഷ് ബാസ്റ്റിനെതിരായ സംഭവത്തില്‍ ജാതിപ്രശ്‌നം തോന്നിയിട്ടില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍. സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും ബിനീഷുമായുള്ള വ്യക്തിപരമായ വിഷയമായാണ് അതു തോന്നിയതെന്നും ചെയര്‍മാനും എസ്.എഫ്.ഐ നേതാവുമായ വൈഷ്ണവ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘ജാതിപ്രശ്‌നം ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സംഭവം വന്നിട്ടേയുണ്ടായിരുന്നില്ല. അയാള്‍ ഡയറക്ട് നമ്മളോടു പറഞ്ഞത്, എന്നോട് ചാന്‍സ് ചോദിച്ചു നടന്ന ആളാണ്, അതുകൊണ്ട് അങ്ങനെയൊരാളുടെ കൂടെയിരിക്കാന്‍ പറ്റില്ല എന്നാണ്.

അപ്പോള്‍ അതില്‍ ഈഗോ, അല്ലെങ്കില്‍ ഒരേ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവര്‍ തമ്മിലുള്ള ഇഷ്യൂസ് എന്നുള്ളതേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും വരണം, രണ്ട് പ്രോഗ്രാമും നടക്കണം എന്നുള്ള രീതിയിലാണു ഞങ്ങള്‍ നിന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അല്ലാതെ ജാതിപരമായി അധിക്ഷേപിച്ചതിനു ഞങ്ങള്‍ കൂട്ടുനില്‍ക്കുകയല്ല ചെയ്തത്. അങ്ങനെയൊരു വിഷയമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ സ്റ്റേജില്‍ പോലും കയറ്റില്ലായിരുന്നു. പേഴ്‌സണല്‍ ഇഷ്യു എന്നുള്ള രീതിയിലാണു സംസാരിച്ചത്.’- വൈഷ്ണവ് പറഞ്ഞു.

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ മാപ്പ് പറഞ്ഞിരുന്നു. താന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നവെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു പരിപാടി.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയത്. കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നും ബിനീഷിനോട് പറയുകയായിരുന്നു.

എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബിനീഷ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തുകയും നിലത്തിരുന്ന് പ്രതിഷേധിക്കുകയും തനിക്കുണ്ടായ വിഷമം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച ശേഷം മടങ്ങുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more