ന്യൂദല്‍ഹി: മുത്തലാഖ് നിരോധനത്തിന് പുതിയ ബില്‍ അവതരിപ്പിക്കാനൊരുങ്ങി രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിന് പകരമായിട്ടായിരിക്കും പുതിയ ബില്‍ അവതരിപ്പിക്കുക. പാര്‍ലമന്റെിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്ലിന്റെ അവതരണമുണ്ടാകുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. നേരത്തെ ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പാസയില്ല.
മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ഒന്നാം എന്‍.ഡി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ എതിര്‍ത്ത് ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കുകയും മുത്തലാഖില്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
മുത്തലാഖ് നിരോധന ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അംഗീകരിക്കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യനിലപാട്. എന്നാല്‍ ബില്ല് അനാവശ്യമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തുകയാണ്.
2017 ആഗസ്തിലായിരുന്നു സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിധി. വിഷയത്തില്‍ സര്‍ക്കാര്‍ ആറു മാസത്തിനുളളില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാരേജ്) ബില്‍ രൂപീകരിച്ചത്.
വാക്കാലോ രേഖാമൂലമോ, ഇ-മെയില്‍, എസ്.എം.എസ്, വാട്‌സാപ് തുടങ്ങിയ സന്ദേശസംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്ന് ബില്‍ വ്യക്തമാക്കുന്നു. ബില്ലിലെ വ്യവസ്ഥയനുസരിച്ച്, ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവിതച്ചെലവ് ഉറപ്പാക്കാന്‍ ഭര്‍ത്താവിനോടു നിര്‍ദേശിക്കാന്‍ മജിസ്‌ട്രേട്ടിന് അധികാരമുണ്ടാവും.
വീടൊഴിയാന്‍ ഭാര്യയോടു ഭര്‍ത്താവ് ആവശ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്തുള്ളതാണ് ഈ വ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യയ്ക്ക് കോടതിയോട് ആവശ്യപ്പെടാനും നിയമം വഴി കഴിയും.