| Tuesday, 23rd July 2019, 12:14 pm

5 ട്രില്യണ്‍ എക്കണോമിക്ക് പിന്നിലെ വസ്തുതകള്‍

സാബു കെ.ടി

17/07/2019 ന് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം17/07/2019 ന് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

‘ഇന്ത്യന്‍ സമ്പദ്ഘടന കഴിഞ്ഞ അഞ്ചു വര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഈ സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍  വൈവിധ്യമാര്‍ന്ന ഊടുവഴികളിലൂടെ ‘അരിച്ചിറങ്ങല്‍ പ്രക്രിയ’ (Trickle-down effect) വഴി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ വരെ ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാരിനു ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയുള്ള പ്രധാന ലക്ഷ്യം, അടുത്ത അഞ്ചു വര്‍ഷം കൊണ്ട്  ഇന്ത്യയെ  ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു എത്തുന്ന വിധം 5 ട്രില്യണ്‍ ഡോളര്‍ ഇക്കണോമിയായി വളര്‍ത്തുക എന്നതാണ്. ധനകമ്മി (Fiscal Deficit) കുറയ്ക്കുക എന്ന പ്രഖ്യാപിത നയം കാരണം, ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്നതിനുള്ള പ്രധാന ചാലക ശക്തി സര്‍ക്കാര്‍ ഇടപെടലുകളെയും നിക്ഷേപങ്ങളെയും  അപേക്ഷിച്ചു പ്രധാനമായും സ്വകാര്യ നിക്ഷേപമായിരിക്കും.’

ഈ വര്‍ഷത്തെ ‘സാമ്പത്തിക സര്‍വ്വേ’യുടെ (Economic Survey 2019 ) ആദ്യ അധ്യായത്തിന്റെ സംക്ഷിപ്തരൂപമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എല്ലാ വര്‍ഷവും കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പ് ധനമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കുന്ന ബജറ്റ് രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘സാമ്പത്തിക സര്‍വ്വേ’. ബജറ്റ്, സമ്പദ്ഘടനയുടെ ഒരു വര്‍ഷത്തെ പ്രതീക്ഷിത വരവ്-ചെലവ് കണക്കുകള്‍ ആണെങ്കില്‍ ‘സാമ്പത്തിക സര്‍വ്വേ’യുടെ ധര്‍മ്മം ഇതില്‍നിന്നും വ്യത്യസ്തമാണ്.

മുന്‍ വര്‍ഷങ്ങളില്‍ സമ്പത്തിക രംഗത്ത് വിവിധമേഖലകളില്‍ കൈവരിച്ച വളര്‍ച്ച, ആ മേഖലകളിലെ പരിമിതികള്‍, ബജറ്റില്‍ നിന്നും പരിഷ്‌കരിച്ച വരവ്-ചെലവ് കണക്കുകള്‍, വിവിധ പദ്ധതികളുടെ പ്രവര്‍ത്തനനിലവാരം തുടങ്ങിയവയെല്ലാം വസ്തുനിഷ്ഠ കണക്കുകളുടെ പിന്‍ബലത്തോടെ വിലയിരുത്തുകയും ഒപ്പം  നിലവിലെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഉതകുന്ന ആശയങ്ങള്‍ അടുത്ത ബജറ്റിലേക്കു നിര്‍ദേശിക്കുക ചെയ്യുന്ന മാര്‍ഗ്ഗരേഖയാണ് ‘സാമ്പത്തിക സര്‍വ്വേ’. അതുകൊണ്ടു തന്നെ മുന്‍ബജറ്റുകളില്‍ വിവിധമേഖലകളിലെ വരവ്-ചെലവ് കണക്കുകളുടെ യഥാര്‍ത്ഥ നില അറിയുവാനും, ബജറ്റുകളിലെ  ജനപ്രിയ പ്രഖ്യാപനങ്ങളുടെ യഥാര്‍ത്ഥ വിലയിരുത്തല്‍ സാധ്യമാക്കാനും ‘സാമ്പത്തിക സര്‍വ്വേ’ ആണ് പ്രധാന ആശ്രയം.

ഇത്തവണത്തെ ‘സാമ്പത്തിക സര്‍വേ’യിലെയും ബജറ്റിലെയും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിട്ടാണ് ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ ഇക്കണോമിയായി വളര്‍ത്തും എന്നുള്ള പ്രഖ്യാപനം. ഇതേ തുടര്‍ന്ന് ബജറ്റുചര്‍ച്ചകളിലെ ഒരു പ്രധാന വിഷയം 5 ട്രില്യണ്‍ ഡോളര്‍ ഇക്കണോമിക്ക് ആവശ്യമായ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യതകളെക്കുറിച്ചു മാത്രമായി മാറി. എന്നാല്‍ ഒരു പ്രധാന വസ്തുത എന്തെന്നാല്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലവിലുള്ള വളര്‍ച്ചയുടെ പ്രവണതകളും സാധ്യതകളും നിലനിര്‍ത്തി, സര്‍ക്കാര്‍ നിക്ഷേപ സാദ്ധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തിയാല്‍ തന്നെ 6 വര്‍ഷം കൊണ്ടു (ശരാശരി 7% ജി.ഡി.പി. വളര്‍ച്ച) സ്വാഭാവികമായി  5 ട്രില്യണ്‍ ഇക്കണോമിയായി  വളരും എന്നത് സംഭവ്യമാണ് എന്നുള്ളതാണ്.

അതുകൊണ്ടുതന്നെ, ഈ അവസരത്തില്‍  ഇതുമായി ബന്ധപ്പെട്ട കൂടുതലായി  ചര്‍ച്ചചെയ്യപ്പെടാത്ത മറ്റു ചില വസ്തുതകളാണ് ഇവിടെ  വിശകലനം ചെയ്യുന്നത്. 5 ട്രില്യണ്‍ എന്ന സംഖ്യയുടെ അമ്പരപ്പിലേക്കും അതിന്റെ പകിട്ടുകളിലേക്കുമൊക്കെ വ്യാപകമായ പൊതു ശ്രദ്ധ ഉണ്ടാകുമ്പോള്‍ ഇത്തരം സൂചകങ്ങളുടെയും  സംഖ്യകളുടെയും പരിമിതികളും പോരായ്മകളും ചര്‍ച്ചയ്ക്കു എടുക്കുക എന്നതാണ് ഇവിടെ  ഉദേശിക്കുന്നത്. ഇതോടൊപ്പം  സാമൂഹികവും സാമ്പത്തികവുമായ മാനവ വികസന സൂചകങ്ങളില്‍ ഇന്ത്യ എത്രമാത്രം നേട്ടം കൈവരിച്ചിട്ടുണ്ടെന്നും പരിശോധിക്കുന്നു.

ജീവിത നിലവാര സൂചികകളുടെ പരിമിതികള്‍

വിസ്തൃതികൊണ്ടും ജനസംഖ്യകൊണ്ടും മുന്‍പന്തിയില്‍  നില്‍ക്കുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (Gross Domestic Product) അഥവാ ജി.ഡി.പി. വേള്‍ഡ് ബാങ്കിന്റെ കണക്കുപ്രകാരം 2.72 ട്രില്യണ്‍ ഡോളര്‍ ആണ്. അടുത്ത അഞ്ചു വര്‍ഷം  കൊണ്ട് 5 ട്രില്യണ്‍ ഡോളര്‍ ആയി ജി.ഡി.പി. വര്‍ദ്ധിക്കും എന്ന് പറയുമ്പോള്‍, ഇന്ത്യയുടെ സമ്പത്തിന്റെ വലിപ്പം (Size of the Economy) മാത്രമാണ് വര്‍ദ്ധിക്കുന്നത്.  ഇവിടെ നിലവിലുള്ള  പരിമിതമായ  ആളോഹരി സമ്പന്നത (Richness) വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നില്ല. ഈ വസ്തുത   തിരിച്ചറിയണമെങ്കില്‍ ജി.ഡി.പി. പോലുള്ള ജീവിത നിലവാര സൂചികകളുടെ പരിമിതികള്‍ നാം പരിശോധിക്കേണ്ടതുണ്ട്.

ഒരു രാജ്യത്തു ഒരു വര്‍ഷക്കാലയളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന  അന്തിമ സാധന-സേവനങ്ങളുടെ (Final Goods and Services)  ആകെ വിപണിമൂല്യമാണ്   ജി.ഡി.പി.(GDP) എന്ന സാമ്പത്തിക ഉത്പാദന സൂചക.  ജി.ഡി.പി. എന്ന ജീവിത നിലവര  സൂചിക രാജ്യത്തിന്റെ മൊത്ത വരുമാനമായും (Gross National Income), മൊത്ത ചിലവായും കണക്കാക്കാവുന്നതാണ്. എന്നാല്‍  മൊത്ത മൂല്യങ്ങള്‍ (Gross measures) എല്ലാംതന്നെ ഒരു രാജ്യത്തിന്റെ സമ്പന്നതയെപ്പറ്റിയുള്ള അപൂര്‍ണമായ ചിത്രമേ കാണിക്കുന്നുള്ളൂ.

രാജ്യത്തിന്റെ ജനസംഖ്യ, ജനങ്ങള്‍ക്കിടയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വിതരണം (Distribution of wealth) എത്രമാത്രം നീതിയുക്തമാണ്  എന്നിവകൂടി പരിഗണിച്ചാല്‍ മാത്രമേ ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ സമഗ്രചിത്രം മനസിലാക്കാന്‍ കഴിയുകയുള്ളൂ.
യു.എന്‍. പോപുലേഷന്‍ ഡിവിഷന്റെ (UN Population Division) 2018ലെ നിര്‍ണയം അനുസരിച്ച് ചൈനയുടെ തൊട്ടുപുറകിലായി രണ്ടാം സ്ഥാനത്തായി നില്‍ക്കുന്ന ഇന്ത്യയുടെ ജനസംഖ്യ 135.2 കോടിയാണ്. ലോകത്തിലെ ആറുപേരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍ ആണ്.

ലോകത്തെ എല്ലാ വികസിത രാജ്യങ്ങളുടെയും ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ഉള്‍കൊള്ളുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാല്‍  ഇന്ത്യയിലെ  135.2 കോടി ജനങ്ങളുടെയും ജീവിതം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തേണ്ടതു  വികസിത രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കുറഞ്ഞ ജി.ഡി.പി.യായ 2.72 ട്രില്ല്യന്‍ ഡോളര്‍ ഉപയോഗപ്പെടുത്തിയാണ്.

ഇന്ത്യയുടെ ജി.ഡി.പി. എത്രമാത്രം പരിമിതമാണ് എന്ന കാര്യം കൂടുതല്‍ മനസിലാക്കാവുക മറ്റു രാജ്യങ്ങളുടെ ജി.ഡി.പി.യുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ്. അമേരിക്കയെക്കാള്‍ നാലിരട്ടി ജനസംഖ്യയുള്ള ഇന്ത്യയുടെ ജി.ഡി.പി. അമേരിക്കയെ അപേക്ഷിച്ചു 8ല്‍ ഒരു ഭാഗം മാത്രമാണ്. അതുപോലെ 12 കോടി ജനങ്ങളെ മാത്രം ഉള്‍കൊള്ളുന്ന കൊച്ചുരാജ്യമായ ജപ്പാന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 4.9 ട്രില്യണ്‍ ഡോളറാണ്.

ലോക ജനസംഖ്യയുടെ 17.8% ഇന്ത്യക്കാരാണെന്നും ലോകത്തെ ആകെ സമ്പത്തിന്റെ 3.1% ശതമാനം മാത്രമാണ് ഇന്ത്യയുടെ ജി.ഡി.പി.എന്നും ഈ അവസരത്തില്‍ തിരിച്ചറിഞ്ഞാല്‍  5 ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയുടെ യഥാര്‍ത്ഥ മൂല്യം നമ്മുക്ക് ഊഹിക്കാവുന്നതാണ്. നല്‍കിയിട്ടുള്ള പട്ടികയില്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്.

ഇന്ത്യയുടെ പരിമിതമായ ആളോഹരി വരുമാനം

ജീവിത നിലവാര സൂചിക എന്ന നിലയില്‍ ജി.ഡി.പി.യുടെ,  മുകളില്‍ ചര്‍ച്ച ചെയ്ത രീതിയില്‍ ഉള്ള പരിമിതികള്‍  പരിഹരിക്കുവാനാണ്  ആളോഹരി വരുമാനം (GDP Per Capita) എന്ന സൂചിക ഉപയോഗപ്പെടുത്തുന്നത്. ജി.ഡി.പി.യെ ജനസംഖ്യയുമായി പരിഗണിച്ചു കൊണ്ടാണ് ആളോഹരി വരുമാനം എന്ന  ശരാശരി  കണക്കാക്കുന്നത്.

ഈ തരത്തില്‍   കണക്കാക്കുകയാണെങ്കില്‍ നിലവിലുള്ള ജി.ഡി.പി.യായ 2.7 ട്രില്യണ്‍ ഡോളര്‍, 135.2 കോടി ജനങ്ങള്‍ക്കു,  തുല്യമായി വിതരണം ചെയ്താല്‍ ലഭ്യമാകുന്ന 2,015 ഡോളര്‍  മാത്രമാണ് ഇന്ത്യയുടെ ആളോഹരി വരുമാനം. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെതു ആളോഹരി വരുമാനം യഥാക്രമം 62,641ഡോളറും 39,287 ഡോളറും ആണ് എന്നതും മാനവ വികസന സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന നോര്‍വെ, സ്വിറ്റസര്‍ലാന്‍ഡ് പോലുള്ള രാജ്യങ്ങളുടെ ആളോഹരി വരുമാനം 80,000 ഡോളറിനു മുകളില്‍ ആണെന്നും ഈ അവസരത്തില്‍ നാം ഓര്‍ക്കണം

അതോടൊപ്പം, നൈജീരിയ, ഘാന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം ഇന്ത്യയേക്കാള്‍ ആളോഹരി വരുമാനം കൂടിയ രാജ്യങ്ങള്‍ ആണെന്നും അറിയുക. മറ്റൊരു കാര്യം, ജി.ഡി.പി.വര്‍ദ്ധിക്കുന്നു എന്നതുകൊണ്ട് മാത്രം ആളോഹരി അതേ നിരക്കില്‍ വര്‍ദ്ധിക്കണം എന്നില്ല. അടുത്ത അഞ്ചുവര്‍ഷം  ഇന്ത്യയുടെ  ജനസംഖ്യയും വര്‍ദ്ധിക്കും എന്നതുകൊണ്ടുതന്നെ ആളോഹരി വരുമാനത്തില്‍ വലിയ മാറ്റം ഉണ്ടാകണം എന്നില്ല എന്നതും ഈ അവസരത്തില്‍ ഓര്‍ക്കണം.

മൊത്ത സൂചിക എന്ന നിലയില്‍ ജി.ഡി.പി.യും ശരാശരി സൂചിക എന്നനിലയില്‍ ആളോഹരി വരുമാനവും  രാജ്യത്തിലെ പൗരന്റെ ജീവിത നിലവാരത്തിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കാന്‍ പര്യാപ്തമല്ല എന്നതാണ് മറ്റൊരു സത്യം. ജനങ്ങള്‍ക്കിടയില്‍ സമ്പത്തിന്റെ തുല്യമായ വിതരണം എത്രമാത്രം ഉണ്ടെന്നു വിവരം ഈ സൂചികകളില്‍ നിന്നും നമുക്ക് ലഭ്യമാകുകയില്ല. ഇന്ത്യയുടെ ജി.ഡി.പി.  അളന്നുതിട്ടപ്പെടുത്തിയ വേള്‍ഡ് ബാങ്ക് തന്നെ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ കുറിച്ചുപറയുന്നതു ജനസംഖ്യുടെ 21 .9 ശതമാനം ദാരിദ്യ്രരേഖയ്ക്ക്  (Poverty headcount ratio at national poverty lines) താഴെയാണെന്നാണ്.

സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 20% ജനങ്ങള്‍ക്ക് ഇന്ത്യയുടെ മൊത്തവരുമാനത്തിന്റെ 8.1% മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നും 2011ലേ കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ അസമത്വങ്ങളെ കുറിച്ചുള്ള തോമസ് പിക്കെറ്റി(Thomas Piketty)യുടെ പഠനം കണ്ടെത്തിയിട്ടുള്ളത്, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 1% ആളുകള്‍ കൈയടക്കി വെച്ചിട്ടുള്ളത് ആകെ സമ്പത്തിന്റെ 22%ആണ് എന്നതാണ്. സ്വാഭാവികമായും 5 ട്രില്യണ്‍ ഡോളര്‍ ഇക്കണോമിയുടെ വലിയ ഭാഗം ഗുണഭോഗതാകള്‍ ഈ ചെറുവിഭാഗമായ സമ്പന്നര്‍ തന്നെയായിരിക്കും.

മാനവ വികസന സൂചികകള്‍ നല്‍കുന്ന ചിത്രം

കേവലം സാമ്പത്തികമായ വളര്‍ച്ചകൊണ്ട് മാത്രം സമഗ്രമായ വികസനം (Development) സാധ്യമല്ല എന്നുള്ളതാണ് ലോകത്താകമാനം ഉള്ള അനുഭവം. സാമൂഹികമായ ഉന്നതിയെ  ജി.ഡി.പി., ആളോഹരി വരുമാനം തുടങ്ങിയ സാമ്പത്തിക സൂചികകളുടെ സഹായത്താല്‍ തിട്ടപ്പെടുത്താന്‍ കഴിയില്ല. ഇത്തരം  പരിമിതികള്‍ മറികടക്കുവാന്‍ ആണ് സാമ്പത്തികവും സാമൂഹികവുമായ മാനങ്ങള്‍ ഉള്‍കൊള്ളിച്ചു ‘മാനവിക വികസന സൂചിക’ (Human Development Index) യു.എന്‍.ഡി.പി. രൂപപ്പെടുത്തിയത്. ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ്  ‘മാനവ വികസന സൂചിക’ തിട്ടപ്പെടുത്തുന്നത്.

സാമ്പത്തിക സൂചികയായ ആളോഹരി വരുമാനത്തോടപ്പം, ആരോഗ്യമേഖലയിലെ ഗുണനിലവാരം കാണിക്കുന്ന ആയുര്‍ദൈര്‍ഘ്യവും വിദ്യാഭ്യാസമേഖലയിലെ പങ്കാളിത്തവും പരിഗണിച്ചുകൊണ്ടതാണ് സമഗ്രമായ ‘മാനവ വികസന സൂചിക’ ഓരോ കാലത്തും യു.എന്‍.ഡി.പി. പ്രസിഡികരിക്കുന്നത്. കുറഞ്ഞ ആളോഹരിവരുമാനത്തോടപ്പം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ വികസനം പരിമിതമായതുകൊണ്ടുതന്നെ മാനവ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിറകില്‍ ആണ്.

2018ലേ മാനവ വികസന റിപ്പോര്‍ട്ട് പ്രകാരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി 3ആം സ്ഥാനത്തു കുതിക്കുന്ന  ഇന്ത്യയുടെ മാനവ സൂചിക (HDI Index)   ഇന്ത്യയുടെ 0.640 ആണ് എന്നും  മാനവ വികസന റാങ്കിങ്ങില്‍ ഇന്ത്യക്ക് 130 ആം സ്ഥാനവും ആണ് എന്ന് നാം ഓര്‍ക്കണം

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ 10 ന് താഴെ മാത്രവുമാണ്. കേവലം ജി.ഡി.പി. വളര്‍ച്ചകൊണ്ട് മാത്രം മാനവ വികസനം നേടിയെടുക്കാന്‍ സാധ്യമല്ല എന്നും ഇതു കാണിക്കുന്നുണ്ട്.ഈ തരത്തില്‍ വസ്തുതകള്‍ പരിശോദിക്കുമ്പോള്‍, അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജി.ഡി.പി. 5 ട്രില്യണ്‍ ഡോളര്‍ ആയി വളര്‍ന്നാല്‍ അത് കാണിക്കുന്നത് ഇക്കണോമിയുടെ വലുപ്പം മാത്രമാണ് മാറുന്നത് എന്നാണ്. സാമ്പത്തികമായോ സാമൂഹികമായോ വലിയ സമ്പന്നമായ രാജ്യമായി ഇന്ത്യ വളര്‍ന്നു എന്ന് ഇതിനു അര്‍ത്ഥമില്ല.

5 ട്രില്യണ്‍ ഡോളര്‍ എക്കണോമി 5 വര്‍ഷംകൊണ്ട്  സാധ്യമോ?

വിലക്കയറ്റം പരിഗണിക്കാതെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, അടുത്ത അഞ്ചുവര്‍ഷം കൊണ്ടുതന്നെ 5 ട്രില്യണ്‍ ഡോളര്‍ ജി.ഡി.പി.യായി ഇന്ത്യ വളരണമെങ്കില്‍ നോമിനല്‍ ജി.ഡി.പി (Nominal GDP) ശരാശരി 12 ശതമാനത്തിനു മുകളില്‍ ഓരോ വര്‍ഷവും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്.  ‘സാമ്പത്തിക സര്‍വേ’യുടെ അനുമാനപ്രകാരം വിലക്കയറ്റം 4 ശതമാനത്തില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ശരാശരി 8 ശതമാനം റിയല്‍ ജി.ഡി.പി (Real GDP) വളര്‍ച്ചയിലൂടെ 2024-25 വര്‍ഷക്കാലയളവില്‍ ഈ ലക്ഷ്യം കൈവരിക്കാം എന്നതാണ്.

കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെയും നിക്ഷേപ രൂപീകരണത്തിന്റെയും അടിസ്ഥാന വിവരങ്ങളാണ് പട്ടിക-2ല്‍ നല്‍കിയിരിക്കുന്നത്.  2013-14 മുതല്‍ 2018-19 വരെയുള്ള  കാലഘട്ടത്തില്‍ ശരാശരി ജി.ഡി.പി. വളര്‍ച്ച 7.4 % മാത്രമാണ് എന്നത് നല്‍കിയ പട്ടികയില്‍ നിന്നും മനസിലാകാം

വികസനത്തിന്റെ പ്രധാന ചാലകശക്തികളായ സര്‍ക്കാര്‍ ചെലവ്, സ്വകാര്യ വിനിയോഗം, വിദേശ വാണിജ്യം, നിക്ഷേപം തുടങ്ങിയവയില്‍  വരും വര്‍ഷങ്ങളിലെ വളര്‍ച്ചയ്ക്കായി  ‘സാമ്പത്തിക സര്‍വ്വേ’ വലിയ രീതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് നിക്ഷേപ രൂപീകരണനത്തിലാണ്. എന്നാല്‍  മൊത്ത സ്ഥിര നിക്ഷേപ രൂപീകരണത്തിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനവും ആശാവഹമല്ല.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയിലെ പ്രധിസന്ധി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, തുടര്‍ച്ചയായി കുറഞ്ഞുവരുന്ന സര്‍ക്കാര്‍  ഇടപെടല്‍ തുടങ്ങിയവയെല്ലാം തുടര്‍ന്ന് പോകുകയാണെങ്കില്‍ വരും  വര്‍ഷങ്ങളിലും സര്‍ക്കാര്‍ നിക്ഷേപങ്ങളെ പരിമിതപ്പെടുത്തി കൊണ്ടു 5 ട്രില്യണ്‍ ഡോളര്‍ ജി.ഡി.പി. 5 വര്‍ഷം കൊണ്ട്  നേടിയെടുക്കുക എന്നത് എളുപ്പമാവില്ല.

ഇത്തരത്തില്‍ വളര്‍ച്ച ലക്ഷ്യം വെക്കുമ്പോഴും അതിനു ആവശ്യമായ അളവിലുള്ള സര്‍ക്കാര്‍ നിക്ഷേപങ്ങളോ, പദ്ധതികളോ ബജറ്റില്‍ ഇല്ല എന്ന് മാത്രമല്ല, സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ കുറക്കുന്ന പ്രവണതയാണ് ഇത്തവണത്തെ ബജറ്റ് ലക്ഷ്യം വെക്കുന്നത്. വളര്‍ച്ചയ്ക്ക് ഏറ്റവും അവശ്യമായ സര്‍ക്കാര്‍ ചെലവ് പരിമിതപ്പെടുത്തികൊണ്ടു ധനകമ്മി 4.3 നിന്നും 3.3 ശതമാനമായി കുറച്ചുകൊണ്ടു വരാനാണ് ബജറ്റ് നിര്‍ദേശിക്കുന്നതു.

ഓരോ വര്‍ഷവും സര്‍ക്കാര്‍ ഇടപെടല്‍ കുറയുന്നു എന്നതിനുള്ള   ഉദാഹരണങ്ങളാകുന്നു, കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 1.5 ലക്ഷം കോടിയുടെ സര്‍ക്കാര്‍ ചെലവ് വെട്ടിച്ചുരുക്കിയതും വരുമാനത്തില്‍ 1.7ലക്ഷം കോടിയുടെ കുറവും. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ വരവ്-ചെലവും പരിഷ്‌കരിച്ച വരവ്-ചെലവ് കണക്കുകളും  തമ്മിലുള്ള അസാധാരണമായ വ്യത്യാസം ‘സാമ്പത്തിക സര്‍വ്വേ’യില്‍ ആദ്യമായി ചൂണ്ടിക്കാണിച്ചത് സാമ്പത്തിക വിദഗ്ധയും ജെ.എന്‍.യു. അധ്യാപികയുമായ് ജയന്തി ഘോഷ് ആണ്.

ഇങ്ങനെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരിമിതപ്പെടുത്തുമ്പോള്‍, സ്വാഭാവികമായും ജി.ഡി.പി. വര്‍ദ്ധനവിനു ആവശ്യമായ നിക്ഷേപം സ്വകാര്യമേഖലയില്‍ നിന്നാവും ലക്ഷ്യം വെക്കുന്നത്. ഇതു തന്നെയാണ് സാമ്പത്തിക സര്‍വ്വേയും മുന്നൊട്ടുവെക്കുന്നത്. ഇതിന്റെ പരിണിതഫലം, (സര്‍ക്കാര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറക്കുന്നത് വഴി) സമ്പത്തിന്റെ വിതരണം പരിമിതപ്പെടുകയും 5 ട്രില്യണ്‍  ഡോളര്‍ ഇക്കണോമിയുടെ നേട്ടം കൂടുതലും ചെറിയവിഭാഗം സമ്പന്നരിലേക്ക് പരിമിതപ്പെടുകായും ചെയ്യും  എന്നുള്ളതാണ്.

സാമ്പത്തിക സര്‍വേയില്‍ ആദ്യപേജില്‍ തന്നെ അരിച്ചിറങ്ങല്‍ പ്രക്രിയയയെ (Trickle down effect) കുറിച്ച് സൂചിപ്പിച്ചതു നമ്മള്‍ തുടക്കത്തില്‍ കണ്ടു. ലളിതമായി പറയുകയാണെങ്കില്‍ , സമൂഹത്തില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വഴി അതിന്റെ ഗുണഫലങ്ങള്‍ കാലക്രമേണ സമൂഹത്തിന്റെ അടിത്തട്ടില്‍ അരിച്ചിറങ്ങപ്പെടും എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.  ബജറ്റിന് ശേഷം പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇന്ത്യയില്‍ അടുത്ത വര്‍ഷങ്ങളിലായി നിര്‍മിക്കപ്പെടുന്ന 5 ട്രില്യന്‍ ഡോളര്‍ കേക്കിന്റെ ചെറുതരികള്‍ക്കായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാത്തിരിക്കുകയെ വഴിയുള്ളൂ.

സാബു കെ.ടി.

(ഐ.ഐ.ടി. ബോംബേയില്‍  സാമ്പത്തിക ശാസ്ത്ര ഗവേഷകന്‍) 

സാബു കെ.ടി

We use cookies to give you the best possible experience. Learn more