| Saturday, 1st February 2020, 10:10 pm

യൂണിയന്‍ ബജറ്റ്; ഗള്‍ഫ് പ്രവാസികള്‍ക്ക് ഇരുട്ടടി; പ്രവാസികളും ഇനി ഇന്ത്യയില്‍ നികുതി അടയ്ക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടക്കാന്‍ 2020-21 കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്.

മറ്റ് രാജ്യങ്ങളില്‍ നികുതിയടക്കാന്‍ ബാധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേര്‍പ്പെടുത്താനാണ് നിര്‍ദേശം.

നികുതിയില്ലാത്ത രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ പോലുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക.

ഇതിനായി ആദായനികുതി നിയമങ്ങളില്‍ മാറ്റം വരുത്താനാണ് നിര്‍ദ്ദേശമെന്ന് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ താമസക്കാരനല്ലെങ്കിലും മറ്റൊരു രാജ്യത്തും നികുതി നല്‍കേണ്ടതില്ലാത്ത ഇന്ത്യക്കാരെ ഇന്ത്യയിലെ താമസക്കാരായി തന്നെ കണക്കാക്കുകയും ഇവര്‍ രാജ്യത്ത് നികുതി നല്‍കുകയും വേണമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”മിക്കപ്പോഴും പ്രവാസികളില്‍ ചിലര്‍ ലോകത്തിലെ ഒരു രാജ്യത്തും താമസിക്കുന്നവരല്ലെന്ന് കണാന്‍ കഴിഞ്ഞു. ഏതൊരു ഇന്ത്യന്‍ പൗരനും, ലോകത്തിലെ മറ്റേതൊരു രാജ്യത്തും നികുതിദായകനല്ലെങ്കില്‍, അവരെ ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കുകയും അവരുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുകയും ചെയ്യും” അജയ് പറഞ്ഞു.

അതേസമയംഒരു പൗരനെ പ്രവാസിയായി കണക്കാക്കാനുള്ള ദിവസ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ, 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ച ഒരു ഇന്ത്യന്‍ പൗരനെ പ്രവാസികളായി കണക്കാക്കുമായിരുന്നു. നിലവിലെ നിര്‍ദ്ദേശപ്രകാരം പ്രവാസി ആകുന്നതിന് 240 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരായിരിക്കണം. ഇതും പ്രവാസികള്‍ക്ക് ഇരുട്ടടിയാണ്.

ഇതിന് പുറമെ ഇന്ത്യന്‍ വംശജനായ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള കാലാവധി 182 ദിവസത്തില്‍ നിന്ന് 120 ദിവസമായി കുറയക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more