കേന്ദ്രബജറ്റ്: വായ്പാ പരിധി ഉയര്‍ത്തണം, പ്രളയസഹായം അനുവദിക്കണം... ആവശ്യങ്ങളുമായി കേരളം
Union Budget 2019
കേന്ദ്രബജറ്റ്: വായ്പാ പരിധി ഉയര്‍ത്തണം, പ്രളയസഹായം അനുവദിക്കണം... ആവശ്യങ്ങളുമായി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2019, 8:27 am

തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റവതരണത്തിന് രാജ്യമൊരുങ്ങുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും ധനമന്ത്രി തോമസ് ഐസക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയദുരിതത്തില്‍നിന്ന് കരകയറാന്‍ കേന്ദ്രബജറ്റില്‍ സഹായമുണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവും സംസ്ഥാനത്തെ സാമ്പത്തിക കുരുക്കിലാഴ്ത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജി.എസ്.ടി.യിലൂടെയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പവും അവസാനിച്ചിട്ടില്ല. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് എ.ഡി.ബി പോലുള്ള വിദേശ ഏജന്‍സിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

സംസ്ഥാനത്ത് അന്തരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം അനുവദിക്കണമെന്നാണ് കേരളം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. റബ്ബറിന്റെ വിലയിടിവ് നേരിടാന്‍ 200 രൂപ സബ്‌സിഡി അനുവദിക്കുക, ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചി വരെ നീട്ടുക, എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്.

പുതിയ റെയില്‍ പാതക്കും ജലഗതാഗതത്തിനും മലബാര്‍ ക്യാന്‍സര്‍ സെന്ററിനും പണമനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.