| Saturday, 6th July 2019, 6:12 pm

നിര്‍മ്മല സീതാരാമന്റെ സംഘകാല കണക്ക് പുസ്തകം

കെ. സഹദേവന്‍

നരേന്ദ്ര മോദിക്ക് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒരു കാര്യം മനസിലായി. അകത്ത് എന്തുണ്ട് എന്നത് ഇവിടെ വലിയ കാര്യമല്ല. പുറം മോടിയിലാണ് കാര്യം. അതാണ് മോദി(ടി)ണോമിക്സ് 2.0. നാല് പതിറ്റാണ്ടിന് ശേഷം ഒരു വനിത പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നു എന്നതാണ് ഒന്നാമത്തെ മോടി. വളരെ നല്ലത്. പട്ട് തുണിയില്‍ പൊതിഞ്ഞ സംഘകാല കണക്ക് പുസ്തകവുമായി (ബഹി ഖാത്ത) പിങ്ക് നിറമുള്ള സാരിയില്‍ അവര്‍ വന്നെത്തി. പുറനാനൂറില്‍ നിന്നും ബസവേശ്വരയുടെ വചനങ്ങളില്‍ നിന്നും ആവശ്യം പോലെ ഉദ്ധരിക്കപ്പെട്ടു. മാധ്യമ ശ്രദ്ധ ഉറപ്പായി. പാശ്ചാത്യ സ്യൂട്ട് കേസ് സംസ്‌കാരത്തെ പുറംകാലുകൊണ്ടു തട്ടിയെറിഞ്ഞു എന്ന് വിശകലന വിദഗ്ദ്ധന്മാര്‍ ഉടന്‍ വിലയിരുത്തല്‍ നടത്തി.

രണ്ടാമത്തെ മോടി, വലിയ കണക്കുകള്‍ അവതരിപ്പിക്കുക എന്നതാണ്. ജനങ്ങള്‍ക്ക് പെട്ടന്നൊന്നും കാര്യങ്ങള്‍ മനസിലാകരുത്. ഇതാ ഒരു ഉദാഹരണം. ഇന്ത്യന്‍ ഇക്കണോമിയുടെ വലുപ്പം അടുത്ത 5 കൊല്ലത്തിനുള്ളില്‍ 5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തും എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ ഇക്കണോമിയുടെ വലുപ്പം ഇപ്പോള്‍ 2.75 ട്രില്യണ്‍ ഡോളറാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അത് 3 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ 5ാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റും എന്നാണ് അവകാശവാദം.

കഴിഞ്ഞ 55 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആകാരം ഒട്ടും തന്നെ വര്‍ദ്ധിച്ചില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് മോദി സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ധനമന്ത്രി അവകാശപ്പെടുന്നു.

എന്നാല്‍ നിര്‍മ്മലാ സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ ഒരിക്കല്‍ പോലും പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു കാര്യം പ്രതിശീര്‍ഷ വരുമാനത്തെ സംബന്ധിച്ചാണ്. സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തെ സംബന്ധിച്ച് ഊറ്റം കൊള്ളുന്നവര്‍ ആ സമ്പദ് വ്യവസ്ഥ സാധാരണ പൗരന്റെ വരുമാനത്തില്‍ ഉണ്ടാക്കിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഊറ്റം കൊള്ളേണ്ടതുണ്ടല്ലോ. പക്ഷേ അക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.

കാരണം പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 142ാമത് മാത്രമാണ് (ഐഎംഎഫ് 2018). പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം എന്ന വസ്തുതയെ ട്രില്യണ്‍ ഡോളര്‍ കണക്കുകളുടെ മായാജാലത്തില്‍ കുരുക്കിയിടാനാണ് മോദിണോമിക്സിലൂടെ നിര്‍മ്മലാ സീതാരാമന്‍ ശ്രമിക്കുന്നത്.

രണ്ടാം മോദി സര്‍ക്കാര്‍ ഒന്നാമത്തേതില്‍ നിന്നും വ്യത്യസ്തമാകുന്നത് യാതൊരു വാഗ്ദ്ധാനങ്ങളും അത് നല്‍കുന്നില്ല എന്ന ഒറ്റ കാര്യത്തിലാണ് ഇ.വി.എം കയ്യിലുണ്ടെങ്കില്‍ വാഗ്ദാനമെന്തിന്?! വാഗ്ദാന ലംഘനമെന്തിന്? പത്രങ്ങള്‍ക്ക് തലക്കെട്ടിടാനായി ചില മുദ്രാവാക്യങ്ങള്‍ പഴയതുപോലെ നല്‍കിയിട്ടുണ്ട്. ‘നാരീ തൂ നാരായണി’, ‘ഹര്‍ ഘര്‍ ജല്‍’, ‘ഗാവ്, ഗരീബ്, ഖേത്’. ഇവയൊക്കെ എന്തെങ്കിലും പദ്ധതികളാണോ?

ബജറ്റില്‍ അവയ്ക്ക് തുക വല്ലതും മാറ്റി വെച്ചിട്ടുണ്ടോ? നിര്‍മ്മല സീതാരാമന് പോയിട്ട് ബസവേശ്വരയ്ക്ക് പോലും അറിയില്ല. പത്രക്കാര്‍ ഒട്ടു ചോദിക്കാനും പോകുന്നില്ല. സ്യൂട്ട് കേസ് മാറ്റി ചുവന്ന പട്ടില്‍ ബഡ്ജറ്റ് പേപ്പറുകള്‍ കൊണ്ടുവന്നതിനെ ആഘോഷിക്കുകയാണവര്‍. പാശ്ചാത്യ സംസ്‌കാരത്തെ തകര്‍ത്തു പോലും. ആ ചുവന്നപട്ടില്‍ പൊതിഞ്ഞു കൊണ്ടുവന്നത് പാശ്ചാത്യ ആയുധ കമ്പനികള്‍ക്കും ഇന്‍ഷ്വറന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ക്കും മറ്റുമുള്ള ഇഷ്ടദാനങ്ങളായിരുന്നുവെന്നതാണ് പരമമായ സത്യം.
നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തില്‍ പറയാതെ പോയ ചില യാഥാര്‍ത്ഥ്യങ്ങളെ ചെറുതായൊന്ന് പരിശോധിക്കാന്‍ നമുക്ക് ശ്രമിക്കാം.

കിട്ടാക്കടം

ബജറ്റ് പ്രസംഗത്തില്‍ ബാങ്കുകളുടെ കിട്ടാക്കടങ്ങളെ സംബന്ധിച്ച് ഒരു പരാമര്‍ശം കേട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കുകളുടെ കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു എന്നായിരുന്നു അത്. ഭരണപക്ഷ ബഞ്ചുകളില്‍ കയ്യടിയും ഉയരുന്നുണ്ടായിരുന്നു. ഇന്ത്യയുടെ കിട്ടാക്കടം എത്രയാണ് എന്ന് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അവയുടെ വളര്‍ച്ച എത്രയായിരുന്നു എന്നും അവര്‍ പറഞ്ഞില്ല. അതു കൂടി കേള്‍ക്കുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തതയുണ്ടാകൂ.

2013 കാലയളവില്‍ ഇന്ത്യയുടെ കിട്ടാക്കടം (Non Performing Asset NPA) 2 ലക്ഷം കോടിയായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അത് ഉയര്‍ന്ന് 10 ലക്ഷം കോടിയായി മാറി. ഈ അഭൂതപൂര്‍വ്വമായ കിട്ടാക്കട വളര്‍ച്ചയെ മറച്ചുവെച്ചാണ് 1 ലക്ഷം കോടി തിരിച്ചടവ് ഉണ്ടായെന്ന് അവകാശപ്പെടുന്നത്! തിരിച്ചടച്ചക്കപ്പെട്ട ഈ ഒരു ലക്ഷം കോടി രൂപയില്‍ ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ എത്ര അടച്ചു എന്ന ചോദ്യം ആരും ഉന്നയിക്കില്ല.

ചെറുകിട വ്യവസായികള്‍, കര്‍ഷകര്‍ എന്നിവരെ ജപ്തി ഭീഷണി നടത്തി പിരിച്ചെടുത്ത തുക എത്രവരുമെന്നും ആരും അറിയില്ല. വിജയ് മല്യമാര്‍ ഐപിഎല്‍ മാച്ചും ലോക കപ്പ് ഫുട്ബോളും കണ്ട് ഒരു രാജ്യത്തെ വെല്ലുവിളിച്ച് കഴിയുകയാണ് ഇപ്പോഴും.

ട്രില്യണ്‍ വളര്‍ച്ചയും ദേശീയ കടവും ധനമന്ത്രി പറയുന്ന തരത്തിലുള്ള 5 ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയിലേക്ക് ഉയരാനുള്ള ശേഷി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. വലിയ തുകകള്‍ സംബന്ധിച്ച കണക്കുകള്‍ ജനങ്ങള്‍ ഓര്‍ത്തുവെക്കില്ല എന്നതുകൊണ്ടുതന്നെ ധനമന്ത്രിമാര്‍ എക്കാലവും ഹാപ്പിയാണ്.

ഇവിടെ നിര്‍മ്മലാ സീതാരാമന്‍ ജനങ്ങളോട് പറയാത്ത ചില കണക്കുകളുണ്ട്. അത് ഇന്ത്യയുടെ ദേശീയ കടം സംബന്ധിച്ചാണ്. ഇന്ത്യയുടെ ദേശീയ കടം ഇപ്പോള്‍ 88 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് 50%ത്തിന്റെ വളര്‍ച്ചയാണ് ദേശീയകടത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചിരിക്കുന്നത് ഒരു രാജ്യത്തിന്റെ ദേശീയ കടം ഈ രീതിയില്‍ ഉയരുക എന്നു പറഞ്ഞാല്‍ അവയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം കടം തിരിച്ചടവിനായി വേണ്ടിവരും എന്നാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചൈനയുടെ വഴികളിലൂടെയല്ല ബ്രസീലിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധന്മാര്‍ അഭിപ്രായപ്പെട്ടിട്ട് ദിവസങ്ങള്‍ പോലും ആയില്ല എന്ന കാര്യം മറക്കരുത്.

അതേപോലെത്തന്നെ ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ സംഭവിക്കുന്ന വര്‍ദ്ധനവ്, വിദേശ നിക്ഷേപത്തില്‍ സംഭവിക്കുന്ന ഇടിവ് എന്നിവയൊന്നും തന്നെ 5 ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചാ കണക്കുമായി ബന്ധപ്പെടുത്തി പറയാതിരിക്കാന്‍ ധനമന്ത്രി വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് കാണാം.

തൊഴില്‍/തൊഴില്‍ രഹിത വളര്‍ച്ച

യുവജനങ്ങളെയും സ്ത്രീകളെയും പരിഗണിക്കുന്ന ബജറ്റ് എന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ബജറ്റിനെ സംബന്ധിച്ച വിലയിരുത്തല്‍. യുവജനങ്ങള്‍ക്ക് വേണ്ടത് തൊഴിലാണ്. എന്നാല്‍ തൊഴിലിനെ സംബന്ധിച്ച ഒരു പരാമര്‍ശവും ബജറ്റ് പ്രസംഗത്തിലില്ല. ഒന്നാം മോദി സര്‍ക്കാര്‍ 2 കോടി തൊഴിലുകളാണ് വാഗ്ദ്ധാനം ചെയ്തിരുന്നത്. അത് നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നത് വസ്തുതയാണ്. അതുകൊണ്ട് ഇത്തവണ വാഗ്ദ്ധാനവുമില്ല.

5 ലക്ഷം ഡോളറിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടേണ്ടതല്ലേ? ഇല്ല എന്ന കാര്യം അവര്‍ക്കറിയാം. കാരണം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്നത് തൊഴില്‍ രഹിത സാമ്പത്തിക വളര്‍ച്ചയാണ്. (Jobless Growth). കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലമായി തുടരുന്ന പ്രതിഭാസമാണ്. അത് അതിന്റെ പരകോടിയില്‍ എത്തിയിരിക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിലാണ്. ഇനിയും അത് അങ്ങിനെത്തന്നെയായിരിക്കും. തൊഴിലില്ലാപ്പടയെ നമുക്ക് വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്കും മറ്റുമായി ഉപയോഗപ്പെടുത്താം. അവര്‍ ഗോ സംരക്ഷകരായി സ്വയം തൊഴില്‍ കണ്ടെത്തിക്കോളും.

ഉജ്വല: യാഥാര്‍ത്ഥ്യമെന്ത്?

സര്‍ക്കാര്‍ കണക്കനുസരിച്ച് (2019 ജൂലൈ 6 ) 7, 31,60,261 എല്‍.പി.ജി കണക്ഷനുകള്‍ PMUJ പദ്ധതിയിലൂടെ നല്‍കിയിട്ടുണ്ട്. ഉജ്വല പദ്ധതിയെക്കുറിച്ച് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ അഭിമാനപൂര്‍വ്വം ഉദ്ധരിക്കുന്നുണ്ട്. ‘ഗാവ് ഗരീബ് ഖേത്’ എന്ന ഗ്രാമീണ പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ പെടുത്തി ഇനിയും പുതിയ കണക്ഷനുകള്‍ നല്‍കുമെന്നും അവര്‍ ഉറപ്പുപറയുന്നു.

എന്നാല്‍ നാളിതുവരെ നല്‍കിയ കണക്ഷനുകളുടെ അവസ്ഥയെന്താണ്? ആവോ! ആര്‍ക്കറിയാം? ജനങ്ങള്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നുണ്ടോ? ആര്‍ക്കും ഒരു പിടിയുമില്ല. 80 ശതമാനം ആളുകളും റീഫില്‍ ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ ഒഡീഷയിലെ കണക്കുകള്‍ ഉദ്ധരിച്ച് പറഞ്ഞത് 26 ശതമാനം ആളുകള്‍ മാത്രമേ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നുള്ളൂ എന്നാണ്. ഗ്യാസിനോടുള്ള വിരോധം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. മറിച്ച് ജനങ്ങള്‍ക്ക് അത് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടാണ്. (പ്രതിശീര്‍ഷ വരുമാനത്തിലെ കണക്ക് പറയാതിരിക്കുന്നത് ഇതുകൊണ്ടുതന്നെയാണ്)

കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ സെക്രട്ടറി ഗോപാല്‍ കൃഷ്ണഗുപ്ത ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് നടത്തിയ പ്രസ്താവനയില്‍ ഗ്രാമീണ മേഖലയില്‍ സൗരോര്‍ജ്ജ അടുപ്പുകള്‍ വിതരണം ചെയ്യുമെന്നാണ്. ഗ്യാസ് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാത്ത വിഷയം ചൂണ്ടിക്കാട്ടിയാണ് ഊര്‍ജ്ജ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ അവയുടെ ഫലപ്രാപ്തിയെക്കുറിച്ചു കൂടി അവലോകനം ചെയ്യേണ്ടതുണ്ട് എന്ന് ആരോട് പറയാന്‍? ആര് ചോദിക്കാന്‍?!.

ഗാന്ധിപീഡിയ / ചരിത്ര നിഷേധത്തിന് ഒരു കുറുക്കുവഴി

ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത നാഥുറാം ഗോഡ്സെ പൂജിക്കുന്ന അതേ പാര്‍ട്ടിക്കാര്‍ ഗാന്ധിവധത്തിന് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഗാന്ധി പ്രതിമയിലേക്ക് വെടിയുതിര്‍ത്ത് ആഘോഷിക്കുന്ന അതേ സംഘപരിവാറുകാര്‍ നയിക്കുന്ന ഗവണ്‍മെന്റ് ഗാന്ധിജിയുടെ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി എന്‍സൈക്ലോപീഡിയ മാതൃകയില്‍ ഒരു ഗാന്ധിപീഡിയ ഉണ്ടാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിക്കുകയുണ്ടായി.

എന്തായിരിക്കും ഇതിന് പിന്നില്‍? വളരെ കൃത്യമായൊരു ചരിത്രനിരാസ പദ്ധതി ഇതിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വേണം മുന്‍ അനുഭവത്തില്‍ നിന്നും മനസിലാക്കാന്‍.

സംഭവം നടന്നത് ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാളുകളിലായിരുന്നു. സമ്പൂര്‍ണ്ണ ഗാന്ധി വാങ്മയത്തിന്റെ ( Collected Works of Mahatma Gandhi ) പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങുന്നതിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് തീരുമാനിക്കുന്നു. മുരളീ മനോഹര്‍ ജോഷിയാണ് ആസൂത്രകന്‍. പതിപ്പ് പുറത്തിറങ്ങി. 124ഓളം വാല്യങ്ങളുള്ള ഈ ശേഖരത്തില്‍ ഏതാണ്ട് എട്ട് പത്ത് വാല്യങ്ങള്‍ കേവലം INDEX മാത്രമാണ്. ഈ വിഷയ സൂചികാ വാല്യങ്ങളില്‍ നിന്നും സവര്‍ക്കര്‍ എന്ന പദങ്ങള്‍ മുഴുവനായും എടുത്തുമാറ്റുക എന്ന ചെറിയ പരിഷ്‌കരണം മാത്രമേ അവര്‍ നടത്തിയുള്ളൂ.

124 വാല്യം വരുന്ന ഒരു ഗ്രന്ഥത്തിലെ വിഷയ സൂചികയില്‍ നിന്ന് ഒരു പദം എടുത്തു മാറ്റിയാല്‍ ആ വിഷയത്തെ സംബന്ധിച്ച അന്വേഷണം എളുപ്പമല്ല എന്ന് അവര്‍ക്ക് നന്നായി അറിയാം. അതോടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് സവര്‍ക്കറിന്റെ നിലപാടുകളും മറ്റും അന്വേഷിച്ച് കണ്ടെത്തുക പ്രയാസമായി മാറും എന്നും അവര്‍ക്കറിയാമായിരുന്നു. പുതിയ ഗാന്ധിപീഡിയയും ചരിത്ര സത്യങ്ങളെ മറച്ചുവെക്കാനുള്ള പദ്ധതിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

ഗാവ്, ഗരീബ്ഖേതി/ ഗ്രാമീണ ഇന്ത്യയെ തകര്‍ക്കുന്ന ബജറ്റ് ഏഴ് പതിറ്റാണ്ടായി തുടരുന്ന നാടകമാണിത്. ഗ്രാമീണ ജനതയെയും കര്‍ഷകരെയും അഭിവാദ്യം ചെയ്തുകൊണ്ടും അവരുടെ സേവനങ്ങളെ വാഴ്ത്തിക്കൊണ്ടും മനോഹരമായ ഭാഷയില്‍ ബജറ്റ് പ്രസംഗം നടത്തുക. എഴുപത് ശതമാനം ഇന്ത്യക്കാരും ഗ്രാമീണ മേഖലയില്‍ കാര്‍ഷിക വൃത്തിയിലാണെന്നും ഇന്ത്യക്കാരെ പോറ്റുന്നത് അവരാണെന്നും ഒക്കെയുള്ള തട്ടുപൊളിപ്പന്‍ ഭാഷണങ്ങള്‍. ബജറ്റിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണോടിച്ചാലോ? സ്ഥിതി നേര്‍വിപരീതമായിരിക്കും.
നിര്‍മ്മലാ സീതാരാമനും വ്യത്യസ്തയായില്ല.

27,86,349 കോടി രൂപ വാര്‍ഷിക വ്യയം കണക്കാക്കിയ ബജറ്റാണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്. ഇതില്‍ കാര്‍ഷിക മേഖലയ്ക്കുള്ള നീക്കിയിരിപ്പെത്ര? വെറും 1,13,800 കോടി രൂപ. അതായത് മൊത്തം ബജറ്റിന്റെ 4 ശതമാനം മാത്രം. 60 ശതമാനം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 8000 രൂപ നല്‍കുമെന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. ഈ തുക ഇതില്‍ നിന്നും കിഴിച്ചാല്‍ കാര്‍ഷിക മേഖലയിലെ മറ്റ് ചെലവുകള്‍ക്കായുള്ള നീക്കിയിരിപ്പ് 38,800 കോടി രൂപയായി കുറയും. അതായത് മൊത്തം ബജറ്റിന്റെ 1.4%മാത്രമാകുമെന്നര്‍ത്ഥം.

കര്‍ഷകര്‍ക്കുള്ള നീക്കിയിരിപ്പ് ഇങ്ങനെ:
കിസാന്‍ സമ്മാന്‍ യോജന: 75000 കോടി രൂപ
പ്രധാനമന്ത്രി ബീമാ യോജന: 14,000 കോടി രൂപ
ഹ്രസ്വകാല കട പലിശ സബ്സിഡി : 18,000 കോടി
പ്രധാനമന്ത്രി കിസാന്‍ പെന്‍ഷന്‍ പദ്ധതി: 900 കോടി
പ്രധാനമന്ത്രി അന്നദാതാ വരുമാന സംരക്ഷണ പദ്ധതി : 1500 കോടി
പ്രധാനമന്ത്രി കൃഷി ജലസേചന പദ്ധതി : 3500 കോടി രൂപ
മൊത്തം : 1, 13, 800 കോടി രൂപ
മറ്റ് കാര്‍ഷിക പദ്ധതികള്‍ക്കായുള്ള നീക്കിയിരിപ്പ് : 38,800കോടി രൂപ.

കാര്‍ഷിക മേഖലയ്ക്കായുള്ള വിവിധ പദ്ധതികള്‍ വെട്ടിച്ചുരുക്കിയാണ് പുതിയ ബജറ്റില്‍ കിസാന്‍ സമ്മാന്‍ പദ്ധതിക്കുള്ള പണം കണ്ടെത്തിയിരിക്കുന്നതെന്ന് സ്പഷ്ടം.

കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ കൊണ്ട് കര്‍ഷകര്‍ക്കല്ല ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കാണ് ലാഭമെന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. കാര്‍ഷിക ലോണ്‍ സബ്സിഡികള്‍ കാര്‍ഷികേതര മേഖലകളിലാണ് വിനിയോഗിക്കപ്പെടുന്നതെന്ന വസ്തുതയും എത്രയോ കാലമായി വെളിവാക്കപ്പെട്ട കാര്യമാണ്. നാളിതുവരെ മിനിമം സഹായവിലയെക്കുറിച്ച് വലിയവായില്‍ വാഗ്ദ്ധാനം ചെയ്തിരുന്നവര്‍ ഈ ബജറ്റില്‍ അതേക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തിരിക്കുന്നത്. വിപണിയുടെ ഔദാര്യത്തിനായി കര്‍ഷകരെ വിട്ടുകൊടുക്കുകയാണ് പുതിയ ബജറ്റിലൂടെ ചെയ്തിരിക്കുന്നത്.

കര്‍ഷകരെ കാര്‍ഷിക വൃത്തി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുന്ന സ്ഥിതിവിശേഷമാണ്. കോര്‍പ്പറേറ്റ് കൃഷികള്‍ക്കും മറ്റുമായുള്ള പദ്ധതികള്‍ കൂടുതല്‍ ശക്തമാകുകയാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 100 ലക്ഷം കോടി രൂപയുടെ മുടക്കുമുതലാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷം കോടി രൂപ. ഇത് പ്രധാനമായും റിയല്‍ എസ്റ്റേറ്റ് ബിസിനസ് അടക്കമുള്ള മേഖലയില്‍ നിക്ഷേപിക്കപ്പെടും. കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന പദ്ധതികള്‍ വ്യാപകമാക്കപ്പെടും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 5,46,296 കോടി നീക്കിവെച്ച, പ്രതിരോധ മേഖലയ്ക്കായി 3 ലക്ഷം കോടി നീക്കിയിരിപ്പ് നടത്തിയ അതേ സര്‍ക്കാരാണ് അന്ന ദാതാക്കളെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കര്‍ഷക സമൂഹത്തിനായി ഇത്രയും തുച്ഛമായ തുക ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് എന്നോര്‍ക്കുക.

പ്രതിരോധം/പട്ടാള ഇന്ത്യയിലേക്കുള്ള മാര്‍ച്ച്

ജലശക്തി വകുപ്പിന് പണമില്ല. കാര്‍ഷിക മേഖലയ്ക്ക് ബജറ്റിന്റെ 4 ശതമാനം മാത്രം. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കായുള്ള നീക്കിയിരിപ്പില്‍ ഒട്ടും കുറവു വരുത്തിയില്ല. 3.18 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മൊത്തം ചെലവിന്റെ 15.7% വരും ഇത്. മുന്‍ ബജറ്റിനെക്കാളും 7.93% കൂടുതല്‍.

ഇതില്‍ 1 ലക്ഷം കോടി രൂപ ആയുധ ആധുനീകരണത്തിനായുള്ളതാണ് (Weapon Modernisation). അതായത് ലോക്ഹീഡ് മാര്‍ട്ടിനും ബോയിംഗും പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് പോകും പട്ടിണിപ്പാവങ്ങളുടെ നികുതിപ്പണം. പ്രതിരോധ വകുപ്പിനുള്ള നീക്കിയിരുപ്പിന് പണം കുറഞ്ഞുപോയെന്ന് മാധ്യമങ്ങള്‍ ലേഖനങ്ങളെഴുതാന്‍ തുടങ്ങിയിട്ടുണ്ട്.

കാര്‍ഷിക മേഖലയെക്കുറിച്ചോ, ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാന വിഷയത്തെയും നേരിടാനുള്ള പദ്ധതിയെന്താണെന്നതിനെക്കുറിച്ചോ ഒന്നും തന്നെ ഒരു വരിപോലും അവര്‍ എഴുതില്ല. ദേശദ്രോഹിയാകുമോ എന്ന ഭയത്താല്‍ പ്രതിപക്ഷവും ഒരക്ഷരം മിണ്ടില്ല. ആയുധക്കച്ചവടം പൊടിപൊടിക്കും. തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ തൊട്ടടുത്ത് പാകിസ്ഥാനുണ്ട്. മസിലുപെരുക്കങ്ങള്‍ നടത്തിയാല്‍ മാത്രം മതി.

ജനവിരുദ്ധ ബജറ്റ് എന്ന് മോദി സര്‍ക്കാരിന്റെ ബജറ്റിനെ വിലയിരുത്തുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. കാരണം ജനങ്ങളുടെ ഏതെങ്കിലും വിഷയം ഉന്നയിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടവരല്ല അവര്‍. സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിത വിഷയങ്ങളല്ല മറിച്ച് അവരുടെ മത-ജാതി വിഷയങ്ങളില്‍ വൈകാരികത വളര്‍ത്തിയാണ് അവര്‍ അധികാരത്തിലെത്തിയത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, തൊഴിലാളികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ അവരെ അലട്ടുകയേയില്ല.

27,86,349 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ ചെലവായി ധനമന്ത്രി കണക്കാക്കിയിരിക്കുന്നത്. ഇതേ രീതിയില്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് ഏതാണ്ട് 1, 39, 31,745 ലക്ഷം കോടി രൂപയായിരിക്കും. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വേതനം, പെന്‍ഷനുകള്‍, വിവിധതരം പെന്‍ഷനുകള്‍, സൗജന്യങ്ങള്‍ എന്നിവയ്ക്കുള്ള തുക മാറ്റിവെച്ചാല്‍ ഈ ചെലവഴിക്കപ്പെടുന്ന തുകയുടെ 65മുതല്‍ 70 ശതമാനം വരെ തുക നേരിട്ടു ചെല്ലുന്നത് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍, വിദേശ ആയുധ കമ്പനികള്‍ തുടങ്ങിയവയ്ക്കായിരിക്കും. അന്താരാഷ്ട്ര കമ്പനികളെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാഗതം ചെയ്യും എന്ന് ധനമന്ത്രി വളരെ അഭിമാനപൂര്‍വ്വം തന്നെ തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്.

ബജറ്റ് അവതരണത്തിനിടയില്‍ ഇന്ത്യന്‍ ജനതയ്ക്ക് ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട് നിര്‍മ്മലാ സീതാരാമന്‍. പുറനാനൂറിലെ വരികളുടെ അര്‍ത്ഥം വിശദീകരിച്ചുകൊണ്ട് അവര്‍ പറയുന്നു. ഒരാനയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഒരു പാടത്തിലെ അരി ധാരാളം മതി. എന്നാല്‍ ആന പാടത്തിറങ്ങിച്ചെന്നാല്‍ ഒരു മണി പോലും അതിന് കഴിക്കാന്‍ കിട്ടില്ല. ഇതായിരുന്നു അവര്‍ ഉദ്ധരിച്ച കവിതയിലെ ആശയം. ആനയെ പാടത്തേക്കിറങ്ങാന്‍ നിര്‍ബ്ബന്ധിക്കരുതെന്നായിരുന്നു ആ മുന്നറിയിപ്പ്. നോട്ട് നിരോധനത്തിന്റെ ഭയാനകമായ ഓര്‍മ്മകള്‍ അവശേഷിക്കുന്ന ഒരു ജനതയ്ക്ക് ഈ മുന്നറിയിപ്പുകള്‍ ധാരാളം മതിയാകും.

കെ. സഹദേവന്‍

പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.

Latest Stories

We use cookies to give you the best possible experience. Learn more