|

യൂണിയന്‍ ബജറ്റ് 2025; ഇന്‍കം ടാക്‌സിലെ ഇളവ് ജി.എസ്.ടിയിലൂടെ കൊള്ളയടിക്കും

എ കെ രമേശ്‌

ഇത്രയൊക്കെ കിട്ടിയിട്ടും ഇക്കൊല്ലത്തെ ബജറ്റിനെ കുറ്റം പറയുന്നത് രാഷ്ട്രീയതിമിരം കൊണ്ടല്ലാതെ പിന്നെന്തു കൊണ്ടാണ് എന്ന് ദാമു. ആദായ നികുതി പരിധി ഏഴ് ലക്ഷമായിരുന്നത് ഒറ്റയടിക്ക് പന്ത്രണ്ടേ മുക്കാല്‍ ലക്ഷമാക്കുന്നത് ചില്ലറക്കാര്യമാണോ എന്നാണ് ചോദ്യം.

അതുവഴി കിട്ടുന്ന ലാഭം ദാമു കൃത്യമായി കണക്ക് കൂട്ടിവെച്ചിട്ടുണ്ട്. 80,O00 ഉറുപ്പികയില്‍ അധികം വരുമത്രെ! ഒരു മാസം 7000 രൂപ ശമ്പളം കൂടിയ ഫലമല്ലേ എന്നാണ് അവന്റെ ചോദ്യം. പിന്നെന്ത് കണ്ടിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ബജറ്റിനെതിരെ പ്രകടനത്തിന് ആളെക്കൂട്ടുന്നത് എന്നാണ് അവനറിയേണ്ടത്.

‘തൊഴിലുറപ്പുകാര്‍ക്ക് കൊല്ലം മുഴുവന്‍ കിളയ്ക്കാനവസരം വേണമെന്നാണെങ്കില്‍ ഞാനതിനില്ല.’ അവന്‍ ഉറപ്പിച്ചു പറഞ്ഞു.

എനിക്കെന്തോ, പെട്ടെന്ന് ഓര്‍മ്മ വന്നത് അവന്റെ അച്ഛനെയാണ്. പണ്ടാണ്, അവര്‍ക്ക് കുടികിടപ്പ് കിട്ടുന്നതിനും മുമ്പാണ്. നിത്യവും കേസും കൂട്ടവും. ജന്മി കൊടുക്കുന്ന പരാതിയില്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങല്‍ തന്നെ. പട്ടിണിയുടെ മൂര്‍ദ്ധന്യത്തില്‍ മരത്തില്‍ കയറി തേക്കില കൊത്തിയെടുത്ത് അങ്ങാടിയില്‍ മീന്‍ മാര്‍ക്കറ്റിലെത്തിച്ച്, കിട്ടുന്ന കാശിന് പൂളയും മത്തിയും വാങ്ങി ക്ഷീണിച്ചവശനായി മടങ്ങുന്ന കണാരേട്ടന്‍.

കുടികിടപ്പ് കിട്ടിയ സ്ഥലം എന്‍.എച്ചിന് അക്വയര്‍ ചെയ്തതോടെയാണ് ദാമുവിന്റെ തലവര മാറിയത് എന്ന് നാട്ടുകാര്‍. പക്ഷേ കാണാന്‍ കണാരേട്ടന്‍ ഇല്ലാതെ പോയി. ഇപ്പോള്‍ ഒന്നാന്തരമൊരു വീടും അങ്ങാടിയില്‍ മൂന്നു മുറി പീടികയും. എല്ലാത്തിനും നല്ല വാടകയും! ദാമു ഇപ്പോള്‍ പ്രമോഷനായി ഗസറ്റഡ് ഓഫീസറായി. അങ്ങനെയൊരാള്‍ക്ക് എന്ത് തൊഴിലുറപ്പ്? കണാരേട്ടനാണെങ്കില്‍ കാര്യം മനസ്സിലായേനേ.

ദാമു വിടുന്ന മട്ടില്ല. ‘ആണവോര്‍ജത്തിന്റെ കാര്യം പറഞ്ഞ് പിന്തുണ പിന്‍വലിക്കുന്നത് തെറ്റാണെന്ന് ഞാന്‍ അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ ഈ ബജറ്റിലും നിങ്ങള്‍ എതിര്‍ക്കുന്നത് ആണവോര്‍ജത്തിന്റെ കാര്യമാണ്. ഇതിനാണ് സിദ്ധാന്തശാഠ്യം എന്നു പറയുക.  ഇപ്പോള്‍ അവന്‍ ഏതാണ്ട് ഉറഞ്ഞു തുള്ളും പോലെ ആവുന്നുണ്ട്. ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയ അന്ന് അവന്‍ കാട്ടിയ അതേ വീറ്!

ദാമുവിന്റെ അനിയന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലാണ്. ഊര്‍ജമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെപ്പറ്റി പറഞ്ഞു നോക്കി. അനിയന്റെ പണി പോവുന്ന കാര്യമല്ലേ, ഏശാതിരിക്കില്ല. എന്നാല്‍ അതിനും ന്യായമുണ്ട് ദാമുവിന്. കെ.എസ്.ഇ.ബിയില്‍ ആരെങ്കിലും പണിയെടുക്കുന്നുണ്ടോ എന്നായി ചോദ്യം.

ആരും പണിയെടുക്കാതെ പിന്നെങ്ങനെ കരന്റുണ്ടാവുന്നു എന്ന് തിരിച്ചടിച്ചപ്പോഴാണ് ദാമുവിന്റെ ഫിലോസഫി ശരിക്കും പുറത്തു ചാടിയത്. വല്ല വിദേശക്കമ്പനിയും വന്ന് ഏറ്റെടുത്താല്‍ കാണാം ഇവറ്റകളൊക്കെ വാലും ചുരുട്ടി പണിയെടുക്കുന്നത്!

അതുകേട്ടപ്പോള്‍ ശരിക്കും അരിശം അടക്കി നിര്‍ത്താനായില്ല. ഞാന്‍ എന്റോണിന്റെ കാര്യം എടുത്തിട്ടു. നായനാരുടെ കാലത്ത് മഹാരാഷ്ട്രയില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞവതരിപ്പിച്ച കമ്പനിയാണ് പൊട്ടിപ്പൊളിഞ്ഞ് തവിടുപൊടിയായതും തട്ടിപ്പിന് കൂട്ടു നിന്ന കണക്കെഴുത്തു കമ്പനിയടക്കം പൂട്ടിപ്പോയതും.

ഇ.കെ. നായനാര്‍

വൈദ്യുതി ഉല്‍പ്പാദനത്തിനായി സ്റ്റോര്‍ ചെയ്ത നാഫതാ ടാങ്കുകള്‍ പൊട്ടിയൊലിച്ച് സമീപ പ്രദേശത്തെ അഞ്ചാറ് പഞ്ചായ ത്തുകളിലെ കിണറുകളാകെ ഉപയോഗശൂന്യമായതും വൈദ്യുതി മേഖലയാകെ കുട്ടിച്ചോറായതും പറഞ്ഞു കേട്ടിട്ടും അവനൊരു കുലുക്കവുമില്ല.

അവനപ്പോള്‍ എഴുന്നള്ളിച്ചത് മകന് വാങ്ങാനുള്ള ഹാര്‍ളി ഡേവിഡ്സണ്‍ സൂപ്പര്‍ ബൈക്കിന് വില കുറയുന്ന കാര്യമാണ്. ‘കുറവ് ചില്ലറയല്ല, രണ്ടു ലക്ഷമാണ്.’ ബജറ്റില്‍ തീരുവ കുറച്ചതാണ് കാരണം.’ മനുഷ്യര്‍ക്ക് ഗുണം കിട്ടുന്ന കാര്യത്തിനൊക്കെ എതിര്‍ നിന്നോളിന്‍’.

കാശ് കുറയും എന്നത് നേരാണ്. അമേരിക്കന്‍ കമ്പനിയായ ഹാര്‍ളി ഡേവിഡ്സന്റെ ബൈക്കുകള്‍ക്ക് ചുമത്തുന്ന നികുതി കുറയ്ക്കണമെന്ന് ട്രംപ്‌ 2018ല്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഇറക്കുമതിത്തീരുവ നേര്‍ പകുതിയാക്കിയതാണ്. ഇപ്പോള്‍ വീണ്ടും ഇന്ത്യയിലെ നികുതി ഘടനയെ അയാള്‍ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് അത്രയും തുക തീരുവ വേണ്ടെന്ന് വെച്ചത്. അത് നാടന്‍ ബൈക്ക് കമ്പനികളെ കുത്തുപാളയെടുപ്പിക്കുന്നതിലേക്കാണ് നയിക്കുക.

പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ ഗുണഭോക്താവാണ് കക്ഷി. വിഷയം മാറ്റാന്‍ ഞാന്‍ ദാമുവിന്റെ അമ്മായിയമ്മയുടെ അസുഖത്തിന്റെ വിവരമെടുത്തിട്ടു. അവരും പഴയൊരു കുടികിടപ്പുകാരിയാണ്. കണാരട്ടേന്റെ ചങ്ങാതി കന്നു പൂട്ടുകാരന്‍ രാമോരേട്ടന്റെ ഭാര്യ. ഇപ്പോള്‍ മകളുടെ കൂടെയാണ് താമസം. ഒരു പാട് കാലമായി ആശുപത്രിയുമായി കഴിയുകയാണ്.

‘ ഓ, അതൊന്നും പറയേണ്ട സാറെ, അവസാനം ഇന്‍ഷൂറന്‍സുകാരും പണി പറ്റിച്ചു.’ ഏതോ വിദേശക്കമ്പനിയുമായി ടൈ അപ്പുള്ള ഒരു സ്വകാര്യ ഇന്‍ഷൂറന്‍സാണ് അവരുടെ പേരില്‍ എടുത്തത്. മെഡിസെപ്പില്‍ അമ്മായിയമ്മമാരെക്കൂടി ഉള്‍ പ്പെടുത്താത്തതില്‍ ഏറെക്കാലം സംഘടനകളെ ശപിച്ചു നടന്നത് ഓര്‍മ്മയുണ്ട്.

‘ഇന്‍ഷൂറന്‍സ് പ്രീമിയമാണെങ്കില്‍ കൂടിക്കൂടി വരികയാണ്. മെഡിസെപ്പിന് 6000 കൊടുത്താ മതി. പ്രായം കൂടീന്ന് പറഞ്ഞ് 60000 ത്തിന് മുകളിലാണ് ഇപ്പൊ പ്രീമിയം. ‘

‘ ആ പ്രീമിയം നന്നായി കുറയുമായിരുന്നല്ലോ ‘ കിട്ടിയ അവസരം നോക്കി ഞാനും ചാമ്പി. ‘ അതെങ്ങനെ? ‘ അതാ ദാമു എന്റെ ചൂണ്ടയിലേക്കടുക്കുക യാണ്. ‘ ഇന്‍ഷൂറന്‍സിന് എത്രയാ ജി.എസ്.ടീന്നറിയോ?’ സത്യമായും അവനത് അറിയുമായിരുന്നില്ല. ‘ അമ്പതിനായിരത്തിന്റെ 18 ശതമാനം ന്ന് വെച്ചാ എത്രയാ?’

ഉത്തരം പെട്ടെന്ന് വന്നു. ‘ 9000’ ‘രണ്ടും ചേര്‍ന്നാല്‍ 59000. 60,000 രൂപ ഇന്‍ഷൂറന്‍സിന് കൊടുത്താല്‍ 9000 ത്തിനു മേലാണ് സര്‍ക്കാരിന്റെ ജി.എസ്.ടി. 18 ശതമാനം. ആ ജി.എസ്.ടി ഒഴിവാക്കണം എന്ന് മന്ത്രിമാരുടെ കമ്മിറ്റി (GOM) പറഞ്ഞതാണ്. കേട്ടില്ല. ട്രംപ്‌ പറഞ്ഞതാണ് ഹാര്‍ളി ഡേവിഡ്സിന്റെ നികുതി കുറയ്ക്കാന്‍. കുറച്ചു. അതാണ് വ്യത്യാസം. ‘

ഇപ്പോള്‍ ദാമു ഒന്ന് അയഞ്ഞ മട്ടിലായി എന്നു തോന്നുന്നു. മസിലുപിടുത്തം കുറഞ്ഞതു പോലെ. അവന്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചെവി തരുന്നതുപോലെ.

‘കിട്ടുന്ന ആദായ നികുതി ഇളവില്‍ നിന്ന് ആ 9000 കുറയ്ക്കണ്ടേ ?’ അവന് ഉത്തരമില്ല. ‘ഇത്തവണ ആദായ നികുതിയില്‍ ഒരു ലക്ഷം കോടിയുടെ കുറവാണ് ഈ പുതിയ നിര്‍ദേശം വഴി വരിക.’ അവന്‍ തല കുലുക്കി സമ്മതിച്ചു. ‘ഒരു ലക്ഷം മാസവരുമാനമുള്ളവരുടെ കൂടെ, കോടികള്‍ വരുമാനമുള്ളവരും ചേര്‍ന്നതാണ് ടാക്‌സ് പേയേഴ്‌സ്. നിനക്ക് 80,000 കിട്ടുമ്പോള്‍ അവര്‍ക്ക് അതിന്റെ അനേകമടങ്ങാണ് കിട്ടുക. പക്ഷേ ഈ ഒരു ലക്ഷം കോടി സര്‍ക്കാര്‍ എവിടെ നിന്നുണ്ടാക്കും? ‘

അതൊന്നും ആലോചിക്കേണ്ട ബാധ്യത തന്റേതല്ല എന്ന മട്ടിലായിരുന്നുവല്ലോ അതു വരെയും അവന്‍. പക്ഷേ ഇപ്പോള്‍ ദാമു അതും ചിന്തിച്ചു തുടങ്ങിയതു പോലെ. ഭാഗ്യത്തിന് എന്റെ കൈയ്യില്‍ ബജറ്റ് ഡീറ്റേയില്‍സ് ഉണ്ടായിരുന്നു. ഞാനത് നീട്ടിക്കാണിച്ചു. ജി.എസ്.ടി പിരിവിന്റെ കണക്കാണ്.

Actuals 23-24 9,57,207.82
24 – 25 BE 10,61,899.00
24-25 RE 10,61,899.00
25-26 BE 11,78,000.00

23-24 കാലത്ത് കിട്ടിയ ജി.എസ്.ടി ഒമ്പതര ലക്ഷം കോടി. 24-25 ലെ ബജറ്റ് നീക്കിയിരിപ്പും റിവൈസ്ഡ് എസ്റ്റിമേറ്റും പത്തുലക്ഷത്തി അറുപത്തി ഒന്നായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒമ്പത്. എന്നാല്‍ ഈ ബജറ്റില്‍ അത് 11,78,000 കോടിയാണ്. എന്നു വെച്ചാല്‍ ജി.എസ്.ടിയായി പുതുതായി 1,16,101 കോടി രൂപ കൂടി പിരിക്കാനാണ് ഈ ബജറ്റില്‍ നിര്‍ദേശം.

ഒരു ലക്ഷം കോടി രൂപ ഇടത്തരക്കാരും അതിസമ്പന്നരുമായവര്‍ക്ക് ഇളവ് നല്‍കുമ്പോള്‍, ഇടത്തരക്കാരും സാധാരണക്കാരുമായവരില്‍ നിന്ന് ഒരു ലക്ഷത്തി പതിനാറായിരത്തി ഒരുനൂറ്റൊന്നു കോടി പിടിച്ചെടുക്കുക. ഇടത്തേ കൈ കൊണ്ട് കൊടുത്തതും അതില്‍ ആറിലൊന്നും കൂടി വലത്തേ കൈ കൊണ്ട് തിരിച്ചെടുക്കുക! ഞാന്‍ ഒന്നു കൂടി വിശദീകരിച്ചു. ദാമു അത് നല്ല ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്.

‘ ഈ ജി.എസ്.ടി എങ്ങനെയാണ് ഊറ്റുന്നതെന്നറിയാമോ?’ അവന്‍ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്, ശ്രദ്ധാപൂര്‍വം. ‘നമുക്ക് കിട്ടുന്ന ഓരോ സേവനത്തിനും നാമറിയാതെ കൊടുക്കുന്ന നികുതിയാണത്. സിം ചാര്‍ജ് ചെയ്യാന്‍ 118 രൂപ കൊടുത്താല്‍ 18 രൂപ ജി.എസ്.ടിയായി പോവും. 100 രൂപയുടെ ചാര്‍ജേ കയറൂ.നമ്മളുടെ കരന്റ് ചാര്‍ജില്‍, വാട്ടര്‍ ചാര്‍ജില്‍, മക്കളുടെ ട്യൂഷന്‍ ഫീസില്‍ ഒക്കെയും ഈ ജി.എസ്.ടി ഒളിഞ്ഞു കിടക്കുകയാണ്. ‘
പറയുന്നത് നേരാണ് എന്ന മട്ടില്‍ ദാമു ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.

അടുത്ത അടികൂടി താങ്ങുമോ ദാമു ? രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു: ‘മോനിപ്പൊ പ്ലസ് ടൂ കഴിഞ്ഞല്ലോ ‘
‘ ഈ ഏപ്രിലില്‍ കഴിയും. ബി.ബി.എക്കാണ് നോക്കുന്നത്. ബാംഗ്ലൂരില്‍ ക്യാപിറ്റേഷന്‍ ഫീ ലക്ഷങ്ങളാണ്. കേരളത്തില്‍ത്തന്നെ നോക്കണം.’

‘സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖല കൈയ്യൊഴിഞ്ഞാലോ?’ ദാമുവിന് അത് മനസ്സിലായില്ല എന്നു തോന്നി. ‘വിദ്യാഭ്യാസത്തിനുള്ള വകയിരുത്തല്‍ എത്രയാന്നറിയോ? കഴിഞ്ഞ വര്‍ഷത്തെ 1.26 ലക്ഷം കോടി തന്നെയാവും, വിലക്കയറ്റത്തോത് കൂടി കണക്കാക്കിയാല്‍.

2.3 ശതമാനം വര്‍ദ്ധനവുണ്ട്. പക്ഷേ 5.4 ശതമാനമാണ് വിലക്കയറ്റം. എന്നു വെച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ പണി മാത്രം എടുത്താല്‍ മതിയെങ്കില്‍, ഇനിയും വേണം ഒരു 3792 കോടി. അത്രയും കിട്ടിയില്ലെങ്കില്‍ പിറകോട്ട് തിരിച്ചു നടക്കും വിദ്യാഭ്യാസ മേഖല.

സര്‍ക്കാര്‍ പിന്‍വാങ്ങിയാല്‍ പിന്നെ എല്ലാം മുതലാളിമാര്‍ നോക്കിക്കൊള്ളും. നല്ല കച്ചവടം നടക്കും’. ഇപ്പോള്‍ ദാമു എന്നെ ദയനീയമായൊന്നു നോക്കുന്നതു പോലെ തോന്നി. 80000 രൂപയുടെ നേട്ടത്തിന്റെ കണക്ക് ഉരുകിയൊലിച്ചു പോയ പോലെയാണ് മുഖഭാവം! പാവം ദാമു. ഇങ്ങനെ എത്ര ദാമുമാരാണ് നമുക്ക് ചുറ്റും !

content highlights: Union Budget 2025; Income tax relief will be usurped by GST

എ കെ രമേശ്‌

Latest Stories