100 പുതിയ വിമാനത്താവളങ്ങള്‍; ഉഡാന്‍ പദ്ധതിയിലൂടെ ഉടന്‍
Union Budget 2020
100 പുതിയ വിമാനത്താവളങ്ങള്‍; ഉഡാന്‍ പദ്ധതിയിലൂടെ ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 1:13 pm

ന്യൂദല്‍ഹി: രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024 ന് മുമ്പായി വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം.

11,000 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. റെയില്‍ ഭൂമിയിലൂടെ സോളാര്‍ ഊര്‍ജ്ജോല്‍പാദനം സാധ്യമാക്കും. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍, ടൂറിസം കേന്ദ്രങ്ങളിലേക്ക് തേജസ് മോഡല്‍ ട്രെയിനുകള്‍ എന്നിവ അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചായിരുന്നു മന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നതിന് പിന്നാലെ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രാജ്യത്തെ പല കമ്പനികളും അടച്ചുപൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പദ്ദതി ആവിഷ്‌കരിക്കുന്നുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണം. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

2020-21 സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും. നബാര്‍ഡ് റീഫിനാന്‍സിങ് സൗകര്യം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ