| Wednesday, 1st February 2017, 9:56 am

ബജറ്റ് മാറ്റില്ല: അങ്ങനെയൊരു കീഴ് വഴക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍: അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലീം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ നിര്യാണം വകവെക്കാതെ ബജറ്റുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. രാവിലെ പതിനൊന്ന് മണിക്ക് സഭ ചേര്‍ന്ന് അഹമ്മദിന് അനുശോചനം അറിയച്ച ശേഷമായിരിക്കും ബജറ്റ് അവതരണം എന്നാണ് അറിയുന്നത്.

ലോക്‌സഭാ സെക്രട്ടറി ജനറല്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും അവഗണിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അന്തിമതീരുമാനം എടുക്കേണ്ടത് ലോക്‌സഭാ സ്പീക്കറാണ്. ബജറ്റ് അവതരണത്തില്‍നിന്നു പിന്നാക്കം പോകില്ലെന്ന് ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.


സിറ്റിങ് എം.പിമാര്‍ മരിച്ചപ്പോള്‍ പോലും 1954 ഉം 1974 ഉം ബജറ്റ് അവതരണം മാറ്റിവെച്ചിരുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്ന ന്യായം. ബജറ്റവതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്തിയെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ബജറ്റ് ഇന്ന് തന്നെ അവതരിപ്പിക്കാനാണ് ഇന്നലെ അന്ത്യം സംഭവിച്ചിട്ടും മരണവിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാതിരുന്നതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് മരണവിവരം പുറത്തുവിടുന്നത്. ഇ അഹമ്മദിന്റെ മക്കളെപ്പോലും അദ്ദേഹത്തെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഐ.സി.യുവില്‍ നിന്ന് ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഇ അഹമ്മദിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുലര്‍ച്ചെ മരണം സ്ഥിരീകരിക്കുന്നത് വരെ ലഭിച്ചിരുന്നില്ല. സന്ദര്‍ശകരെ പൂര്‍ണ്ണമായും വിലക്കിയിരുന്നു. ചികിത്സാ വിവരങ്ങള്‍ കൈമാറാനും അധികൃതര്‍ തയ്യാറായിരുന്നില്ല.

അഹമ്മദ് ആശുപത്രിയിലായതറിഞ്ഞ് വൈകിട്ട് ആറ് മണിയോടെ ആശുപത്രിയിലെത്തിയ മക്കളായ ഡോ. ഫൗസിയയെയും നസീര്‍ അഹമ്മദിനെയും പിതാവിനെ കാണാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ വാക്കേറ്റമുണ്ടായപ്പോള്‍ മകള്‍ ഫൗസിയക്ക് ഇ. അഹമ്മദിനെ അഞ്ചു സെക്കന്‍ഡ് ചില്ലിനകത്ത് കൂടെ കാണാന്‍ മാത്രമാണ് അനുമതി നല്‍കിയത്.

We use cookies to give you the best possible experience. Learn more