ന്യൂദല്‍ഹി: യൂണിലിവര്‍, പെപ്‌സികോ, നെസ്‌ലെ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ആക്‌സസ് ടു ന്യൂട്രീഷന്‍ സംരഭം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഉത്പന്നങ്ങളുടെ നിലവാരത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്.
യൂണിലിവര്‍, നെസ്‌ലെ, പെപ്‌സികോ തുടങ്ങിയ കമ്പനികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതായും വിതരണം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളുള്ള രാജ്യങ്ങളില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പ്രവണതയുണ്ടെന്നും ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
രാജ്യങ്ങളിലെ ഗുണനിലവരം സംബന്ധിച്ച് വികസിപ്പിച്ചെടുത്ത റേറ്റിങ്ങില്‍ ആരോഗ്യകരമായ ഉത്പന്നങ്ങളുടെ നിലവാരം അഞ്ചില്‍ 3.5 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഉത്പന്നങ്ങളുടെ റേറ്റിങ്ങ് 1.8 ആണെന്നും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 2.3 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസ്തുത കമ്പനികള്‍ കൂടുതല്‍ സജീവമായ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ആരോഗ്യകരമായ ഉത്പന്നങ്ങളല്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കണക്കനുസരിച്ച് അനാരോഗ്യമുള്ളവരുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയിലെ വിപണികളില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നതായും ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിറ്റ്കാറ്റ് പോലുള്ള നെസ്‌ലെ ഉത്പന്നങ്ങളും കാഡ്ബറിയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നു. രാജ്യങ്ങള്‍ക്കനുസരിച്ച് ഇത് പോലുള്ള ചോക്ലേറ്റുകൡലെ മധുരത്തിന്റെയും കൊക്കോയുടെയും നിലവാരത്തില്‍ ആനുപാതികമായ മാറ്റമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ മധുരത്തിന്റെ അളവ് കൂടുതല്‍ കഴിക്കുന്നതിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാനും പ്രമേഹം പോലുള്ള രോഗങ്ങള്‍ പിടിപെടാനുമുള്ള സാധ്യതകള്‍ വര്‍ധിക്കുന്നതിനാല്‍ തന്നെ രാജ്യങ്ങളിലെ ജനസംഖ്യയെ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആഗോളതലത്തിലെ കണക്കുകളനുസരിച്ച് മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഭക്ഷണക്രമമാണെന്നും ഓരോ ഭക്ഷ്യോത്പന്നത്തിനും അതിന്റെ ഗുണനിലവാരമുറപ്പിക്കണ്ടേതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Unilever, PepsiCo, Nestlé products sold in India are substandard: Report