ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നാളെ (തിങ്കള്‍) മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
നാളെ മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. ആദിവാസി വിഭാഗക്കാരെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിരുന്നു.
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നത് 2022ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റത്തിന് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലും ഉള്‍പ്പെട്ട പൗരന്മാര്‍ക്ക് നിയമം ഒരുപോലെ ബാധകമായിരിക്കും. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിരുന്നു.
പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലം മുതല്‍ ഗോവയില്‍ ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 2024 ഫെബ്രുവരി ഏഴിന് ജയ് ശ്രീറാം വിളികളോടെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.
ഇനിമുതല്‍ ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗെദറായി ജീവിക്കുന്നവരും അതിന് തയ്യാറെടുക്കുന്നവരുമായ വ്യക്തികള്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
സംസ്ഥാനത്ത് വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളുമുണ്ടാകും, ഉത്തരാഖണ്ഡ് നിവാസികളല്ലാത്ത അവിവാഹിത പങ്കാളികളും ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യണം, ഇവരിലൊരാള്‍ മൈനറായാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല, പങ്കാളികളിലൊരാളുടെ പ്രായം 21 വയസില്‍ കുറവാണെങ്കില്‍ രക്ഷിതാക്കളെ രജിസ്ട്രാര്‍ വിവരമറിയിക്കണം, പങ്കാളികളിലൊരാളെ ബലം പ്രയോഗിച്ചോ, യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെച്ചോ ആണ് കൂടെ താമസിപ്പിച്ചിരിക്കുന്നതെങ്കില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല,
സാക്ഷ്യപത്രം നല്‍കുന്നതില്‍ വീഴ്ചവരുത്തുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയോ ലഭിക്കും, രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ആറ് മാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയോ ലഭിക്കും, ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീ പുരുഷനാല്‍ വഞ്ചിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവനാംശം നല്‍കണം, അല്ലാത്തപക്ഷം സ്ത്രീക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.
അതേസമയം ബില്ല് പാസാക്കിയതില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിയമം പാസാക്കുന്നതിന് മുമ്പ് ചര്‍ച്ചകളും കൂടിയാലോചനകളും നടത്തേണ്ടത് അനിവാര്യമായിരുന്നിട്ടും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ബില്ല് തിരക്കിട്ട് പാസാക്കുകയായിരുന്നുവെന്നാണ് സി.പി.ഐ.എം പ്രതികരിച്ചത്.
ഇന്ത്യന്‍ ഭരണഘടനയില്‍ ഏകവ്യക്തി നിയമത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അല്ലാതെ കേന്ദ്രം നടപ്പാക്കുന്നതിന് മുമ്പ് ഏതെങ്കിലുമൊരു സംസ്ഥാനത്തിന് നിയമം നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നില്ലെന്നും സി.പി.ഐ.എം പി.ബി. അംഗം ബൃന്ദ കാരാട്ട് പ്രതികരിച്ചിരുന്നു.
Content Highlight: Uniform Civil Code will be implemented in Uttarakhand from Monday