|

ഏകീകൃത സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട, നടപ്പിലാക്കും: കേന്ദ്ര നിയമവകുപ്പ് മന്ത്രി മേഘ്‌വാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍കോഡ് കൊണ്ടുവരുന്നത് മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര നിയമ-നീതി വകുപ്പ് മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ കസ്റ്റഡി, രക്ഷാകര്‍ത്തൃത്വം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവ സംബന്ധിച്ച് വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇവയിലെ വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പൊതുവായൊരു വ്യക്തിനിയമം കൊണ്ടുവരികയാണ് ഏക സിവില്‍കോഡിലൂടെ കേന്ദ്രം.

എന്‍.ഡി.എ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി ഏക സിവില്‍കോഡ് കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മെയ് മാസത്തില്‍ പറഞ്ഞിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വന്നതിന് ശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും മുഖ്യമന്ത്രിമാരെയുമെല്ലാം ഉള്‍പ്പെടുത്തി ഏക സിവില്‍കോഡിന്റെ ഡ്രാഫ്റ്റ് തയാറാക്കുമെന്ന് ജനത ദള്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ് കെ.സി ത്യാഗിയും പറഞ്ഞിരുന്നു.

‘എല്ലാ മുഖ്യ മന്ത്രിമാരെയും, രാഷ്ട്രീയ പാര്‍ട്ടികളെയും, ഏക സിവില്‍ കോഡിന്റെ ഡ്രാഫ്റ്റ് തയാറാക്കുന്നതില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്,’എന്നായിരുന്നു കെ.സി ത്യാഗി പറഞ്ഞത്. ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയാണ് ജനത ദള്‍ ( യുണൈറ്റഡ്).
ഇതിന് പിന്നാലെയാണ് മേഘ്‌വാളും ഏക സിവില്‍ കോഡിനെക്കുറിച്ച് പ്രസ്താവനയിറക്കിയത്. അതോടൊപ്പം ഹൈക്കോടതി, സുപ്രീം കോടതി, ജഡ്ജിമാരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവ സംബന്ധിച്ച മെമ്മോറാണ്ടം ഓഫ് പ്രൊസിജിയര്‍ വിഷയത്തിലും പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് മേഘ്‌വാള്‍ നിയമ-നീതി മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ മോദി സര്‍ക്കാരിലും അദ്ദേഹം ഇതേ വകുപ്പ് തന്നെയായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.

ജുഡീഷ്യറിയിലെ ഒഴിവുകളുടെയും തീര്‍പ്പാക്കാത്ത കേസുകളിലെയും പ്രശനങ്ങള്‍ പരിഹരിക്കുക, മെമ്മോറാണ്ടം ഓഫ് പ്രൊസീജിയര്‍ അന്തിമമാക്കുക എന്നിവയാണ് തുടര്‍ഭരണത്തിലേറിയ ശേഷം തന്റെ മുന്നിലുള്ള ജോലികളെന്ന് മേഘ്‌വാള്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ പാര്‍ലമെന്റുമായി പങ്കുവെച്ച കണക്കുകള്‍ പ്രകാരം കീഴ്‌കോടതികളിലും 25 ഹൈക്കോടതികളിലും സുപ്രീം കോടതികളിലുമായി അഞ്ച് കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇവയെല്ലാം തീര്‍പ്പാക്കേണ്ടതുണ്ടെന്നും അതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Uniform Civil Code is part of government’s agenda, says Union Law Minister Meghwal