ലഖ്‌നൗ: ഏകീകൃത സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി ജംഇയ്യത്തുല്‍ ഉലമ-എ-ഹിന്ദ്. ഏകീകൃത സിവില്‍ കോഡ് വ്യക്തി നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നും അതിനാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജംഇയ്യത്തുല്‍ ഉലമ ചൂണ്ടിക്കാട്ടി.
ഏകീകൃത സിവില്‍ കോഡ് ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കുന്നതാണ്. ഇസ്‌ലാമിക നിയമത്തില്‍ ഇടെപെടുന്നത് ഒരു മുസ്‌ലിം പൗരനും അംഗീകരിക്കുന്നില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്ന തെറ്റ് ഏതെങ്കിലും സര്‍ക്കാര്‍ ചെയ്താല്‍ മുസ്‌ലിം വിശ്വാസികള്‍ ഭരണഘടന അനുശാസിക്കുന്ന പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായി പോരാടുമെന്നും ജംഇയ്യത്തുല്‍ ഉലമ വ്യക്തമാക്കുന്നു.
മതം, ലിംഗഭേദം മുതലായവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധകമായ വ്യക്തിനിയമങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഏകീകൃത സിവില്‍ കോഡ് . കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ കരട് തയ്യാറാക്കുന്നതിനായി സുപ്രീം കോ
തി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു.
‘രാജ്യത്ത് കഴിയാവുന്നത്ര വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് പ്രധാമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുന്നു. ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാനും ഒപ്പം ഔറംഗബാദിന്റെ പേര് സാംമ്പാജിനഗര്‍ എന്നാക്കി മാറ്റാനും പ്രധാനമന്ത്രി വേണ്ട നടപടികള്‍ സ്വീകരിക്കണം,’ രാജ് താക്കറെ പറഞ്ഞു.
പൂനെയില്‍ നടന്ന റാലിയിലായിരുന്നു രാജ് താക്കറെയുടെ പരാമര്‍ശം.
മെയ് രണ്ടിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും ഏകീകൃത സിവില്‍ കോഡ് ഉടന്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Uniform Civil Code is against Constitution-says Jamiat ulama-e-hind