തൃശ്ശൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് രാജ്യസഭാ എം.പിയും നടനും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാജ്യസ്നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക’, സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ രാജ്യത്ത് എത്രയും പെട്ടെന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണ്”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡെന്നും തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഒറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.
ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന പേരില്‍ ഹിന്ദുത്വനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Uniform Civil Code and Population Control Mechanism BJP Suresh Gopi