Uniform Civil Code
ഏകീകൃത സിവില്‍കോഡും പൗരസമൂഹവും
ഓരോ സമുദായത്തിനുള്ളിലും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കലാണ് സമുദായങ്ങള്‍
തമ്മിലുള്ള സ്ത്രീ പുരുഷ സമത്വത്തേക്കാള്‍ കമ്മീഷന്‍ അന്ന് അനുകൂലിച്ചത്. അതായത് ഏകീകൃത സിവില്‍ കോഡിന് പകരം വ്യക്തിനിയമങ്ങള്‍ സമത്വധിഷ്ഠിതമായി പരിഷ്‌കരിക്കണമെന്ന് അര്‍ഥം. പല രാജ്യങ്ങളും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന വിധം നിയമനിര്‍മ്മാണങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തില്‍ ലിംഗ നീതിക്കുതകുന്ന വിധത്തില്‍ വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിക്കുകയാണ് വേണ്ടത് എന്നാണ് അന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
രാജ്യത്തെ പൗരര്‍ക്കെല്ലാം ഒരുപോലെ ബാധകമാകുന്ന പൊതുവായ വ്യക്തിനിയമങ്ങളാണ് ഏകീകൃത പൗരനിയമം അഥവാ യൂണിഫോം സിവില്‍ കോഡ്. ഇന്ത്യാ രാജ്യത്തിനകമാനം ബാധകമായ ഒരു ഏകീകൃത സിവില്‍ കോഡ് രൂപപ്പെടുത്താന്‍ ഭരണകൂടം ശ്രമിക്കണമെന്നു ഭരണഘടന പറയുന്നുണ്ട്. ഇത്തരമൊരു പരാമര്‍ശം ഭരണഘടനയില്‍ വരുന്നത് ഭരണഘടന നിര്‍മ്മാണസഭയില്‍ നടന്ന നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ്. ഏകീകൃത സിവില്‍ നിയമം മൗലികാവകാശമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്താനുള്ള ഒരു പൊതു തീരുമാനത്തില്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശകതത്വങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിക്കുന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയത്.
ഏകീകൃത സിവില്‍ നിയമത്തെ കുറിച്ച് രാജ്യത്ത് പല അവസരങ്ങളിലും ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്.
വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇതുസംബന്ധിച്ച് ഇപ്പോഴും നിലനില്‍ക്കുന്നത്. 2018 ല്‍ ഇരുപത്തിയൊന്നാം നിയമകമ്മീഷന്‍ ഒരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിനുമുന്നില്‍ വെച്ചതോടെ ഏറ്റവുമൊടുവില്‍ രൂപപ്പെട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിച്ചിരുന്നു.
സര്‍ക്കാരിന്റെ ഉയര്‍ന്ന നിയമ ഉപദേശക സമിതിയാണ് നിയമകമ്മീഷന്‍. 2018 ല്‍ നിയമ കമ്മീഷന്‍ പറഞ്ഞത്, ‘ഈ ഘട്ടത്തില്‍ ഏകീകൃത സിവില്‍ നിയമം അനിവാര്യമോ അഭികാമ്യമോ അല്ല’ എന്നാണ്. ആ ഘട്ടത്തിന് ഇപ്പോള്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍, 2023 ജൂണ്‍ 14 ന് ഇരുപത്തിരണ്ടാം നിയമ കമീഷന്‍ യൂണിഫോം സിവില്‍ കോഡ് സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍നിന്നും ക്ഷണിച്ചിരിക്കുന്നു.ഇതോടെയാണ് ഇപ്പോള്‍ ഏകീകൃത സിവില്‍ നിയമം സംബന്ധിക്കുന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
നരേന്ദ്രമോദി
മാത്രമല്ല, ഇക്കഴിഞ്ഞ ജൂണ്‍ 27 നു ഭോപ്പാലില്‍ ചേര്‍ന്ന ബി ജെ പി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകീകൃത സിവില്‍ നിയമം ആവശ്യമാണെന്ന പരാമര്‍ശം നടത്തുകയും ചെയ്തു. ഇതോടെ ഏകീകൃത സിവില്‍ നിയമം വേണമെന്ന ഇപ്പോഴത്തെ വാദം സദുദ്ദേശപരമല്ലെന്നുവന്നു.
നിയമത്തെക്കുറിച്ച് ഭരണഘടന
ഭരണഘടനയുടെ നാലാം ഭാഗത്ത് (പാര്‍ട്ട് 4) അനുച്ഛേദം 36 മുതല്‍ 51 (ആര്‍ട്ടിക്കിള്‍ 36 -51) വരെയാണ് രാജ്യത്തിന്റെ നയരൂപീകരണവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ എന്ന നിലയില്‍ നിര്‍ദ്ദേശകതത്വങ്ങള്‍ (ഡയറക്റ്റീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ അനുച്ഛേദം 44 ലാണ് ഏകീകൃത സിവില്‍ നിയമം സംബന്ധിച്ച് പറയുന്നത്.
രാജ്യത്തെ എല്ലാ പൗരര്‍ക്കുമായി ഒരു പൊതു സിവില്‍ നിയമം വേണമെന്നാണ് അവിടെ പരാമര്‍ശിക്കുന്നത്. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം, നിര്‍ബന്ധമായും പാലിക്കണമെന്ന കാര്യങ്ങളല്ല നിര്‍ദ്ദേശകതത്വങ്ങളില്‍ പറയുന്നത് എന്നതാണ്. അവ അനുയോജ്യമായ തത്വങ്ങള്‍ മാത്രമാണ്. സാഹചര്യത്തിനും സന്ദര്‍ഭത്തിനും അനുസൃതമായി സ്വീകരിക്കേണ്ടവയാണ്.
മാത്രമല്ല, നിര്‍ദ്ദേശക ത്വങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിക്കാനോ നിര്ബന്ധിക്കാനോ കോടതിക്ക് അധികാരമില്ല. കൂടാതെ, ചില സന്ദര്‍ഭങ്ങളില്‍ നിര്‍ദ്ദേശകതത്വങ്ങളും ഭരണഘടന പറയുന്ന മൗലികാവകാശങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സാഹചര്യവും ഉണ്ട്. അങ്ങനെയുള്ള രണ്ടു സന്ദര്‍ഭങ്ങളാണ്, 1967 ലെ ഗോലക്നാഥ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് , 1973 ലെ കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ വിധികള്‍.
ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിനു അധികാരമില്ലെന്ന് ഈ വിധിന്യായങ്ങളിലൂടെ കോടതി വ്യക്തമാക്കുകയായിരുന്നു.
മൗലികാവകാശങ്ങളും നിര്‍ദ്ദേശകതത്വങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് മറ്റൊരുദാഹരണമാണ് ഏകീകൃത സിവില്‍ നിയമം സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുമ്പോള്‍ മൗലികാവകാശങ്ങളില്‍ പറയുന്ന മതപരമായ സ്വാതന്ത്ര്യത്തിനു തടസമുണ്ടാവും എന്നൊരു വാദമുണ്ട്. മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്ത് 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങളിലാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത്.
അതായത്, മതസ്വാതന്ത്ര്യം ഇന്ത്യയില്‍ മൗലികാവകാശമാണ്. രാജ്യത്തെ എല്ലാ പൗരര്‍ക്കും അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ ഭാഗമായ ആചാരങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കാനും മതം പ്രചരിപ്പിക്കാനും ഈ അനുച്ഛേദങ്ങള്‍ അവകാശം നല്‍കുന്നു. അപ്പോള്‍, മതത്തിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തിനിയമങ്ങള്‍ക്കു പകരം ഏകീകൃത സിവില്‍ നിയമം വരുന്നത്, മൗലികാവകാശത്തിന്റെ ലംഘനമാണെന്ന വ്യാഖ്യാനം അപ്രസ്‌കതമെന്നു തള്ളിക്കളയാനാവില്ല.
വ്യക്തിനിയമങ്ങള്‍
മതപരവും സാമുദായികവുമായ മൂല്യങ്ങള്‍ക്കനുസരിച്ചാണ് വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയില്‍ വ്യക്തിനിയമങ്ങള്‍ രൂപീകരിക്കപ്പെട്ടത്. ഹിന്ദു വിവാഹ നിയമം, മുസ്ലിം വ്യക്തിനിയമം (ശരി അത്ത്) ആപ്ലിക്കേഷന്‍ ആക്ട് 1937 , ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം എന്നിവയാണ് നിലവിലുള്ള വ്യക്തിനിയമങ്ങള്‍. ഹിന്ദു വിവാഹ നിയമം, ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി മതങ്ങള്‍ക്ക് ബാധകമാണ്.
വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ സ്ത്രീ-പുരുഷ അസമത്വവും സ്ത്രീകളോടുള്ള വിവേചനവും കാരണം അക്കാലത്തുതന്നെ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം സ്ത്രീ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു.
സ്ത്രീകളുടെ അവകാശം, സമത്വം, മതനിരപേക്ഷത എന്നിവയ്ക്ക് വേണ്ടി ഏകീകൃത സിവില്‍ നിയമം രൂപീകരിക്കണമെന്ന ആവശ്യവുമുയര്‍ന്നുവന്നു. എന്നാല്‍, മതസംഘടനകളുടെ എതിര്‍പ്പ് ഭയന്ന് ബ്രിട്ടീഷ് അധികാരികള്‍ പരിഷ്‌കരണത്തിന് തയാറായില്ല.
പിന്നീടാണ്, 1955 -56 ല്‍ ഹിന്ദുകോഡ് ബില്‍ പാസാക്കുന്നത്. അതനുസരിച്ച് ഹിന്ദുവിവാഹനിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമം,ഹിന്ദു ദത്തെടുക്കലും സംരക്ഷണവും നിയമം എന്നിവ നടപ്പിലായി. രാജ്യത്ത് മതനിരപേക്ഷതയും സാമൂഹ്യ നീതിയും സ്വാതന്ത്ര്യവും സമത്വവും നിലനില്‍ക്കണമെന്നത് ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനുതകുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, മതാനുശാസനങ്ങള്‍ പാലിക്കാനുള്ള അവകാശം മൗലികാവകാശമായി മാറുന്നതോടെ (ആര്‍ട്ടിക്കിള്‍ 25 -28) ലിംഗസമത്വം ഉള്‍പ്പെടെയുള്ള സമത്വമെന്ന മൗലികാവകാശം പലപ്പോഴും അനുഭവിക്കാന്‍ കഴിയാതെ പോകുന്നു. ഇതാണ്, ഏകീകൃത സിവില്‍ നിയമം നേരിടുന്ന വൈരുധ്യം. മതപരമായ വ്യക്തിനിയമങ്ങള്‍ (Personal Laws) സ്ത്രീകളുടെ തുല്യമായ അവകാശത്തിനു തടസമാകുന്നത് ഈ സന്ദര്‍ഭത്തില്‍ കാണാതിരിക്കാന്‍ കഴിയില്ല.
വൈരുദ്ധ്യത്തിന്റെ സാഹചര്യം
പറഞ്ഞുവരുന്നത്, സങ്കീര്‍ണ്ണമാണ് സാഹചര്യം എന്നതാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഏകീകൃത സിവില്‍ നിയമത്തെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്താതെ നിര്‍ദ്ദേശകതത്വങ്ങളില്‍പെടുത്താന്‍ ഭരണഘടനാനിര്‍മ്മാതാക്കള്‍ തയാറായത്. സ്വാതന്ത്ര്യാനന്തരം വലിയ തോതിലുള്ള ചര്‍ച്ചകള്‍ ഇത് സംബന്ധിച്ച് നടക്കുകയുണ്ടായി. ഇന്ത്യ ഹിന്ദുക്കളായ കോണ്‍ഗ്രസുകാരുടെ കയ്യിലാണെന്നും മുസ്ലീങ്ങള്‍ക്ക് അവരുടെ മതവിശ്വാസവുമായി ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്നുമുള്ള മുഹമ്മദലി ജിന്നയുടെ പ്രസ്താവന നിലനില്‍ക്കുന്നൊരു സാഹചര്യമായിരുന്നു അത്.
മുഹമ്മദലി ജിന്ന
അത്തരമൊരു സാഹചര്യത്തില്‍ തന്നെ, ബി ആര്‍ അംബേദ്കറും ജവഹര്‍ലാല്‍ നെഹ്രുവും ഉള്‍പ്പെടെയുള്ളവര്‍ ഏകീകൃത സിവില്‍ നിയമത്തെ പിന്തുണയ്ക്കുകയായിരുന്നു.
ബി ആര്‍ അംബേദ്കര്‍
ജവഹര്‍ലാല്‍ നെഹ്രു
അതേസമയം, മൗലാന ഹസ്രദ് മൊഹാനി, പോക്കര്‍ സാഹിബ്, അഹമ്മദ് ഇബ്രാഹിം തുടങ്ങിയവര്‍ അതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളാണ് ഇരുവിഭാഗത്തിന്റെയും ചര്‍ച്ചയില്‍ പ്രതിഫലിച്ചത്. സ്വത്ത്, പിന്തുടര്‍ച്ച, വിവാഹം, വിവാഹ മോചനം, പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ വ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ വിവേചനം ഇല്ലാതാക്കാന്‍ ഏകീകൃത സിവില്‍ നിയമത്തിനു കഴിയുമെന്നതായിരുന്നു അനുകൂലിച്ചവരുടെ പ്രധാന വാദം.
മൗലാന ഹസ്രദ് മൊഹാനി
അതേസമയം, മതസ്വാതന്ത്ര്യമെന്ന അവകാശത്തിനു വിരുദ്ധമായിത്തീരും ഏകീകൃത സിവില്‍ നിയമമെന്നതായിരുന്നു എതിര്‍ത്തവരുടെ വാദം. വൈവിധ്യത്തെയും ബഹുസ്വരതയെയും സംരക്ഷിക്കുക ഇന്ത്യയുടെ സവിശേഷമായ സാമൂഹ്യ സാഹചര്യത്തില്‍ പ്രധാനമാണെന്നതിനാല്‍ ഏകീകൃത സിവില്‍ നിയമം അനിവാര്യമായി കാണേണ്ടതില്ലെന്ന നിലപാടിലേക്ക് ഭരണഘടനാനിര്‍മാണ സഭ എത്തുകയായിരുന്നു. ആവശ്യമില്ല എന്നല്ല, അനിവാര്യമല്ല എന്നാണ് സഭ കണ്ടത്. അതുകൊണ്ടുതന്നെ ഏകീകൃത സിവില്‍ നിയമത്തിലേക്ക് ക്രമേണ എത്തിച്ചേരാന്‍ ഭരണകൂടം ശ്രമിക്കണം എന്ന് വ്യക്തമാക്കുകയും ചെയ്തു.
ഷബാനു കേസ് – വഴിത്തിരിവ്
പിന്നീട്, 1985 ലാണ് ഏകീകൃത സിവില്‍ നിയമം രാജ്യവ്യാപകമായി ചര്‍ച്ചാവിഷയമാകുന്നത്. ഷാ ബാനു കേസിന്റെ സന്ദര്‍ഭത്തിലായിരുന്നു അത്. 1932 ലാണ് മധ്യപ്രദേശിലെ ഷാബാനു എന്ന മുസ്ലിം സ്ത്രീ, ഇന്‍ഡോറിലെ പ്രമുഖ അഭിഭാഷകനായിരുന്ന മുഹമ്മദ് അഹ്മദ് ഖാനെ വിവാഹം ചെയ്യുന്നത്. ആ വിവാഹബന്ധത്തില്‍ അവര്‍ക്ക് അഞ്ചു കുട്ടികളുണ്ടായി. പതിനാലു വര്‍ഷത്തിന് ശേഷം മുഹമ്മദ് അഹ്മദ് ഖാന്‍ മറ്റൊരു സ്ത്രീയെക്കൂടി വിവാഹം ചെയ്തു. 1978 ല്‍ ഷാബാനുവിന്റെ അറുപത്തിരണ്ടാം വയസില്‍ ഷാ ബാനുവുമായുള്ള വിവാഹബന്ധം മുഹമ്മദ് അഹ്മദ് ഖാന്‍ ഒഴിവാക്കി. ഇതിനെത്തുടര്‍ന്നാണ് ജീവനാംശം ആവശ്യപ്പെട്ട് ഷാബാനു കോടതിയെ സമീപിക്കുന്നത്. അതോടെ ഷാബാനുവിനെ തലാഖ് പ്രകാരം മൊഴിചൊല്ലുന്നതായി അഹമ്മദ് ഖാന്‍ പ്രഖ്യാപിച്ചു.
മുസ്ലിം വ്യക്തിനിയമപ്രകാരം, വിവാഹമോചിതയായ സ്ത്രീക്ക് ഭര്‍ത്താവായിരുന്നയാള്‍ തുടര്‍ന്ന് മൂന്നു മാസം മാത്രമേ ജീവനാംശം നല്‍കേണ്ടതുള്ളൂ. ആ കാലയളവില്‍ ആ സ്ത്രീ വിവാഹിതയാവുകയുമരുത്. 1980ല്‍ പ്രാദേശിക കോടതി ഷാ ബാനുവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചു. മുസ്ലിം വ്യക്തിനിയമമനുസരിച്ചുള്ള കടമകള്‍ താന്‍ നിറവേറ്റിയിട്ടുണ്ടെന്ന് ഖാന്‍ കോടതിയില്‍ വാദിച്ചു.
ക്രിമിനല്‍ പീനല്‍ കോഡിലെ സെക്ഷന്‍ 125 അനുസരിച്ച് ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരുടെ പരിപാലനം മതാതീതമായി ഇന്ത്യന്‍ പൗരരുടെ കടമയാണെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഷാ ബാനുവിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചു. മുഹമ്മദ് അഹമ്മദ് ഖാന്‍ ഷാ ബാനുവിന് ജീവനാംശം നല്കാണമെന്ന് കോടതി ഉത്തരവായി. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഏകീകൃത സിവില്‍ നിയമം സംബന്ധിക്കുന്ന ചര്‍ച്ചകള്‍ അക്കാലത്ത് സജീവമായത്.
വീണ്ടും ചര്‍ച്ചയിലേക്ക്
2015 ഒക്ടോബറില്‍ സുപ്രീം കോടതി വീണ്ടും കൂടുതല്‍ ശക്തമായി ഏകീകൃതസിവില്‍ നിയമത്തെ സംബന്ധിച്ച് പരാമര്‍ശിക്കുകയുണ്ടായി. ഏകീകൃത സിവില്‍ നിയമം രൂപീകരിക്കാത്തപക്ഷം രാജ്യത്ത് ഓരോ മതവും അതതിന്റേതായ വ്യക്തി നിയമങ്ങളുടെ പേരില്‍ വിവിധ വിഷയങ്ങളില്‍ അവകാശവാദമുന്നയിക്കും എന്നാണ് കോടതി നിരീക്ഷിച്ചത്. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ
വാഗ്ദാനം കൂടി മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡിനുള്ള നീക്കം തുടങ്ങിയത്.
അതിനു മുന്നോടിയായി കേന്ദ്ര നിയമ കമ്മീഷന്റെ അഭിപ്രായം തേടി. 2018 ഓഗസ്റ്റ് 31 നു പ്രസിദ്ധീകരിച്ച കുടുംബ നിയമപരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രനിയമക്കമ്മീഷന്‍ ഇതുസംബന്ധിക്കുന്ന അഭിപ്രായം വ്യക്തമാക്കി. ഓരോ സമുദായത്തിനുള്ളിലും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കലാണ് സമുദായങ്ങള്‍
തമ്മിലുള്ള സ്ത്രീ പുരുഷ സമത്വത്തേക്കാള്‍ കമ്മീഷന്‍ അന്ന് അനുകൂലിച്ചത്. അതായത് ഏകീകൃത സിവില്‍ കോഡിന് പകരം വ്യക്തിനിയമങ്ങള്‍ സമത്വധിഷ്ഠിതമായി പരിഷ്‌കരിക്കണമെന്ന് അര്‍ഥം.
പല രാജ്യങ്ങളും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന വിധം നിയമനിര്‍മ്മാണങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തില്‍ ലിംഗ നീതിക്കുതകുന്ന വിധത്തില്‍ വ്യക്തി നിയമങ്ങള്‍ പരിഷ്‌കരിക്കുകയാണ് വേണ്ടത് എന്നാണ് അന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
വൈവിധ്യങ്ങള്‍ വിവേചനത്തെയല്ല ജനാധിപത്യത്തെയാണ് ശക്തിപ്പെടുത്തുക എന്ന സുപ്രധാന നിരീക്ഷണമാണ് കമ്മീഷന്‍ മുന്നോട്ടു വച്ചത്.
ഉചിതമല്ലാത്ത സന്ദര്‍ഭം
ഇരുപത്തിയൊന്നാം നിയമകമ്മീഷന്‍ നിരീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഏകീകൃത സിവില്‍ നിയമത്തിനു അനുകൂലമായ ഒരു സാഹചര്യവും ഇന്ന് രാജ്യത്ത് രൂപപ്പെട്ടിട്ടില്ല. മാത്രമല്ല, മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ് കൂടുതല്‍ വെല്ലുവിളി നേരിടുകയുമാണ്. അതുകൊണ്ടുതന്നെ, ഏകീകൃത സിവില്‍ നിയമമെന്നതിലേക്ക് പൗരസമൂഹത്തെയാകെ അഭിപ്രായസമന്വയത്തിലെത്തിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്.
‘നമ്മുടെ ഭരണഘടനയില്‍ എഴുതിവച്ചതുപോലെ,’എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമായ സിവില്‍ നിയമ’മെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തിമലക്ഷ്യമാണ്. പക്ഷെ, കുടുംബസ്വത്തിനുള്ള അവകാശം, വിവാഹവും വിവാഹമോചനവും, വിവാഹ മോചിതരായ സ്ത്രീകള്‍ക്ക് കിട്ടേണ്ട ജീവനാംശം, മുതലായ കാര്യങ്ങളെ സ്പര്‍ശിക്കുന്ന ഏകീകൃത സിവില്‍ നിയമം പാസാക്കിയെടുക്കാന്‍ ന്യൂനപക്ഷസമുദായങ്ങളില്‍ പൊതുജനാഭിപ്രായം പക്വമായിട്ടില്ല. അതിനു പക്വത വരുമ്പോള്‍ മാത്രമേ, ‘പൊതു സിവില്‍ നിയമ’ മെന്ന ഭരണഘടനയിലെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാന്‍ പറ്റൂ.’ (ഇ.എം.എസ് 1994 ആഗസ്റ്റ് 7 )
ഇ.എം.എസ്
വൈവിധ്യത്തെയും ബഹുസ്വരതയെയും ഒരുപോലെ അംഗീകരിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. വൈവിധ്യമെന്നത് വ്യത്യസ്തമായ ആചാരങ്ങളും പെരുമാറ്റങ്ങളും മറ്റുമാണെങ്കില്‍, ബഹുസ്വരത എന്നത്, ഇത്തരം വ്യത്യസ്ത ആചാരങ്ങള്‍ പുലര്‍ത്തുന്ന സമൂഹങ്ങളുടെയും വിഭാഗങ്ങളുടെയും നിലനില്പാണ്, അവയെ അംഗീകരിക്കലാണ്. വൈവിധ്യങ്ങളുടെ നിലനില്പും ബഹുസ്വരതയും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍, ഉയര്‍ത്തിക്കൊണ്ടുവരുന്ന ഏകീകൃത സിവില്‍ നിയമമെന്ന ആശയം രാജ്യത്ത് കൂടുതല്‍ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും അരക്ഷിതബോധവും സൃഷ്ടിക്കാന്‍ മാത്രമേ സഹായകമാവൂ. ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യത്തിനു വിരുദ്ധമായ നീക്കമായിരിക്കും അത്.
content highlights; Uniform Civil Code and Civil Society