കോഴിക്കോട്: സി.പി.ഐയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ ബന്ധു സി.പി.ഐ.എമ്മാണെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. ‘സ്പ്ലിറ്റ് സിന്‍ഡ്രോം’ എന്ന രോഗം ബാധിച്ചവരാണ് ഭിന്നിപ്പിനെ പ്രകീര്‍ത്തിക്കുന്നത്. രോഗം ഒരു കുറ്റമല്ല. എന്നാല്‍ അത് ചികിത്സിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മുതലക്കുളത്ത് പാര്‍ട്ടി തൊണ്ണൂറ്റിഏഴാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരൊറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി.പി.ഐയുടെ ലക്ഷ്യം. അതാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. ആര്‍.എസ്.എസിന് പ്രത്യയശാസ്ത്ര ബദലാകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം. അതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യം. പുനരേകീകരണമെന്നാല്‍ അതിന്റെ അര്‍ത്ഥം ലയനമെന്നല്ല. ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ ഐക്യമാണ് ആവശ്യം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി വേറൊന്നാകുമായിരുന്നു. എല്ലാക്കാലത്തും സി.പി.ഐ ഐക്യത്തിന്റെ പാര്‍ട്ടിയാണ്, ഭിന്നിപ്പിന്റെ പാര്‍ട്ടിയല്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിന് എതിരായി സി.പി.ഐ.എമ്മിനോ സി.പി.ഐക്കോ ചിന്തിക്കാന്‍ കഴിയില്ല,’ ബിനോയ് വിശ്വം പറഞ്ഞു.
സി.പി.ഐ.എമ്മിലെ ചിന്തിക്കുന്നവര്‍ക്ക് പുനര്‍ ഏകീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുമെന്നുതന്നെയാണ് സി.പി.ഐയുടെ വിശ്വാസമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Content Highlight: Unification of Communist Party is the aim of CPI: Binoy Vishwam