| Tuesday, 14th November 2023, 4:36 pm

7,00,000 കുട്ടികൾ ഗസയിൽ നിർബന്ധിത പലായനത്തിന് വിധേയരായെന്ന് യൂണിസെഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ നിന്ന് നിർബന്ധിത പലായനത്തിന് നിർബന്ധിതരായത് 7,00,000ലധികം കുട്ടികളെന്ന് യൂണിസെഫ്. ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാനുഷിക സഹായങ്ങളെത്തിക്കാൻ തടസമില്ലാതെ സ്ഥിരമായി പ്രവേശനം സാധ്യമാക്കണമെന്നും എക്‌സിൽ യൂണിസെഫ് ആവശ്യപ്പെട്ടു.

മെഡിക്കൽ, ആരോഗ്യ സംവിധാനങ്ങൾ സ്തംഭിപ്പിച്ച ഇസ്രഈൽ നടപടിയിൽ ഗസയിലെ കുട്ടികൾ വലിയ ദുരന്തമാണ് അനുഭവിക്കുന്നത് എന്ന് യൂണിസെഫ് നേരത്തെ പറഞ്ഞിരുന്നു.

‘ഗസയിലെ കുട്ടികൾ ഒരു നൂലിൽ പിടിച്ചു തൂങ്ങുകയാണ്, പ്രത്യേകിച്ച് വടക്കൻ ഗസയിൽ,’ യൂണിസെഫ് പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക ഡയറക്ടർ അഡേൽ ഗോദർ പറഞ്ഞു.

ഗസയിലെ ആക്രമണങ്ങളിൽ യു.എന്നിന്റെ പ്രതികരണം പൂർണ പരാജയമാണെന്ന് ഫലസ്തീനിലെ യു.എൻ സ്പെഷ്യൽ റിപ്പോർട്ടർ ഫ്രാൻസിസ്‌ക ആൽബനീസ് പറഞ്ഞു.

‘ഞാൻ വളരെ വിനയത്തോടെ പറയട്ടെ, യു.എൻ രൂപീകരിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയവും മാനുഷികവുമായ ഏറ്റവും വലിയ പരാജയമാണ് അത് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

അംഗ രാജ്യങ്ങളും അങ്ങനെ തന്നെ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങൾ. ഓസ്‌ട്രേലിയയും മറിച്ചല്ല. ഒന്നുകിൽ ഇസ്രഈൽ വിജയത്തെ അപലപിക്കാൻ കുറച്ചു വാക്കുകൾ പറയും, അല്ലെങ്കിൽ ഇസ്രഈലിൽ നിന്നുള്ള തിരിച്ചടി ഭയന്ന് നിശബ്ദരാകുന്നു. അതുമല്ലെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശമെന്ന് പറയുന്നു, എന്ത് തന്നെ ആയാലും ഇത് പരാജയമാണ്,’ ആൽബനീസ് പറഞ്ഞു.

ഇസ്രഈൽ നുഴഞ്ഞുകയറി അധിനിവേശം നടത്തുന്ന ഒരു പ്രദേശത്ത് നിന്നുള്ള ഭീഷണിക്കെതിരെ സ്വയം പ്രതിരോധമെന്ന് അവകാശപ്പെടാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: UNICEF says more than 700,000 Gaza children displaced, calls for immediate ceasefire

We use cookies to give you the best possible experience. Learn more