ന്യൂയോര്‍ക്ക്: റഫയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതികരിച്ച് യൂണിസെഫ്. ബുദ്ധിശൂന്യമായി റഫയിലെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന നടപടി ഇസ്രഈല്‍ അവസാനിപ്പിക്കണമെന്ന് യൂണിസെഫ് പറഞ്ഞു. ക്യാമ്പിനുള്ളില്‍ ആക്രമണത്തിനിരയായ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ടിന്റെ മേധാവിയായ കാതറിന്‍ റസ്സലാണ് ഇസ്രഈലിനോട് അതിക്രമം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
അമേരിക്ക അനുവദിച്ച ഇസ്രഈലി വിമാനങ്ങളാണ് ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത്. ഇസ്രഈല്‍ ബോംബാക്രമണത്തില്‍ പൊള്ളലേറ്റ കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും ചിത്രങ്ങള്‍ നമ്മെയെല്ലാം ഞെട്ടിക്കുന്നു. താത്കാലിക ടെന്റുകളില്‍ അഭയം പ്രാപിച്ച കുട്ടികളെ കൊലപ്പെടുത്തുന്നത് മനഃസാക്ഷിക്ക് നിരക്കാത്തതാണെന്നും റസ്സല്‍ പറഞ്ഞു.
ഏഴ് മാസത്തോളമായി ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തങ്ങള്‍ സാക്ഷിയാണെന്നും കാതറിന്‍ റസ്സല്‍ ചൂണ്ടിക്കാട്ടി. ഗസയിലെ അടിയന്തിര വെടിനിര്‍ത്തല്‍, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നതിന്റെയെല്ലാം ആവശ്യകത എത്രത്തോളമാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചതായി റസ്സല്‍ എക്സില്‍ കുറിച്ചു.
Images of burned children & families emerging from bombed tents in #Rafah shocks us all. The reported killing of children sheltering in makeshift tents is unconscionable. For over 7 months, we’ve witnessed this tragedy unfold, resulting in thousands of children killed or injured.
ആക്രമണത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിനുള്ളിലുണ്ടായിരുന്ന നിരവധി ഫലസ്തീനികള്‍ ജീവനോടെ കത്തിയെരിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്.
റഫയിലെ സൈനിക നടപടി ഉടനെ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ മറികടന്നുകൊണ്ടാണ് ഇസ്രഈലിന്റെ ആക്രമണം. അന്താരാഷ്ട്ര കോടതിയുടെ വിധി തങ്ങളുടെ ലക്ഷ്യത്തെ ബാധിക്കില്ലെന്ന് ഇസ്രഈലി നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു. വിധി പുറപ്പെടുവിച്ചതിന് ശേഷവും അതേ നിലപാടില്‍ തുടരുകയാണ് നെതന്യാഹു സര്‍ക്കാര്‍.
ആക്ഷന്‍ എയ്ഡ്, കെയര്‍ ഇന്റര്‍നാഷണല്‍, ചര്‍ച്ചസ് ഫോര്‍ മിഡില്‍ ഈസ്റ്റ് പീസ്, ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക, മിഡില്‍ ഈസ്റ്റ് ചില്‍ഡ്രന്‍സ് അലയന്‍സ്, നോര്‍വീജിയന്‍ ചര്‍ച്ച് എയ്ഡ്, ഓക്‌സ്ഫാം, വാര്‍ ചൈല്‍ഡ് അലയന്‍സ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര മാനുഷിക ദുരിതാശ്വാസ സംഘടനകള്‍ ഐ.സി.ജെയുടെ ഉത്തരവ് ഇസ്രഈല്‍ നടപ്പിലാക്കുമെന്ന് യു.എന്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.
Content Highlight: UNICEF says Israel must stop senseless killing of babies in Rafah