| Thursday, 7th December 2023, 8:10 am

സമ്പന്ന രാജ്യങ്ങളില്‍ അഞ്ചില്‍ ഒരു കുട്ടി ദാരിദ്ര്യത്തില്‍; ഫ്രാന്‍സും ബ്രിട്ടനും ദാരിദ്ര്യനിരക്കില്‍ പിന്നിലെന്ന് യൂണിസെഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും സമ്പന്നമായ 40 രാജ്യങ്ങളില്‍ അറുപത്തൊന്‍പത് ദശലക്ഷം കുട്ടികള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്. അഞ്ചില്‍ ഒന്നിലധികം കുട്ടികള്‍ ദാരിദ്യത്തില്‍ കഴിയുകയാണെന്നും ബ്രിട്ടനും ഫ്രാന്‍സുമടങ്ങുന്ന രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പുറകിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെയും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റേയും കണക്കുകള്‍ പ്രകാരം 2012 മുതല്‍ 2014 വരെയും 2019 മുതല്‍ 2021 വരെയും 40 സമ്പന്ന രാജ്യങ്ങളിലെ കുട്ടികളുടെ ദാരിദ്ര്യനിരക്ക് ഏകദേശം എട്ട് ശതമാനമാണെന്നാണ് വിലയിരുത്തല്‍. ഇത് മൊത്തം 291 ദശലക്ഷം കുട്ടികളുടെ ജനസംഖ്യയില്‍ ഏകദേശം 6 ദശലക്ഷം കുട്ടികള്‍ക്ക് തുല്യമാണെന്നാണ് യൂണിസെഫ് പറയുന്നത്.

2012ന് ശേഷം ബ്രിട്ടനില്‍ കുട്ടികളുടെ ദാരിദ്ര്യനിരക്ക് 19.6 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ 10.4 ശതമാനവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. അതേസമയം അമേരിക്കയില്‍ ദാരിദ്ര്യനിരക്കില്‍ 6.7 ശതമാനം കുറവുണ്ടായെങ്കിലും നാലിലൊന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണെന്നാണ് വെളിപ്പെടുത്തല്‍.

യു.എസിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ 30 ശതമാനം കുട്ടികളും ദരിദ്രാവസ്ഥയിലാണ്. എന്നാല്‍ 2019-2021ലെ ദാരിദ്ര്യനിരക്ക് സമാനമായ പ്രതിശീര്‍ഷ വരുമാനമുള്ള ഡെന്മാര്‍ക്കിനെ അപേക്ഷിച്ച് യു.എസില്‍ ഇരട്ടിയാണ്. മിക്ക കുട്ടികള്‍ക്കും വേണ്ടത്ര പോഷകാഹാരം, വസ്ത്രങ്ങള്‍, സ്‌കൂള്‍ സപ്ലൈസ്, സുരക്ഷിത പാര്‍പ്പിടം എന്നിവയെല്ലാം നിഷേധിക്കപ്പെടുന്നു.

കുട്ടികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ഇച്ഛാശക്തി നേടുന്നതിന് നടപടി വേണമെന്നും യൂണിസെഫ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ ഇതര ദേശീയരായ മാതാപിതാക്കളുള്ള കുട്ടികള്‍ ദാരിദ്ര്യത്തില്‍ ജീവിക്കാനുള്ള സാധ്യത 2.4 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Content Highlight: UNICEF reports that one in five children live in poverty in rich countries

We use cookies to give you the best possible experience. Learn more