ലോകത്ത് കുട്ടികൾക്ക് ഏറ്റവും അപകടകരമായ സ്ഥലം ഗസ: യൂണിസെഫ്
World News
ലോകത്ത് കുട്ടികൾക്ക് ഏറ്റവും അപകടകരമായ സ്ഥലം ഗസ: യൂണിസെഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 8:03 pm

ഗസ: ലോകത്ത് കുട്ടികൾക്ക് ഏറ്റവും അപകടം പിടിച്ച സ്ഥലം ഗസയാണെന്ന് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റുസെൽ. ഗസയിൽ ഓരോ ദിവസവും 115ലധികം കുട്ടികളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും കാതറിൻ റുസെൽ പറഞ്ഞു.

’46 ദിവസങ്ങളിൽ മാത്രം 5,300ലധികം ഫലസ്തീനി കുട്ടികളാണ് കൊല്ലപ്പെട്ടത്. ഓരോ ദിവസവും 115ലധികം കുട്ടികളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ കണക്കുകൾ പ്രകാരം ഗസയിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനവും കുട്ടികളാണ്. ഇത് എവിടെയും കേട്ടുകേൾവിയില്ലാത്തതാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു കുട്ടിയായിരിക്കാൻ ലോകത്ത് ഏറ്റവും അപകടം പിടിച്ച സ്ഥലം ഗസയാണ്. ഗസയിൽ കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ വിനാശകരവും വിവേചനപരവുമാണ്,’ റുസെൽ പറഞ്ഞു.

1200ലധികം കുട്ടികൾ കെട്ടിടാവശിഷ്ടങ്ങളിൽ അകപ്പെട്ടതായി യൂണിസെഫിന് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും റുസെൽ പറഞ്ഞു.

ഗസയിലെ ആക്രമണത്തിന് താത്കാലിക വിരാമമിടുകയും ബന്ധികളെ മോചിപ്പിക്കുകയും ചെയ്യുന്ന ഉടമ്പടിയെ റുസെൽ സ്വാഗതം ചെയ്തുവെങ്കിലും കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ ഈ ഉടമ്പടി മതിയാകില്ല എന്നും അവർ പറഞ്ഞു.

ഗസയിൽ നിന്ന് ഏഴ് ലക്ഷം കുട്ടികൾ കുടിയിറക്കപ്പെട്ടതായി നേരത്തെ യൂണിസെഫ് അറിയിച്ചിരുന്നു.

14,532 ഫലസ്തീനികളാണ് ഇതുവരെ ഗസയിൽ കൊല്ലപ്പെട്ടത്. ഇതിൽ 6,000 കുട്ടികളും 3,920 സ്ത്രീകളും ഉൾപ്പെടുന്നു. 33,000ലധികം ആളുകൾക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

Content Highlight: UNICEF calls Gaza world’s ‘most dangerous place’ for children