ഗസ: 24 മണിക്കൂറിനുള്ളില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി ഗസയില്‍ വെടിനിര്‍ത്തണമെന്നും സഹായങ്ങള്‍ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടു.
സംഘര്‍ഷങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുള്ള പ്രാഥമിക സഹായങ്ങള്‍ എത്തിക്കണം. മരുന്ന്, ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള സാധനങ്ങളും ജീവനക്കാരെയും എത്തിക്കാനുള്ളതിനാല്‍ വെടിനിര്‍ത്തല്‍ വൈകിപ്പിക്കരുതെന്ന് യൂനിസെഫ് പറഞ്ഞു.
ഗസയിലെ അവസ്ഥകള്‍ വളരെ മോശമായി തുടരുന്നതിനാല്‍ പലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിതമായ ഒരിടം ഇല്ലാതായെന്നും യുനിസെഫ് കൂട്ടിച്ചേര്‍ത്തു.
ഗസയില്‍ ഓരോ മണിക്കൂറിലും നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണത്തെ അവസാനിപ്പിക്കണമെന്ന് ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ യൂനിസെഫ് വക്താവ് പറഞ്ഞു.
കരയുദ്ധം തുടങ്ങുന്നതിന് മുന്‍പേ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രഈല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഗസയില്‍ നിന്ന് പലയാനം ചെയ്യരുതെന്ന് ജനങ്ങളോട് ഹമാസ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രഖ്യാപനത്തിന് പിന്നാലെ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസയില്‍ നിന്നും പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.