| Thursday, 27th May 2021, 8:54 pm

ഗാസയിലെ ഇസ്രാഈല്‍ ആക്രമണത്തെ യുദ്ധക്കുറ്റമായി കണക്കാക്കണം; യു.എന്‍ മനുഷ്യവകാശ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്‌ലൈറ്റ്.

‘ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 270 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 68 പേര്‍ കുട്ടികളാണ്. 11 ദിവസത്തെ ആക്രമണത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്,’ മിഷേല്‍ പറഞ്ഞു.

ഇത്തരം ആക്രമണം വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇവയെ യുദ്ധക്കുറ്റമായി തന്നെ കണക്കാക്കപ്പെടുത്താവുന്നതാണെന്നും മിഷേല്‍ പറഞ്ഞു.

അതേസമയം, 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രാഈല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നുമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

പതിനൊന്ന് ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു.

1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

വെടിനിര്‍ത്തലിനു ശേഷവും അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ കോമ്പൗണ്ടില്‍ കഴിഞ്ഞദിവസം അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചിരുന്നു.

ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായി.

ജൂത മതപരമായ വസ്ത്രം ധരിച്ച ഏതാനും ഇസ്രാഈലുകള്‍ മസ്ജിദുല്‍ അഖ്സക്ക് കാവല്‍ നില്‍ക്കുന്നതായി തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: UNHRC Chief Says Gaza Attack By Israel Should Consider As War Crime

We use cookies to give you the best possible experience. Learn more