'നല്ലഭാവിക്ക് പെണ്‍കുഞ്ഞിനെ ബലിയര്‍പ്പിക്കണമെന്ന് ജോത്സ്യന്‍'; കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്
ചിക്മംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ ശ്വാസം മുട്ടിച്ചു കൊന്നു. പെണ്‍കുഞ്ഞ് ജനിച്ചതിലെ അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നല്ല ഭാവി വേണമെങ്കില്‍ കുഞ്ഞിനെ കൊല്ലുന്നതാണ് നല്ലത് എന്ന ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കൊലപാതകം.
മഞ്ചുനാഥ് എന്നയാളാണ് മകളെ കൊലപ്പെടുത്തിയത്. ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കായിരുന്നെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.
ഭാര്യ വീട്ടുജോലിയിലായിരുന്ന സമയത്താണ് കൊല നടത്തിയത്. വീട്ടിലെ ബാക്കി അംഗങ്ങള്‍ ജോലിക്ക് പോയിരുന്നു.
കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാള്‍ ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. ഭാര്യ നോക്കിയപ്പോള്‍ കുഞ്ഞിന്റെ മൂക്കില്‍ നിന്നും ചോര വരുന്നതിനൊപ്പം കുട്ടിക്ക് ശ്വസവും ഉണ്ടായിരുന്നില്ല. പിന്നീട് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഡോക്ടറാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. പൊലീസില്‍ പരാതിപ്പെടാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പിന്നീട് സംശയത്തെതുടര്‍ന്ന് ഭാര്യ മഞ്ചുനാഥിനെതിരെ പരാതി നല്‍കുകയായിരുന്നു.
പോലീസ് പിടികൂടിയ ശേഷം മഞ്ചുനാഥ് കുറ്റം സമ്മതിക്കുകയും ഒരു ജ്യോത്സ്യന്‍ പെണ്‍കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്ന് പറഞ്ഞതായി സമ്മതിക്കുകയുമായിരുന്നു.