| Sunday, 7th January 2018, 8:29 am

നോട്ടു നിരോധനവും ജി.എസ്.ടിയും ബിസിനസ് തകര്‍ത്തു; ബി.ജെ.പി ഓഫീസിനുള്ളില്‍ ബിസിനസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം ബിസിനസ് തകര്‍ന്നയാള്‍ ബി.ജെ.പി ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫിസിലെത്തിയാണ് പ്രകാശ് പാണ്ഡെയെന്നയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

കാത്ഗോഡം നയി കോളനി സദേശിയായ പ്രകാശ് പാണ്ഡെ ചരക്കു ഗതാഗത മേഖലയില്‍ ബിസിനസ് ചെയ്ത് വരികയായിരുന്നു നോട്ടു നിരോധനം മൂലം കച്ചവടത്തില്‍ ഇടിവു നേരിട്ടെന്നു പറഞ്ഞാണ് ഇയാള്‍ ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് മന്ത്രി പറഞ്ഞു. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ബിസിനസ് തകര്‍ന്ന ഇയാള്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തെഴുതിയിരുന്നു. ലോണുകള്‍ എഴുതിത്തള്ളണമെന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സാധിച്ചുതന്നില്ലെന്നാണ് പ്രകാശ് പറഞ്ഞത്.

മന്ത്രിയോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ താഴെ വീണത്. തുടര്‍ന്ന് മന്ത്രിയുടെ കാറില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫിസില്‍ എത്തുന്നതിനു മുന്‍പു തന്നെ ഇയാള്‍ വിഷം കഴിച്ചിരുന്നുവെന്നു കരുതുന്നതായി മന്ത്രി അറിയിച്ചു.

We use cookies to give you the best possible experience. Learn more