ജനീവ: ക്യൂബക്കെതിരായ യു.എസിന്റെ സാമ്പത്തിക, വാണിജ്യ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം. വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ 185 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ രണ്ട് പ്രതിനിധികള്‍ എതിര്‍ക്കുകയും, രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.
ഇതോടെ പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി പാസാക്കി. യു.എസും ഇസ്രഈലുമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ബ്രസീലും ഉക്രൈനും വിട്ടുനില്‍ക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായി തുടരുന്ന ക്യൂബക്കെതിരെയുള്ള യു.എസ് ഉപരോധത്തെ അപലപിച്ചുകൊണ്ട് ഇത് 30ാം തവണയാണ് യു.എന്‍ അസംബ്ലിയില്‍ വോട്ടിങ് നടക്കുന്നത്. ഈ 30 തവണയും മറ്റു രാജ്യങ്ങള്‍ ക്യൂബയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, അമേരിക്കയും ഇസ്രഈലും മാത്രമാണ് എതിര്‍ക്കാനുണ്ടായത്.
‘യു.എസ് ഈ പ്രമേയത്തെ എതിര്‍ക്കുന്നു. പക്ഷേ ഞങ്ങള്‍ ക്യൂബന്‍ ജനതക്കൊപ്പം നില്‍ക്കുകയാണ്. ക്യൂബന്‍ ജനതക്ക് പിന്തുണ നല്‍കാനുള്ള മറ്റ് വഴികള്‍ ഞങ്ങള്‍ തേടും,’ യു.എസ് പൊളിറ്റിക്കല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കെല്ലി പറഞ്ഞു.
‘യു.എസ് ഗവണ്‍മെന്റിന് ക്യൂബന്‍ ജനതയുടെ ക്ഷേമം, മനുഷ്യവകാശം, സ്വയം നിര്‍ണ്ണയാവകാശം എന്നിവയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ക്ക് ഉപരോധം അവസാനിപ്പിക്കാന്‍ കഴിയും,’ ക്യൂബന്‍ ഉപ പ്രതിനിധി യൂറി ഗാല പറഞ്ഞു.
അതേസമയം, ക്യബന്‍ വിപ്ലവത്തെത്തുടര്‍ന്ന് 1960ല്‍ ഫിദല്‍ കാസ്‌ട്രോ അധികാരമേറ്റത് മുതല്‍ അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധം ഇന്നും തുടരുകയാണ്.
ക്യൂബയില്‍ അധികാരത്തിലേറിയ ഫിദല്‍ അമേരിക്കന്‍ പൗരന്മാരുടെയും കോര്‍പ്പറേഷനുകളുടെയും പരിധിയിലുണ്ടായിരുന്ന സ്വത്തുക്കള്‍ ദേശസാല്‍ക്കരിച്ചതോടെയാണ് യു.എസ് സര്‍ക്കാര്‍ ക്യൂബയില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്.
Content Highlight: UNGA resolution demands end to U.S. embargo on Cuba