ഈ മിടുക്ക് ബി.ജെ.പിയെ നേരിടാനാണ് കാണിക്കേണ്ടത്; സോണിയ ഗാന്ധിയ്ക്ക് കത്തയച്ച നേതാവിനെതിരെ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോട് കപില്‍ സിബല്‍
ലക്‌നൗ: നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ച മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയ്‌ക്കെതിരെ പ്രമേയം പാസാക്കിയ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നടപടി ദൗര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍.
ഉത്തര്‍പ്രദേശില്‍ ജിതിന്‍ പ്രസാദിനെ ടാര്‍ഗറ്റ് ചെയ്ത് ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്വയം കുറ്റപ്പെടുത്തുന്ന ഊര്‍ജ്ജം ബി.ജെ.പിയെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.
കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയത്.
ലഖിംപുര്‍ ഖേരി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് കത്തെഴുതിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. ജിതിന്‍ പ്രസാദയെ പേരെടുത്ത് പറഞ്ഞ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സോണിയക്ക് കത്തെഴുതിയ 23 നേതാക്കളില്‍ പെട്ടവരാണ് ജിതിന്‍ പ്രസാദയും കപില്‍ സിബലും. 2009ല്‍ ലഖിംപുര്‍ ഖേരി ജില്ലയിലുള്ള ധൗറ മണ്ഡലത്തില്‍ നിന്ന് ജിതിന്‍ പ്രസാദ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും
അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗം ചേരുന്നതിന് ഒരുദിവസം മുന്‍പാണ് കത്തയച്ച കാര്യം പുറത്തുവന്നത്. യോഗത്തില്‍ കത്ത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും നേതാക്കള്‍ തമ്മില്‍ കത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധി തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്ന തീരുമാനമുണ്ടായിട്ടും കത്ത് വിവാദം പാര്‍ട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക