ഉന്നാവോയിലെ പെണ്‍കുട്ടിയുടെ അവസ്ഥയോര്‍ത്ത് ഞങ്ങള്‍ക്ക് വിഷമമുണ്ട്; എം.എല്‍.എയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ സാക്ഷി മഹാരാജ്
ലഖ്‌നൗ: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ച അപകടത്തില്‍ വിഷമമുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ സാക്ഷി മഹാരാജ്. ” നിര്‍ഭാഗ്യകരവും ദു:ഖകരവുമായ” സംഭവമാണ് ഇതെന്നായിരുന്നു അദ്ദേഹം പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ അദ്ദേഹം നടന്നത് അപകടം തന്നെയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സി.ബി.ഐ അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് ശരിയാവില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിഷയം ഇന്ന് സഭയില്‍ ഉന്നയിച്ചിരുന്നു. എസ്.പി നേതാവ് അസം ഖാന്‍ സഭയില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയായിരുന്നു അഖിലേഷ് വിഷയം സഭയില്‍ ഉന്നയിച്ചത്. ” അസം ഖാന്‍ ജി അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു. ഒരു കാര്യം ചോദിച്ചോട്ടെ, എന്താണ് ഉന്നാവോയിലെ പെണ്‍കുട്ടിയെ കുറിച്ച് പറയാനുള്ളത്? നമുക്ക് അതിനെ കുറിച്ച് കൂടി സംസാരിക്കേണ്ടേ എന്നായിരുന്നു അഖിലേഷ് യാദവ് സഭയില്‍ ചോദിച്ചത്.
പെണ്‍കുട്ടിയെ നിശബ്ദയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇത് ഒരു അപകടം മാത്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നതായും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും പാര്‍ലമെന്റില്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.