| Saturday, 4th July 2020, 4:32 pm

'ആ പ്രചരണം തെറ്റ്'; മോദി സന്ദര്‍ശിച്ച സൈനിക ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ലേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിന് പിന്നാലെ ഉയരുന്ന വിവാദത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ സൈന്യം.

സൈനികര്‍ക്ക് വേണ്ട മികച്ച ചികിത്സ തന്നെയാണ് നല്‍കുന്നതെന്നും കൊവിഡ് പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രത്യേക വാര്‍ഡിലാണ് സൈനികര്‍ ഉള്ളതെന്നും സൈന്യം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനവുമായി ബന്ധപ്പെട്ട്് അപകീര്‍ത്തികരവും മോശവുമായി ചില ആരോപണങ്ങള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രത്യേക ആശുപത്രി ഒരുക്കുകയായിരുന്നെന്ന വാദം തെറ്റാണെന്നും സൈന്യം പറഞ്ഞു.

സൈനികരെ കാണാനായി മോദി നേരിട്ടെത്തിയതും ലേയിലെ ആശുപത്രിയില്‍ മോദി സന്ദര്‍ശനം നടത്തിയ വാര്‍ത്തയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ആഘോഷിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

മോദിയുടെ ആശുപത്രി സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് വെറും ‘മാര്‍ക്കറ്റിങ് ഗിമ്മിക്കാ’ണെന്ന് പറഞ്ഞ് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

യഥാര്‍ത്ഥത്തില്‍ മോദി സന്ദര്‍ശിച്ചത് ഒരു ആശുപത്രി തന്നെയാണോ എന്ന് ചിലര്‍ സംശയമുന്നയിച്ചിരുന്നു. മാത്രമല്ല ജവാന്മാരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഈ നടപടി ശരിയായില്ലെന്നാണ് മറ്റു ചിലര്‍ ട്വീറ്റിലൂടെ പങ്കുവെക്കുന്നത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി മുന്‍ മിലിട്ടറി റിസര്‍വ്സ്റ്റും ഹൈക്കോടതി അഭിഭാഷകനുമായ നവദീപ് സിംഗ് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാസം ആര്‍മി ചീഫ് സ്റ്റാഫ് എം എം നരവേന്‍ ഇതേ ആശുപത്രിയില്‍ സൈനികരെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനായി ഒരു ആശുപത്രി സെറ്റിട്ടതാണോ എന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യഥാര്‍ത്ഥത്തില്‍ മുന്‍പ് ഇതൊരു സെമിനാര്‍ ഹാള്‍ ആയിരുന്നെന്നും എന്നാല്‍ പിന്നീട് ഇത് ഒരു ആശുപത്രി വാര്‍ഡാക്കി മാറ്റുകയായിരുന്നുവെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. സൈനികരുടെ മാനസികമായ ക്ഷേമം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഇവിടേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയിലെ ധീരരായ സൈനികരെ ലോകം കാണാനാഗ്രഹിക്കുന്നു എന്നായിരുന്നു മോദി പരിക്കേറ്റ സൈനികരോട് പറഞ്ഞത്. അവരുടെ ത്യാഗത്തെ കുറിച്ചും പരിശീലനത്തെ കുറിച്ചും ലോകത്തിന് അറിയണമെന്നും സൈനികരുടെ ധീരത രാജ്യത്തെ യുവാക്കള്‍ക്കും പ്രചോദനമാണെന്നും തലമുറകളോളം ഈ ധീരത ഓര്‍മ്മിക്കപ്പെടുമെന്നും മോദി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more