സിംബാബ്വെ- അയര്‍ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം സിംബാബ്വെ സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ബൗള്‍ കൊണ്ടും ബാറ്റ് കൊണ്ടും സിംബാവെക്കായി മികച്ച പ്രകടനമാണ് സിക്കന്ദര്‍ റാസ കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ 42 പന്തില്‍ 65 റണ്‍സ് നേടി കൊണ്ടായിരുന്നു റാസയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. അഞ്ച് ഫോറുകളുടെയും രണ്ട് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 154.76 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റാസ ബാറ്റ് വീശിയത്.
മത്സരത്തില്‍ ബൗളിങ്ങിലും തന്റെ മിന്നും പ്രകടനം റാസ പുറത്തെടുത്തു. നാല് ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കി അയര്‍ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ ആണ് റാസ പിഴുതെടുത്തത്. അയര്‍ലണ്ട് ബാറ്റര്‍മാരായ ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍ എന്നിവരുടെ വിക്കറ്റുകളാണ് റാസ നേടിയത്.
താരത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനം റാസയെ മത്സരത്തിലെ പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേട്ടത്തിന് അര്‍ഹനാക്കി.
ഇതിന് പിന്നാലെ ഒരു അവിസ്മരണീയമായ റെക്കോഡ് നേട്ടമാണ് റാസ സ്വന്തം പേരില്‍ കുറിച്ചത്. പുരുഷ അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് നേട്ടത്തിലേക്കാണ് റാസ കാലെടുത്തു വെച്ചത്.
78 ടി-20 മത്സരങ്ങളില്‍ നിന്നും 14 തവണയാണ് റാസ പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയത്. 15 പ്ലയെര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്.
അന്താരാഷ്ട്ര പുരുഷ ടി-20യില്‍ ഏറ്റവും കൂടുതല്‍ പ്ലയെര്‍ ഓഫ് ദ മാച്ച് നേടിയ താരം, അവാര്‍ഡുകളുടെ എണ്ണം, മത്സരങ്ങള്‍ എന്നീ ക്രമത്തില്‍
വിരാട് കോഹ്ലി – 15 (115)
സിക്കന്ദര്‍ റാസ – 14 (78)
മുഹമ്മദ് നബി – 14 (109)
സൂര്യകുമാര്‍ യാദവ് – 13 (58)
രോഹിത് ശര്‍മ്മ – 12 (148)
ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് ആണ് നേടിയത്.
സിംബാബ്വെ ബൗളിങ് നിരയില്‍ സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റും റിച്ചാര്‍ഡ് നഗാരവ, ബ്ലെസ്സിങ് മുസാറബാനി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സിക്കന്ദര്‍ റാസയുടെ മിന്നും ബാറ്റിങ്ങാണ് സിംബാവെയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
അയര്‍ലാന്‍ഡ് ബൗളിങ് നിരയില്‍ ജോഷ്വാ ലിറ്റില്‍, ക്രൈഗ് യങ്, മാര്‍ക്ക് അഡൈര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന പന്തില്‍ സിംബാബ്വെ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് സിംബാബ്വെ. ഡിസംബര്‍ ഒമ്പതിന് ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ ആണ് രണ്ടാം ടി-20 നടക്കുക.
CONTENT HIGHLIGHTS: Unforgettable achievement by Sikandar Raza