| Sunday, 1st March 2020, 7:26 pm

'ഉത്തരവാദിത്തം മുഴുവന്‍ സോണിയയില്‍ അടിച്ചേല്‍പിക്കുന്നത് അനീതി'; രാഹുല്‍ ഗാന്ധിയല്ലെങ്കില്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തണമെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം സോണിയാ ഗാന്ധിയില്‍ അടിച്ചേല്‍പിക്കുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ നേതൃത്വ സ്ഥാനം ഏറ്റെടുക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കില്‍ പകരം മറ്റൊരാളെ കണ്ടെത്തേണ്ടി വരുമെന്നും ശശി തരൂര്‍ ന്യൂസ് 18 നോട് പറഞ്ഞു.

പാര്‍ട്ടിയെ ഒന്നിച്ച് നിര്‍ത്താനും പുനരുജ്ജീവിപ്പിക്കാനുമുള്ള ശേഷിയും കാഴ്ചപ്പാടും രാഹുല്‍ ഗാന്ധിക്കുണ്ടെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ഗാന്ധി കുടുംബത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും അതിനൊരു നല്ല കാരണമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

‘സോണിയ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷയാക്കിയത് താല്‍ക്കാലിക നടപടിയായിരുന്നു. അവര്‍ ഈ സ്ഥാനത്തും നിന്നും പിന്‍വാങ്ങി രണ്ടുവര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ പുരുജ്ജീവിപ്പിക്കാനുള്ള ചുമതല വീണ്ടും ഏല്‍പ്പിച്ചത് അനീതിയാണ്. ഇത് ഞങ്ങളില്‍ പലരും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്’, തരൂര്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്കിടയിലേക്ക് പാര്‍ട്ടിയുടെ സന്ദേശം ഫലപ്രദമായി എത്തിക്കാന്‍ സംഘടനാ സംവിധാനം ശക്തമാക്കണമെന്നതാണ് ഡല്‍ഹിയിലെ തോല്‍വി നല്‍കുന്ന പാഠം. അതേസമയം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ള ഒരു സ്ഥിരം അധ്യക്ഷനെ കണ്ടെത്തുന്നതോടെ ഈ പ്രശ്‌നങ്ങളൊക്കെ എളുപ്പത്തില്‍ പരിഹരിക്കപ്പെടാവുന്നതേയുള്ളൂവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more