national news
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് മേഖലയിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത ആധിപത്യം; കോൺഗ്രസ് വോട്ടിൽ വിള്ളലുണ്ടാക്കിയത് പ്രാദേശിക പാർട്ടികളെന്ന് വിലയിരുത്തൽ
റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് മേഖലയിലെ ബി.ജെ.പി ആധിപത്യം ചർച്ചയാകുന്നു. 15 വർഷമായി സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പിയെ വെറും 15 സീറ്റിലേക്ക് ഒതുക്കിയ 2018 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബസ്തർ, ദണ്ടേവഡ് ഉൾപ്പെടെയുള്ള മാവോയിസ്റ്റ് മേഖലകളിലും സർഗുജ് മേഖലയിലും വലിയ വിജയം നേടിയിരുന്നു.
എന്നാൽ എക്‌സിറ്റ് പോളിൽ കോൺഗ്രസിന് വിജയം പ്രവചിക്കപ്പെട്ട ഛത്തീസ്ഗഡിൽ റായ്പൂർ മേഖലയിൽ മാത്രമാണ് കോൺഗ്രസിന് നേട്ടംമുണ്ടക്കാൻ സാധിച്ചത്. അവിടെ 10 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ഒമ്പത് സീറ്റുകളാണ് ബി.ജെ.പി നേടിയത്.
മാവോയിസ്റ്റ് മേഖലകളിലെ ബി.ജെ.പിയുടെ അപ്രതീക്ഷിത ആധിപത്യത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത് പ്രാദേശിക പാർട്ടികളുടെ രൂപീകരണമാണ്.
ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ ജനസമ്മതിയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് അരവിന്ദ് നിതം കോൺഗ്രസിൽ നിന്ന് രാജിവെച്ച് ഹമർ രാജ് പാർട്ടി രൂപീകരിച്ചിരുന്നു. ഗ്രാമീണ, ഗോത്ര മേഖലകളിൽ മത്സരിച്ചിരുന്ന ഈ പാർട്ടി കോൺഗ്രസ് വോട്ടുകളിൽ വലിയ വിളളലുണ്ടാക്കിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗി, ജനത കോൺഗ്രസ് ഛത്തീസ്ഗഡ് എന്ന പാർട്ടി രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പഠാൻ ഉൾപ്പെടെ സംസ്ഥാനത്തെ 90 മണ്ഡലങ്ങളിൽ മത്സരിച്ച അമിത് ജോഗിയുടെ പാർട്ടിക്കും ഗോത്ര മേഖലകളിൽ സ്വാധീനമുണ്ട്.
ഇരു പാർട്ടികളും പ്രദേശത്തെ കോൺഗ്രസ് വോട്ടുകൾ പിളർത്തുകയും ഇത് ബി.ജെ.പിക്ക് വലിയ വിജയം നേടിക്കൊടുക്കുകയുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം കാർഷിക മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ നടപ്പിലാക്കാത്തതും പരാജയ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദുർഗ് മേഖലയിൽ 11 സീറ്റുകളും ബി.ജെ.പി നേടിയപ്പോൾ ഒമ്പത് സീറ്റുകളായിരുന്നു കോൺഗ്രസ് നേട്ടം. അതേസമയം ബസ്തറിൽ ബി.ജെ.പി എട്ട് സീറ്റുകൾ നേടിയപ്പോൾ നാല് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. സർഗുജിലാകട്ടെ 13 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ വെറും ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദേവ് പിന്നിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി രൂപേഷ് ബാഗൽ പഠാനിൽ പല റൗണ്ടുകളിലും പിന്നിൽപോയിരുന്നു.
42,000 വോട്ട് മാത്രം പോൾ ചെയ്ത രാജ്നന്ദ് ഗാവിൽ ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രി രമൺ സിങ്ങ് 20,000ലധികം വോട്ടുകളുടെ ലീഡ് നേടുന്ന വാർത്തകളാണ് പുറത്തുവന്നത്.
Content Highlight: Unexpected win for BJP in Chattisgarh’s Maoist region