| Wednesday, 28th March 2018, 9:26 pm

മഹാരാഷ്ട്രയില്‍ യുനസ്‌കോ അംഗീകരിച്ച ലോക പൈതൃക സ്മാരകങ്ങളിലൂടെ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ യുനസ്‌കോ അംഗീകരിച്ച 36 ലോക പൈതൃക സ്മാരകങ്ങളില്‍ നാല് എണ്ണവും സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ ലോക പൈതൃക സ്മാരകങ്ങള്‍ പരിചയപ്പെടാം…

എല്ലോറ ഗുഹകള്‍

ലോകത്തിലെ ഏറ്റവും മികച്ച സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന എല്ലോറ ഗുഹകള്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത നൂറോളം വരുന്ന ഗുഹകളുടെ ഒരു കൂട്ടമാണ്. ഔറംഗാബാദിന് സമീപമുള്ള ചരണാദ്രി കുന്നുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവയിലെ 34 ഗുഹകളില്‍ മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഈ ഗുഹകളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണം ബുദ്ധമത ക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം ഹൈന്ദവക്ഷേത്രങ്ങളും ബാക്കി അഞ്ചെണ്ണം ജൈനക്ഷേത്രങ്ങളുമാണ്. അക്കാലത്ത് നിലനിന്നിരുന്ന മതമൈത്രിയാണ് ഈ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഒരിടത്ത് പണിതതിലൂടെ വ്യക്തമാകുന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇവയില്‍ ഏറ്റവും പ്രശസ്തം എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കൈലാസനാഥ ക്ഷേത്രമാണ്.

അജന്താ ഗുഹകള്‍

പെയിന്റിംഗുകളും ശില്‍പ്പങ്ങളും ചുമര്‍ച്ചിത്രങ്ങളുമടങ്ങുന്ന മുപ്പതോളം ഗുഹകളാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങളുടെ പ്രത്യേകത. രണ്ടാം നൂറ്റാണ്ട് മുതല്‍ പഴക്കമുള്ള മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളുടെ അടയാളങ്ങള്‍ ഇവിടെ കാണാം. ആറും എഴും നൂറ്റാണ്ടുകളിലായാണ് ഇവ പൂര്‍ത്തിയാക്കപ്പെട്ടത് എന്നാണ് കരുതുന്നത്. മോക്ഷത്തിന് മുമ്പുള്ള ഗൗതമബുദ്ധന്റെ ചിത്രങ്ങളാണ് എല്ലാ ഗുഹകളുടെയും പൊതുവായ പ്രത്യേകത.

എലിഫെന്റാ ഗുഹകള്‍

യുനസ്‌കോ ലോക പൈതൃക പട്ടികയില്‍ പെട്ട മറ്റൊരു വിസ്മയമാണ് മഹാരാഷ്ട്രയിലെ എലിഫെന്റാ ഗുഹകള്‍. മുംബൈ കടല്‍ത്തീരത്തുള്ള ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹകളില്‍ ധാരാളം ശില്പങ്ങളുണ്ട്. 9-ാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെ ഭരിച്ചിരുന്ന സില്‍ഹാര വംശജരുടെ കാലത്തേതാണ് ശില്പങ്ങള്‍. കൂടാതെ രാഷ്ട്രകൂട വംശജരുടെ കാലത്തുള്ള ശില്പങ്ങളും ഇവിടെ കാണാന്‍ സാധിക്കും. 1987ലാണ് ഇവിടം യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിക്കുന്നത്. പോര്‍ച്ചുഗീസുകാരാണ് ഈ സ്ഥലത്തിന് എലഫെന്റാ കേവ്സ് എന്നു പേരിടുന്നത്.

ഛത്രപതി ശിവജി ടെര്‍മിനസ്

1887ലാണ് മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് നിര്‍മിക്കുന്നത്. വിക്ടോറിയ രാജ്ഞിയുടെ ഗോള്‍ഡന്‍ ജൂബിലി സ്മാരകമായി പണിത ഈ സ്മാരകം ആദ്യകാലങ്ങളില്‍ വിക്ടോറിയ ടെര്‍മിനസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഛത്രപതി ശിവജി ടെര്‍മിനസ് 2004 ലാണ് യുനസോകോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നത്. ഇന്തോ-സാര്‍സനിക് വാസ്തുശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകം ഇപ്പോള്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ഹെഡ്ക്വാര്‍ടേഴ്സാണ്.

We use cookies to give you the best possible experience. Learn more