2016ലെ പത്തു വ്യാജവാര്‍ത്തകള്‍: മിക്കതും സംഘപരിവാര്‍ അനുകൂലവാര്‍ത്തകള്‍
Daily News
2016ലെ പത്തു വ്യാജവാര്‍ത്തകള്‍: മിക്കതും സംഘപരിവാര്‍ അനുകൂലവാര്‍ത്തകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2016, 1:34 pm

fake

സോഷ്യല്‍ മീഡിയകള്‍ വ്യാപകമായതോടെ വ്യാജവാര്‍ത്തകളും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളുടെയും നിജസ്ഥിതി മനസിലാക്കാതെ പലരും ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്യാറുണ്ട്.

2016ല്‍ പ്രത്യേകിച്ച് നോട്ടുനിരോധനം കൊണ്ടുവന്നശേഷം ഒരുപാട് വ്യാജവാര്‍ത്തകളാണ് പ്രചരിച്ചത്. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പടച്ചുവിട്ട വാര്‍ത്തകളാണ് ഇതിലേറെയും. രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അത്തരം പത്തുവ്യാജവാര്‍ത്തകളിതാ.

modi3

മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനസ്‌കോ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുനസ്‌കോ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു എന്ന വാര്‍ത്ത 2016 ജൂണിലാണ് പ്രചരിച്ചു തുടങ്ങിയത്. വാട്‌സ് ഗ്രൂപ്പുകള്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയും സംഘപരിവാര്‍ അനുകൂലികള്‍ ഈ വാര്‍ത്ത വ്യാപകമായി  പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വ്യാജവാര്‍ത്ത ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

song

ജനഗണമനയെ ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനമായി യുനസ്‌കോ പ്രഖ്യാപിച്ചു

ജനഗണമനയെ ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനമായി യുനസ്‌കോ പ്രഖ്യാപിച്ചു എന്നതാണ് യുനസ്‌കോയെ ബന്ധപ്പെടുത്തി പ്രചരിച്ച മറ്റൊരു വ്യാജവാര്‍ത്ത. 2008 മുതല്‍ ഇമെയില്‍ ആയി പ്രചരിച്ച ഈ വാര്‍ത്ത യുനസ്‌കോയുടെ ശ്രദ്ധയിലുംപെട്ടിരുന്നു.


Must Read:ബിജെപിയുടെ 10 മോദി നുണ പ്രചരണ ചിത്രങ്ങള്‍


തുടര്‍ന്ന് യുനസ്‌കോ തന്നെ തെറ്റുതിരുത്തി രംഗത്തുവന്നിരുന്നു. “ഈ കഥ ഇന്ത്യയിലെ ഒട്ടേറെ ബ്ലോഗുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യയിലെയോ ഏതെങ്കിലും രാജ്യത്തെയോ ദേശീയഗാനവുമായി ബന്ധപ്പെട്ട് യുനസ്‌കോ ഇത്തരത്തില്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല” എന്നാണ് 2008ല്‍ യുനസ്‌കോ നല്‍കിയ വിശദീകരണം.

2016ലെ സ്വാതന്ത്ര്യദിനത്തോടടുപ്പിച്ച് ഈ വ്യാജവാര്‍ത്ത വീണ്ടും വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

note-343

2000രൂപയുടെ പുതിയ നോട്ട് ലോകത്തിലെ മികച്ച കറന്‍സിയായി യുനസ്‌കോ പ്രഖ്യാപിച്ചു

നോട്ടുനിരോധനത്തിനുശേഷമാണ് യുനസ്‌കോയെ ബന്ധിപ്പിച്ചുള്ള ഈ വ്യാജ വാര്‍ത്ത വന്നത്. പുതിയ 2000രൂപ നോട്ടുകള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച കറന്‍സി എന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നായിരുന്നു പ്രചരണം.

യുനസ്‌കോയുടെ കള്‍ച്ചറല്‍ അവയര്‍നെസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍ ഡോ. സുഭാഷ് മുഖര്‍ജി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞു എന്നതരത്തിലായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചത്.

chip

പുതിയ 2000രൂപ നോട്ടില്‍ ജി.പി.എസ് ചിപ്പുണ്ട്

നോട്ടുനിരോധനത്തിനു പിന്നാലെ വന്ന ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയ വ്യാജവാര്‍ത്തകളിലൊന്നായിരുന്നു ഇത്. പുതിയ 2000രൂപ നോട്ടുകളില്‍ ജി.പി.എസ് ചിപ്പുണ്ടെന്നും ഇത് എവിടെയെത്തിയാലും ട്രാക്കു ചെയ്യാന്‍ പറ്റുമെന്നുമൊക്കെയായിരുന്നു വാര്‍ത്ത.

സോഷ്യല്‍ മീഡിയകളിലൂടെ വന്ന ഈ പ്രചരണം പല പ്രമുഖ മാധ്യമങ്ങളും ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. മലയാളത്തില്‍ മാതൃഭൂമിയുള്‍പ്പെടെ ഈ വാര്‍ത്ത പ്രസിദ്ധീകകരിച്ചിരുന്നു. ഒടുക്കം അത്തരം സംവിധാനങ്ങളൊന്നും ഈ നോട്ടിലില്ലെന്ന് ആര്‍.ബി.ഐ തന്നെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കേണ്ടി വന്നു. സാധാരണ നോട്ടുകള്‍ക്കുണ്ടാവുന്ന സുരക്ഷാ ഫീച്ചറുകളല്ലാതെ മറ്റൊന്നും പുതിയ 2000രൂപ നോട്ടിലില്ലെന്ന് ആര്‍.ബി.ഐ സമ്മതിക്കുകയും ചെയ്തിരുന്നു.

2000-note-1

പുതിയ നോട്ടിലുള്ളത് റേഡിയോ ആക്ടീവ് മഷി

പുതിയ നോട്ടുകളില്‍ ഫോസ്ഫറസിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് ഉണ്ടെന്നായിരുന്നു പ്രചരണം. വന്‍തോതില്‍ പണം എവിടെയെങ്കിലും ശേഖഖരിച്ചുവച്ചിട്ടുണ്ടെങ്കില്‍ ഈ ഐസോടോപ്പ് ഉപയോഗിച്ച് ആദായ നികുതി വകുപ്പിന് അതു കണ്ടെത്താന്‍ കഴിയുമെന്നായിരുന്നു പ്രചരണം.

coin

10 രൂപ നാണയം അസാധുവെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു

പത്തുരൂപ നാണയം ആര്‍.ബി.ഐ നിരോധിച്ചു എന്നതാണ് നോട്ടുനിരോധത്തിനുശേഷം പ്രചരിച്ച മറ്റൊരു വ്യാജ വാര്‍ത്ത. ആഗ്ര, ദല്‍ഹി, മീററ്റ് എന്നിവിടങ്ങളിലാണ് വാട്‌സ്ആപ്പ് വഴി ഈ സന്ദേശം വ്യാപകമായി പ്രചരിച്ചത്.

വാര്‍ത്ത വിശ്വസിച്ച് ചിലര്‍ കടകളിലും ഓട്ടോറിക്ഷകളിലുമെല്ലാം പത്തുരൂപ നാണയം സ്വീകരിക്കുന്നതല്ല എന്ന നോട്ടീസ് വെച്ചു.

നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ആര്‍.ബി.ഐ തന്നെ ഇതു വ്യാജവാര്‍ത്തയാണെന്ന് അറിയിച്ച് രംഗത്തുവരികയായിരുന്നു. പത്തുരൂപ നാണയം സാധുവാണെന്നും അത് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നുമായിരുന്നു ആര്‍.ബി.ഐ അറിയിച്ചത്.

jaya

ജയലളിതയുടെ രഹസ്യപുത്രി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വ്യാജവാര്‍ത്തയായിരുന്നു ജയലളിതയ്ക്ക് രഹസ്യപുത്രിയുണ്ടെന്നത്.

ജയലളിതയുടെ മകളുടെ ഫോട്ടോ എന്ന പേരില്‍ ഒരു ചിത്രമുള്‍പ്പെടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. യു.എസിലാണ് ഇവര്‍ കഴിയുന്നതെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ചിത്രത്തിലുള്ള യുവതിക്ക് ജയലളിതയുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ ഓസ്‌ട്രേലിയ സ്വദേശിയാണെന്നും ടി.വി അവതാരക ചിന്‍മയി ശ്രിപദ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് ഈ വാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെട്ടത്.

isis668450

വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങള്‍ ഐസിസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു

ദല്‍ഹി കമ്മീഷണറുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട വാട്‌സ്ആപ്പ് ഫോര്‍വേഡുകളായാണ് ഈ വ്യാജവാര്‍ത്ത വന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങള്‍ ഡീലീറ്റ് ചെയ്യണമെന്ന് കമ്മീഷണര്‍ അമ്മമാരോടും സഹോദരിമാരോടും ആവശ്യപ്പെടുന്നു എന്ന തരത്തിലായിരുന്നു പ്രചരണം.

ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഇവരുടെ ഹാക്കര്‍മാര്‍ ഇവരുടെ ഐഡന്റിറ്റി മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

20-25 ദിവസം ഇങ്ങനെ ചെയ്യണമെന്ന് വാട്‌സ്ആപ്പ് സി.ഇ.ഒ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുള്ളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സന്ദേശമുണ്ടായിരുന്നു.

ദല്‍ഹി പൊലീസ് കമ്മീഷണര്‍ എ.കെ മിത്തല്‍ ഒപ്പിട്ട കുറിപ്പ് എന്ന തരത്തിലായിരുന്നു ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ എ.കെ വര്‍മയാണ് ദല്‍ഹി പൊലീസ് കമ്മീഷണറുടെ സ്ഥാനം വഹിക്കുന്നത്.

salt

ഇന്ത്യയിലെ ഉപ്പുക്ഷാമം

2016 നവംബറില്‍ വലിയ ഞെട്ടലുണ്ടാക്കിയ പ്രചരണമായിരുന്നു ഇന്ത്യയില്‍ ഉപ്പിനു ക്ഷാമമുണ്ടെന്നത്. ചില ഭാഗങ്ങളില്‍ ഉപ്പിന്റെ വില വലിയ തോതില്‍ ഉയരാനും ഇതു കാരണമായി.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ദല്‍ഹി, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളെയായിരുന്നു ഈ പ്രചരണം ഏറ്റവുമധികം ബാധിച്ചത്.

വ്യാജവാര്‍ത്ത വിശ്വസിച്ച് ഉപ്പുവാങ്ങിക്കൂട്ടാനുള്ള തിരക്കിനിടെ കാണ്‍പൂരില്‍ ഒരു യുവതി മരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന സ്ഥിരീകരണവുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തി. “നോട്ടുനിരോധനം വേദനയുണ്ടാക്കിയ ചില സ്ഥാപിതതാല്‍പര്യക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു.” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെക്കുറിച്ചു പറഞ്ഞത്.
nehru

10 നെഹ്‌റു ഗവണ്‍മെന്റ് ഒരു ആല്‍മരം പോലെ നിന്നു: മാര്‍ക്ക് തുള്ളി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു ആല്‍മരം പോലെ നിന്നുകൊണ്ട് ജനങ്ങളെയും ഇന്ത്യന്‍ സ്ഥാപനങ്ങളെയും മറച്ചു കളഞ്ഞു എന്ന് ബി.ബി.സി ഇന്ത്യ ബ്യൂറോ ചീഫ് മാര്‍ക്ക് തുള്ളി അഭിപ്രായപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ഈ മാസം ആദ്യം സോഷ്യല്‍ മീഡിയകളില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ആല്‍മരത്തിന് അടിയില്‍ ഒന്നും വളരുന്നില്ല എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു എന്നായിരുന്നു വാര്‍ത്ത.