| Saturday, 21st January 2023, 2:59 pm

2023ലെ അന്താരാഷ്ട്ര വിദ്യാഭ്യാസദിനം അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കായി: യുനെസ്‌കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

2023ലെ അന്താരാഷ്ട്ര വിദ്യാഭ്യാസദിനം അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി യുനെസ്‌കോ (United Nations Educational, Scientific and Cultural Organization) ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ (Audrey Azoulay).

അസോലെയെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമമായ ടോളോന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം സ്ത്രീകളുടെ സര്‍വകലാശാല പ്രവേശനമടക്കം വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യുനെസ്‌കോയുടെ തീരുമാനം.

യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ വെച്ച് അഫ്ഗാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങള്‍ വേഗത്തില്‍ പുനസ്ഥാപിക്കുന്നതിനുള്ള അപേക്ഷ യുനെസ്‌കോ പുനസ്ഥാപിക്കും.

താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുനെസെകോയും മറ്റ് അന്താരാഷ്ട്ര സംഘടനകളും ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതികരിച്ചതായും ടോളോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

”ഒരു ദിവസം മാത്രം ഇതിന് മതിയാകില്ല. ഇസ്‌ലാമിക് എമിറേറ്റുമായി സംസാരിച്ച് എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ യുനെസ്‌കോ ശ്രമിങ്ങള്‍ നടത്തേണ്ടതുണ്ട്,” അഫ്ഗാനില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ റൈഹാന ടോളോ ന്യൂസിനോട് പറഞ്ഞു.

ജനുവരി 24നാണ് അന്താരാഷ്ട്ര വിദ്യാഭ്യാസദിനം ആചരിക്കുന്നത്.

രാജ്യത്ത് താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ ഗുരുതര പ്രശ്നങ്ങളാണ് നേരിടുന്നത്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ തീവ്രമായ സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന്‍ നടപ്പിലാക്കിയിരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികളാക്കിയിരുന്നു.

പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ പുറത്താക്കുന്നതിന് വേണ്ടി ശമ്പളം വെട്ടികുറക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചിരുന്നു.

വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കണമെന്നും ബന്ധുവായ ഒരു പുരുഷനോടൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നുമുള്ള ഉത്തരവുകളും താലിബാന്‍ കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയിരുന്നു.

ഏറ്റവുമൊടുവിലായി സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ രാജ്യത്തെ എല്ലാ പ്രാദേശിക- വിദേശ എന്‍.ജി.ഒകളോടും താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

അഫ്ഗാനില്‍ സമീപ മാസങ്ങളിലായി ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ച് വരുന്നതായും ഇതില്‍ 80 ശതമാനവും സ്ത്രീകളാണെന്നുമുള്ള റിപ്പോര്‍ട്ടും ഈയടുത്തായിരുന്നു പുറത്തുവന്നത്.

Content Highlight: UNESCO decided to dedicates International Day of Education 2023 to Afghanistan girls and women

We use cookies to give you the best possible experience. Learn more