അവസാനിക്കാത്ത അടിമക്കച്ചവടം...അതെ, ഇത് കേരളം
Labour Exploitation
അവസാനിക്കാത്ത അടിമക്കച്ചവടം...അതെ, ഇത് കേരളം
നിമിഷ ടോം
Saturday, 17th February 2018, 3:24 pm

പതിനഞ്ച് വര്‍ഷം അത്ര ചുരുങ്ങിയ കാലമൊന്നുമല്ല. നീണ്ട പതിനഞ്ച് വര്‍ഷത്തെ അടിമ ജീവിതത്തില്‍ നിന്ന് മോചനം നേടിയ ശാന്തയ്ക്ക് അത് ഒട്ടും ചുരുങ്ങിയതല്ല. തിരുനെല്ലിയിലെ എരുവേക്കി കോളനിയില്‍ നിന്ന്. വളരെ ചെറിയ പ്രായത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ പൊന്നംപേട്ടില്‍ ഒരു ജന്മികുടുംബത്തില്‍ വീട്ടുജോലിക്കെത്തിയ ശാന്ത പിന്നീട് പതിനഞ്ച് വര്‍ഷക്കാലം പുറംലോകം കണ്ടിട്ടില്ല. പതിനഞ്ച് എന്ന കണക്ക് തന്നെ ശാന്തയുടെ കണക്കുകൂട്ടലാണ്. ശാന്തയുടെ പ്രായം കണക്കിലെടുത്താല്‍ ചുരുങ്ങിയത് ഇരുപത് വര്‍ഷമെങ്കിലും ശാന്ത അടിമയായി കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ശാന്തയെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്ത സംഘത്തിന്റെ കണക്കുകൂട്ടല്‍.

ശാന്ത ഒരു ഒറ്റപ്പെട്ട സംഭവമോ ഉദാഹരണമോ അല്ല. ആദിവാസി ഊരുകളില്‍ നിന്ന് വീട്ടുജോലിക്കെന്നും പറഞ്ഞ് ഇതര നാടുകളിലേക്ക് ചേക്കേറുന്ന കാലം വയനാട്ടില്‍ അപരിചിതമായിരുന്നില്ല. എന്നാല്‍ വീട്ടുജോലിക്ക് പോയ പലരും പിന്നീട് തിരിച്ച് വന്നില്ല. ആദിവാസികളായത് കൊണ്ട് അവരെ ആരും അന്വേഷിച്ചതുമില്ല. പോയവര്‍ ദുരൂഹ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരായി. രക്ഷപെട്ട് തിരിച്ചെത്തിയ ചുരുക്കം ചിലരുണ്ട്. ഇനിയൊരിക്കലും ഓര്‍മ്മകളില്‍ പോലും ആ കാലമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ച് അവര്‍ ചുരുണ്ട് കൂടി.

വയനാട്- കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം പതിനഞ്ച് പേരെ മോചിപ്പിച്ചെന്ന് ഫൗണ്ടേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റിന്റെ സംസ്ഥാന പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സികെ ദിനേശന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. “ഇത് കൊണ്ട് എണ്ണം അവസാനിച്ചിട്ടില്ല. ഐഡന്റിഫൈ ചെയ്തതും ഇതുവരെ കണ്ട് പിടിക്കാന്‍ കഴിയാത്തതുമായ ധാരാളം ഇരകള്‍ ഇനിയുമുണ്ട്. എണ്ണവും വിവരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതുമാണ്. എന്നാല്‍ കേരളത്തില്‍ അടിമകളില്ല എന്ന ഏകപക്ഷീയമായ അഭിപ്രായമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളത്. അടിമ നിവാരണത്തിന് ഏറ്റവും തടസമായി നില്‍ക്കുന്നത് ഇത് തന്നെയാണ്” സി.കെ.ദിനേശന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആദിവാസി ഊരുകളില്‍ നിന്ന് വീട്ടുജോലിക്കെന്നും പറഞ്ഞ് ഇതര നാടുകളിലേക്ക് ആളുകള്‍ ചേക്കറുന്നത് പതിവായിരുന്നു. എന്നാല്‍ വീട്ടുജോലിക്ക് പോയ പലരും പിന്നീട് തിരിച്ച് വന്നില്ല. ആദിവാസികളായത് കൊണ്ട് അവരെ ആരും അന്വേഷിച്ചതുമില്ല. പോയവരില്‍ പലരും ദുരൂഹ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരായി. രക്ഷപെട്ട് തിരിച്ചെത്തിയ ചുരുക്കം ചിലരുണ്ട്. അവരാകട്ടെ ഇനിയൊരിക്കലും ഓര്‍മ്മകളില്‍ പോലും ആ കാലമുണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിച്ച് ചുരുണ്ട് കൂടി.

ശാന്ത അമ്മ കുറുമാട്ടിക്കൊപ്പം (ചിത്രം: മാധ്യമം)

 

കേരളത്തില്‍ അടിമത്വം പതിറ്റാണ്ടുകള്‍ക്കു മുന്നേ ഇല്ലാതായെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനുമാനം. പക്ഷേ വയനാട്ടിലടക്കമുള്ള ആദിവാസികള്‍ ഇപ്പോഴും അടിമകളാക്കപ്പെടുന്നു എന്ന് സമീപകാലത്തുപോലും ഉണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. “ആദിവാസി വീടുകളിലെ പെണ്‍കുട്ടികളെ വീട്ടുജോലികള്‍ക്കായി വളരെ ചെറുപ്പത്തിലെ തന്നെ കൊണ്ടു പോകുന്നത് ഇവിടെ പതിവാണ്. വളരെ ചെറുപ്പത്തിലേ തന്നെ അച്ഛനമ്മമാര്‍ക്ക് ചില്ലറ പൈസയും കൊടുത്ത് ആദിവാസി പെണ്‍കുട്ടികളെ പുറം നാടുകളില്‍ വീട്ടുജോലിക്കായി എത്തിച്ചുകൊടുക്കുന്നതിന് ചില പ്രത്യേക ഏജന്റുമാരുമുണ്ട്. ഇതേ പോലെ തന്നെയാണ് തുണിക്കടകളിലെ ജോലിക്കെന്നുപറഞ്ഞ് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെയും അവസ്ഥ.

പലരെയും കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടാകാറില്ല. ഇങ്ങനെ കൊണ്ടുപോയി മറ്റു സംസ്ഥാനങ്ങളിലെ വേശ്യാലയങ്ങളിലും മറ്റും എത്തപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ വയനാട്ടിലുണ്ട്” കുട്ടിക്കാലത്ത് അടിമപ്പണിയില്‍ നിന്നും രക്ഷപെട്ട് തിരിച്ചെത്തിയ, രാഷ്ട്രീയപ്രവര്‍ത്തക കൂടിയായ തിരുനെല്ലിയിലെ ഗൗരി പറയുന്നു.

“എന്റെ ചേച്ചിയും വീട്ടുജോലിക്കാരിയായിരുന്നു. ചേച്ചിയെ ചെറുപ്പത്തില്‍ കണ്ട ഓര്‍മ്മപോലും എനിക്കില്ല. ഇത് ഒരു ആചാരം പോലെയായിരുന്നു. ഞങ്ങളെ പണിക്ക് വിടുന്നു. കുടകിലേക്കൊക്കെപ്പോയാല്‍ പിന്നെ പുറംലോകം കാണില്ല. കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ടും എങ്ങനെ വരണമെന്ന് അറിയാത്തത്‌ കൊണ്ടും അവിടെ കുടുങ്ങിപ്പോകും” ഗൗരി വിവരിക്കുന്നു. കുടകിലെ പാടങ്ങളില്‍ തോട്ടപ്പണിക്ക് പോകുന്ന സ്ത്രീകളുടെയും അവസ്ഥകള്‍ സമാനമാണ്. ലൈംഗിക പീഡനങ്ങളടക്കമുള്ള നിരവധി ആക്രമണങ്ങള്‍ക്ക് അവര്‍ വിധേയരാകാറുണ്ട്. കീടനാശിനികള്‍ക്കിടയിലും മറ്റും അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയില്‍ ജോലി ചെയ്തും താമസിച്ചും ക്യാന്‍സര്‍ അടക്കമുള്ള മാറാരോഗങ്ങള്‍ക്ക് അടിമകളാകുന്നവര്‍ നിരവധിയാണെന്ന് സന്നദ്ധസംഘടനകളും പറയുന്നു.

 

“അച്ഛനാരാണെന്നറിയാത്ത കുഞ്ഞുങ്ങളുമായി കുടകിലെ തോട്ടങ്ങളില്‍ നിന്നും ജോലി മതിയാക്കി തിരിച്ചു വരുന്ന പെണ്‍കുട്ടികള്‍ നിരവധിയുണ്ട്. ഇതെല്ലാം അടിമത്വമല്ലാതെ മറ്റെന്താണ്? ഇതിലും രൂക്ഷമാണ് ഇവിടുത്തെ ആദിവാസി ജീവിതങ്ങള്‍, വിശേഷിച്ചും സ്ത്രീകളുടെ അവസ്ഥകള്‍” ഗൗരിയുടേതാണ് ഈ വാക്കുകള്

അടിമപ്പണി- കുറ്റവും ശിക്ഷയും

ഇടനിലക്കാരനോ വീട്ടുടമസ്ഥന്‍ നേരിട്ടോ കടമോ കടപ്പാടോ ആയിട്ടോ മറ്റ് വാഗ്ദാനങ്ങള്‍ നല്‍കിയോ ജോലിക്ക് എടുത്താല്‍ അത് അടിമപ്പണിയാണ്. കൂടാതെ ഉള്ള സ്ഥലത്തോ വീട്ടില്‍ നിന്നുമുള്ള സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുക, സാമ്പത്തിക കടപ്പാടിന്റെ പേരില്‍ മറ്റ് ജോലി അന്വേഷിക്കുന്നതിന്‍ നിന്നും തടയുക, അടിസ്ഥാന ശമ്പളം പോലും നല്‍കാതിരിക്കുക, ശാരീരികമായോ
മാനസീകമായോ പീഡിപ്പിക്കുക, പണം പിടിച്ച് വയ്ക്കുക, പുറമെയ്ക്കുള്ള ആശയവിനിമയം നിര്‍ബന്ധപൂര്‍വ്വം തടയുക തുടങ്ങിയ കാര്യങ്ങളെല്ലാം അടിമയാക്കുന്നതിന്റെ സ്വഭാവമാണ്.

അടിമവേല നിര്‍മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമല്ല തടസമെന്നാണ് ഫൗണ്ടേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റിലെ അംഗങ്ങള്‍ പറയുന്നത്. “ഏറ്റവും പ്രാധാന്യം ഇരയുടെ പിന്തുണയും സഹകരണവുമാണ്. വര്‍ഷങ്ങളായുള്ള ശാരീരിക അടിമത്തം ഇരകളെ മറ്റൊരു തരത്തിലുള്ള മാനസീക അടിമത്തത്തിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രക്ഷപെടണം എന്ന തോന്നല്‍ ഇരകളില്‍ പെട്ടന്ന് സാധ്യമാകില്ല. ഇതിന് ഉദാഹരണമാണ് നിലമ്പൂരില്‍ ഇരുപത് വര്‍ഷത്തിലധികം അടിമയായി ജീവിച്ചിട്ടും രക്ഷപെടുത്താനുള്ള ശ്രമത്തെ തള്ളിക്കളഞ്ഞ പൊട്ടാടി.

 

പൊട്ടാടി എന്നത് ഏതെങ്കിലും ഒരു സാങ്കല്‍പ്പിക കഥയിലെ കഥാപാത്രമല്ല. നിലമ്പൂരിലെ അകമ്പാടത്ത് ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാണ്. നിലമ്പൂരിലെ പെരുമ്പടവം പണിയ കോളനിയില്‍ ജനിച്ചുവളര്‍ന്ന പൊട്ടാടിയെ തന്റെ അച്ഛന്‍ വെള്ളന്‍ ദാരിദ്ര്യം സഹിക്കവയ്യാതെ പതിനാലാമത്തെ വയസ്സില്‍ ആമിനയുടെ വീട്ടിലേക്ക് ജോലിക്കയക്കുകയായിരുന്നു. എന്നാല്‍ പൊട്ടാടിയുടെ ജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ ചിത്ര എന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി യുവതി നടത്തിയ നിയമപ്പോരാട്ടത്തിലൂടെ പൊട്ടാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. 2016 ജൂണില്‍ ഐ.ടി.ഡി.പി യില്‍ ചിത്ര നല്‍കിയ പരാതിയിലൂടെ, ഇത്രയും കാലം ചെയ്ത ജോലിക്ക് പ്രതിഫലമായി ആമിനയുടെ കുടുംബം 7 ലക്ഷം രൂപ പൊട്ടാടിക്ക് നല്‍കണമെന്ന കോടതിവിധി വന്നു. എന്നാല്‍ സംസാരശേഷിയില്ലാത്ത പൊട്ടാടിയുടെ മൊഴികളെ തെറ്റിച്ചവതരിപ്പിച്ച് കോടതിയെ കബളിപ്പിക്കുന്നതിലൂടെ ഇതില്‍ നിന്നും രക്ഷപ്പെടാനാണ് ആമിനയും കുടംബവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍, അടിമവേലയാണെന്ന് കണ്ടെത്തിയാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ വളരെ ചുരുങ്ങിയ കാലത്തെ തടവും പിഴയുമാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ വീടുകളിലേക്കും അടിമജോലിക്കായി ആളുകളെ എത്തിക്കുന്നുണ്ട്. കണ്ണുര്‍ ജില്ലയില്‍നിന്നും ഇത്തരത്തില് കേരളത്തില് ജോലിക്കെത്തിയ പ്രായപൂര്‍ത്തിയായ, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പെണ്‍കുട്ടിയെ ഫൗണ്ടേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവല്പ്പ്‌മെന്റിന്റെ പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നൂ. പുറംലോകവുമായി യാതൊരു തരത്തിലുമുളള ബന്ധവും സാധ്യമാകാത്ത രീതിയില് വീട്ടുജോലി എടുക്കുകയായിരുന്നൂ പെങ്കുട്ടി. സമാന അവസ്ഥയില്‍ കേരളത്തിന്റെ മെട്രൊ നഗരങ്ങളിലടക്കം അടിമവേലയ്ക്കായി ആളുകളെത്തുന്നുണ്ട്. ഏജന്റുമാര് വഴി അതീവ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന അടിമക്കച്ചോടങ്ങള്‍ പുറംലോകം അറിയാത്തോണ്ട് തന്നെ എത്രത്തോളം ആളുകള്‍ വീടുകളിലോ, ജോലി സ്ഥലങ്ങളിലോ കുടുങ്ങിക്കിടക്കുന്നതിന് വ്യക്തമായ കണക്കില്ലാ.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംയുക്തമായി അതീവ ഗൗരവത്തോടെ നിയമം നടപ്പിലാക്കിയാല്‍ മാത്രമേ അടിമവേലയെ തുടച്ച് നീക്കാന്‍ കഴിയുക എന്നാണ് അടിമനിര്മാര്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഓരോ ജില്ലയിലും സബ് ഡിവിഷന് മജിസ്‌ട്രേറ്റിനാണ് പ്രായോഗിക തലത്തില് ഇതിന്റെ ചുമതല. കൂടാതെ ജില്ലാ ഭരണാധികാരി, എസ്ടി, എസ്സി വകുപ്പ് , തൊഴില്‍ വകുപ്പ് എന്നിവര്ക്കും സമാന ഉത്തരവാദിത്വമുണ്

 

 

ഇന്നും തുടരുന്ന വള്ളിയൂര്‍ക്കാവ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായി കൃഷി സ്ഥലമോ കിടപ്പാടമോ ഇല്ലാതിരുന്ന ആദിവാസികളെ പ്രത്യേകിച്ചും പണിയ വിഭാഗക്കാരെ ജന്മിമാര്‍ അടിമകളായി വിലയ്ക്ക് വാങ്ങിയിരുന്നു. മാനന്തവാടിക്കടുത്തുള്ള വള്ളിയൂര്‍ക്കാവ് ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ ഉത്സവകാലത്ത് ഈ അടിമകളെ കച്ചവടം ചെയ്തിരുന്ന സംബ്രദായവും നിലനിന്നിരുന്നു. ജന്മിയും കച്ചവടക്കാരനും തമ്മില്‍ ഒരുവര്‍ഷത്തെ പ്രാബല്യമുള്ള അടിമക്കരാര്‍ ഉണ്ടാക്കി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് മുമ്പില്‍വച്ച് അടിമയ്ക്ക് ജന്മി നില്‍പുപണം നല്‍കി കരാറുറപ്പിക്കും. നില്‍പുപണം വാങ്ങിക്കഴിഞ്ഞാല്‍ അടിമ കരാര്‍ ലംഘിക്കരുതെന്നാണ് അലിഖിത നിയമം. ഇത് ചരിത്രം. എന്നാല്‍, അടിമപ്പണി നിയമം മൂലം നിരോധിച്ചിട്ടും സാക്ഷരകേരളത്തില്‍ അടിമകള്‍ ഉണ്ടാകുന്നുണ്ട് എന്നത് ഞെട്ടിക്കുന്നു. പണ്ട് കരാറുണ്ടായിരുന്നെങ്കില്‍ ഇന്ന് വാക്കാല്‍ നല്‍കുന്ന സാമ്പത്തിക വാഗ്ദാനങ്ങള്‍ മാത്രമാണുള്ളത്.