| Monday, 2nd January 2023, 7:36 am

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ; 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നില

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നു. തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

എട്ട് ശതമാനമായിരുന്നു നവംബറിലെ നിരക്ക്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) ആണ് കണക്ക് പുറത്തുവിട്ടത്.

നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.96ല്‍ നിന്ന് 10.09 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഗ്രാമീണമേഖലയില്‍ 7.55 ശതമാനത്തില്‍നിന്ന് 7.44 ശതമാനമായി കുറഞ്ഞു.

ഹരിയാനയാണ് തൊഴിലില്ലായ്മയില്‍ മുന്നില്‍- 37.4 ശതമാനം. ഒഡിഷയിലാണ് ഏറ്റവും കുറവ്- 0.9 ശതമാനം. കൂടാതെ, ദല്‍ഹി അടക്കം ഏഴ് സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കമാണ്.

ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഹരിയാനയെ കൂടാതെ രാജസ്ഥാന്‍ 28.5, ദല്‍ഹി 20.8, ബിഹാര്‍ 19.1, ജാര്‍ഖണ്ഡ് 18 എന്നിവയാണുള്ളത്.

ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒഡിഷക്ക് പുറമെ മഹാരാഷ്ട്ര 3.1, മേഘാലയ 2.7, കര്‍ണാടക 2.5, ഗുജറാത്ത് 2.3 എന്നിവയാണ്. കേരളത്തില്‍ 7.4 ശതമാനമാണ്.

നാല് മാസത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ രണ്ട് ശതമാനത്തിനടുത്ത് വര്‍ധിച്ചു. സെപ്തംബറില്‍ 6.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറില്‍ 7.8 ശതമാനമായും നവംബറില്‍ എട്ട് ശതമാനമായും ഡിസംബറില്‍ 8.3 ശതമാനത്തിലേക്കും ഉയര്‍ന്നു.

നഗരങ്ങളിലെ തൊഴിലില്ലായ്മ നവംബറിലെ 8.96 ല്‍ നിന്നും ഡിസംബറില്‍ 10.09 ശതമാനമായി. 1.13 ശതമാനമാണ് ഒറ്റമാസത്തിലെ വര്‍ധന. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയില്‍ ഡിസംബറില്‍ നേരിയ കുറവുണ്ട്. നവംബറില്‍ 7.55 ശതമാനമായിരുന്നത് ഡിസംബറില്‍ 7.44 ശതമാനത്തിലെത്തി.

അതേസമയം, തൊഴില്‍ പങ്കാളിത്ത നിരക്ക് 40.48 ശതമാനമായി ഉയര്‍ന്നതിനാല്‍ തൊഴിലില്ലായ്മ നിരക്കിലെ വര്‍ധനയില്‍ കുഴപ്പമില്ലെന്ന് സി.എം.ഐ.ഇ എം.ഡി മഹേഷ് വ്യാസ് പറഞ്ഞു.

12 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണിത്. ഡിസംബറിലെ തൊഴില്‍നിരക്ക് 37.1 ശതമാനമായി കൂടി. ഇത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ല്‍ നടക്കാനിരിക്കെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുകയും ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി.

Content Highlight: Unemployment rate hike in India

We use cookies to give you the best possible experience. Learn more