ന്യൂദല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇക്കാരണം കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വ്വേയാണിത്. 2017 ജൂലൈയ്ക്കും 2018 ജൂണിനും ഇടയിലാണ് ഈ സര്‍വ്വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.
1972-73 വര്‍ഷത്തിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2011-12 വര്‍ഷത്തില്‍ തൊഴിലില്ലായ്മ 2.2% ആയിരുന്നു.
യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വ്വേയില്‍ പറയുന്നു.
ഗ്രാമീണ മേഖലയിലേതിനേക്കാള്‍ കൂടുതലാണ് നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇത് പുരുഷന്മാരില്‍ 18.7% ഉം സ്ത്രീകളില്‍ 27.2% ആയി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.