ന്യൂദല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഇന്ത്യ തൊഴിലില്ലായ്മാ പ്രശ്‌നം നേരിടുന്നുണ്ടെന്നും, ഇപ്പോഴത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം ബി.ജെ.പിയല്ല മറിച്ച് കോണ്‍ഗ്രസ് ആണെന്നും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
ഈ തെരഞ്ഞടെുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന വിഷയമായിരിക്കും തൊഴിലില്ലായ്മയായിരിക്കും എന്ന് എല്ലാ പോള്‍ സര്‍വേകളും പറയുന്നു, അത് തെറ്റാണോ എന്ന ചോദ്യത്തിന് ചോദ്യത്തിന്, ‘ഇല്ല, തൊഴില്ലായ്മ ബി.ജെ.പി അഞ്ച് വര്‍ഷത്തിനിടെ സൃഷ്ടിച്ചെടുത്ത പ്രശ്‌നമല്ല. 1947 മുതലുള്ള പ്രശ്‌നമാണിതെന്നായിരുന്നു’ ഗഡ്കരിയുടെ മറുപടി.
എന്നാല്‍ ഇപ്പോള്‍ ഇത് രൂക്ഷമായോ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണുണ്ടായത്. അതിന് കാരണം കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളും, മോശവും അഴിമതി നിറഞ്ഞതും, കാഴ്ചപ്പാടില്ലാത്തതുമായ നേതൃത്വം ആണെന്നായിരുന്നു ഗഡ്കരിയുടെ മറുപടി.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിദേശ നിക്ഷപം കൂട്ടുന്നതിനും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും, അടിസ്ഥാന വികസനം മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കിയുള്ള നയങ്ങള്‍ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
അതേസമയം മോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്നാല്‍ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ 3-4 ശതമാനമായി കുറക്കാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്ന് ഗഡ്കരി പറയുന്നു.
2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വ്വേയാണിത്. 2017 ജൂലൈയ്ക്കും 2018 ജൂണിനും ഇടയിലാണ് ഈ സര്‍വ്വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.
ഭരണഘടനാ അനുച്ഛേദം 370എ കശ്മീരിന്റെ വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്നതായും, കൂടുതല്‍ നിക്ഷേപങ്ങളും അതു വഴി സംസ്ഥാനത്തിന്റെ ജീവിത നിലവാരം ഉയര്‍ത്താനുമാണ് 370 എ എടുത്തുകളയാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
പ്രത്യക പദവി കാരണം കശ്മീരില്‍ പുറത്തു നിന്നൊരാള്‍ക്ക് സ്ഥലം വാങ്ങാന്‍ കഴിയില്ലെന്നും, അതിനാല്‍ നിക്ഷേപം കുറയുന്നുവെന്നുമായിരുന്നു ഗഡ്കരിയുടെ വാദം. അതേസമയം കശ്മീരില്‍ 100 വര്‍ഷത്തേക്ക് സര്‍ക്കാറില്‍ നിന്ന് സ്ഥലം ലീസിനെടുക്കാമെന്ന് ഥാപ്പര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതിലെ നൂലാമാലകള്‍ ഐ.ടി കമ്പനികളേയും മറ്റ് ഹോട്ടല്‍ ശൃംഗലകളേയും കശ്മീരില്‍ വ്യവസായം ആരംഭിക്കുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നതായി ഗഡ്കരി പറഞ്ഞു.