| Wednesday, 29th December 2021, 10:40 am

15 ഒഴിവുകളിലേക്ക് 11,000 പേര്‍; പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷയുമായി എന്‍ജിനീയര്‍മാരും എം.ബി.എക്കാരും; തൊഴിലില്ലായ്മ രൂക്ഷമായി മധ്യപ്രദേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് അടിവരയിടുന്ന കാഴ്ചയ്ക്കായിരുന്നു ശനിയാഴ്ച ഗ്വാളിയോര്‍ സാക്ഷ്യം വഹിച്ചത്. പ്യൂണ്‍, വാച്ച്മാന്‍ ഡ്രൈവര്‍ തസ്തികയിലേക്കുള്ള 15 ഒഴിവുകളിലേക്ക് 11,000 തൊഴില്‍ രഹിതരായ യുവാക്കളാണ് അപേക്ഷയുമായി എത്തിയത്.

പത്താം ക്ലാസ് മാത്രമായിരുന്നു ജോലിക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ എന്‍ജിനീയര്‍മാരും, ബിരുദാന്തര ബിരുദധാരികളും, എം.ബി.എക്കാരും സിവില്‍ ജഡ്ജ് ഉദ്യോഗാര്‍ത്ഥികളുമടക്കം നിരവധി യുവാക്കളാണ് തൊഴില്‍ തേടിയെത്തിയത്. തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുവരെ യുവാക്കള്‍ ജോലിക്കുള്ള അപേക്ഷയുമായി ഗ്വാളിയോറിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞ മാസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്ന ആഹ്വാനപ്രകാരമാണ് ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചു കൂടിയത്.

‘ഒരു വര്‍ഷം ഞങ്ങള്‍ ഒരു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒറ്റ ഒഴിവ് പോലും നികത്താതെയിരിക്കില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പില്‍ 30,600 ഒഴിവുകളും ആഭ്യന്തര വകുപ്പില്‍ 9,388 ഒഴിവുകളും ആരോഗ്യ വകുപ്പില്‍ 8,592 ഒഴിവുകളും റവന്യൂ വകുപ്പില്‍ 8,592 ഒഴിവുകളും ഇപ്പോഴും ഒഴിഞ്ഞു തന്നെയാണ്. എന്നാല്‍ 32,57,136 പേര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനില്‍ തൊഴില്‍ രഹിതരായി തുടരുമ്പോള്‍ തന്നെയാണ് സര്‍ക്കാര്‍ ഈ ഒഴിവുകള്‍ നികത്താതിരിക്കുന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

ഇക്കാരണം കൊണ്ടാണ് തങ്ങള്‍ പ്യൂണ്‍ പോലുള്ള ജോലികള്‍ക്ക് അപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

ഉന്നതവിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും വിദ്യാഭ്യാസത്തിനനസരിച്ചുള്ള തൊഴില്‍ ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ഞാനൊരു സയന്‍സ് ബിരുദധാരിയാണ്. പി.എച്ച്.ഡി ഉള്ളവരടക്കം ജോലിക്കായി ഇവിടെ വരി നില്‍ക്കുന്നുണ്ട്,” അജയ് ഭാഗല്‍ എന്ന യുവാവ് പറയുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മധ്യപ്രദേശില്‍ തൊഴിലില്ലായ്മ നിരക്ക് തുലോം കുറവാണെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയുടെ കണക്കുകള്‍ പറയുന്നത്. 17. ശതമാനമാണ് മധ്യപ്രദേശിലെ തൊഴിലില്ലായ്മ നിരക്കെന്നാണ് അവരുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാത്തത് യുവാക്കളെ കടുത്ത മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുന്നുണ്ടെന്നാണ് നാഷണന്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പറയുന്നത്. എല്ലാ വര്‍ഷവും 95ലധികം യുവാക്കള്‍ തൊഴില്‍ ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും എന്‍.സി.ആര്‍.ബി വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Unemployment is high in Madhya Pradesh, with 11,000 people applying for 15 vacancies

We use cookies to give you the best possible experience. Learn more