| Thursday, 27th August 2020, 6:24 pm

മൊബൈല്‍ റീചാര്‍ജിന് പോലും കൈയ്യില്‍ കാശില്ല; ഓണ്‍ലൈന്‍ ക്ലാസില്‍ ജീവിതം വഴിമുട്ടി ഗസ്റ്റ് അധ്യാപകര്‍

അന്ന കീർത്തി ജോർജ്

കൊവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറിയതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുമടക്കം നിരവധി വിഭാഗങ്ങള്‍ നേരിടേണ്ടി വന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പലതവണ ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തതാണ്. പക്ഷെ ഇക്കാലത്ത് ജോലിയും ശമ്പളവും നഷ്ടപ്പെട്ട് ദൈനംദിന ജീവിതം പോലും ദുരിതത്തിലായപ്പോയ ഒരു വിഭാഗം കൂടിയുണ്ട്്. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകര്‍.

ഈ അധ്യയനവര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയതിന്റെ ഭാഗമായി സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജൂണിലും ആഗസ്തിലുമായി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങിയിരുന്നു. സ്ഥിരം അധ്യാപകരുള്ള ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ മറ്റു കോളേജുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സ്ഥിരം അധ്യാപകരില്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏകോപിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഒരു ഗസ്റ്റ് അധ്യാപകനെ നിയമിക്കാമെന്നും ഉത്തരവിലുണ്ട്.

ഇതോടുകൂടി ആയിരകണക്കിന് അധ്യാപകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഉത്തരവിലെ അപ്രായോഗികതയും അതിന്റെ ഭാഗമായി ശമ്പളം പോലുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതടക്കം കടുത്ത ചൂഷണങ്ങളാണ് തങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും ചൂണ്ടിക്കാട്ടി ഗസ്റ്റ് അധ്യാപകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

“ഞങ്ങള്‍ക്ക് ഇനിയും ശമ്പളമില്ലാതെ ക്ലാസ് എടുക്കാനാവില്ല. കാരണം ഇതുവരെയും കൈയ്യില്‍ നിന്നും കാശെടുത്താണ് ഇന്റര്‍നെറ്റ് റീചാര്‍ജ് വരെ ചെയ്തിരുന്നത്. അതിന് വരെ ഗതിയില്ലാതായിരിക്കുകയാണ് പലര്‍ക്കുമിപ്പോള്‍. ദൈംദിന ജീവിതത്തിന് വരെ ബുദ്ധിമുട്ടുകയാണ്. ജൂണ്‍ എട്ടിലെ ഉത്തരവിന് ശേഷം പല കോളേജുകളും ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂവിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. അന്ന് സര്‍ക്കാര്‍ കോളേജുകളെക്കുറിച്ച് മാത്രമാണ് ഉത്തരവില്‍ പറഞ്ഞിരുന്നതെങ്കിലും ഇത് എയ്ഡഡ് കോളേജുകള്‍ക്ക് വരെ ബാധമാകും എന്ന തോന്നലുള്ളതുകൊണ്ടാണ് ഇവര്‍ ഇത് പ്രസിദ്ധീകരിക്കാതിരുന്നത്.

എന്നാല്‍ ചില സ്ഥലങ്ങളില്‍ റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വരാന്‍ സാധ്യതയുള്ള ഉദ്യോഗാര്‍ത്ഥികളോട് ശമ്പളമുണ്ടാകില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ വരണമെന്നാണ് പറഞ്ഞത്. ശമ്പളമില്ലാതെ ക്ലാസ് എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പല അധ്യാപകരോടും റാങ്ക് ലിസ്റ്റില്‍ അടുത്ത സ്ഥാനത്ത് വരാന്‍ സാധ്യതയുള്ളവരെ ക്ലാസെടുക്കാന്‍ വിളിക്കും എന്നാണ് പറയുന്നത്.” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത എയ്ഡഡ് കോളേജിലെ ഗസ്റ്റ് അധ്യാപകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മാനേജ്‌മെന്റുകള്‍ ഇക്കാര്യങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ പറയുന്നത്, ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ തയ്യാറാകുന്നവരെ മാത്രമേ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കൂ എന്നാണ്. അപ്പോള്‍ അഞ്ചോ ആറോ വര്‍ഷം എല്ലാ യോഗ്യതകളോടും കൂടി ഗസ്റ്റ് അധ്യാപകരായി പഠിപ്പിച്ചിരുന്നവര്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനാകില്ലായെന്ന് പറഞ്ഞ ഒറ്റക്കാരണത്താല്‍ പിന്തള്ളപ്പെടുകയാണെന്നും ഈ അധ്യാപകന്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഔദ്യോഗികമായി ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്ന ഗസ്റ്റ് അധ്യാപകരുടെ എണ്ണം നൂറോ നൂറ്റമ്പതോ മാത്രമായിരിക്കാം. പക്ഷെ കുട്ടികളോടും അധ്യാപനത്തോടുമുള്ള ആത്മാര്‍ത്ഥതയുടെ പുറത്ത് നിരവധി പേരാണ് സര്‍ക്കാര്‍ കോളേജുകളില്‍ പോലും പഠിപ്പിക്കുന്നത്. നാലായിരത്തിലേറെ ഗസ്റ്റ് അധ്യാപകരാണ് ജോലിയും ശമ്പളുവുമില്ലാതെ സംസ്ഥാനത്ത് ദുരിതത്തിലായിരിക്കുന്നത്.’ ആള്‍ കേരള കോളേജ് ഗസ്റ്റ് ലക്‌ച്ച്വേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ദിലീപ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഒരു ഗസ്റ്റ് അധ്യാപകനെയോ സ്ഥിരം അധ്യാപകനെയോ വെച്ച് മാത്രം ക്ലാസുകള്‍ നടത്തുന്നത് തികച്ചും അപ്രായോഗികമാണെന്നും ഇത് കുട്ടികളുടെ പഠനനിലവാരത്തെയാണ് ബാധിക്കുന്നതെന്നും ദിലീപ് കുമാര്‍ വിശദീകരിച്ചു. ‘അഞ്ചാം സെമസ്റ്ററില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അഞ്ച് മെയിന്‍ പേപ്പറുകളും ഒരു കോപ്ലിമെന്ററി പേപ്പറുമുണ്ട്. ഓരോ കോളേജിലും വ്യത്യസ്തമായ സബ്ജക്ട് കോമ്പിനേഷനുകളായിരിക്കും ഉണ്ടായിരിക്കുക. ആ സമയത്ത് ഒരു അധ്യാപകനെ വെച്ചോ മറ്റു കോളേജുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സഹായത്തോടെയോ ക്ലാസുകള്‍ നടത്തണമെന്ന് പറയുന്നത് തികച്ചും അശാസ്ത്രീയമാണ്.’

കണ്ണൂരിലെ സര്‍ക്കാര്‍ കോളേജ് ഗസ്റ്റ് അധ്യാപികയും തങ്ങള്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക പരാധീനതകളെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിച്ചു. ‘പി.എച്ച്.ഡിയും എം.ഫില്ലും നെറ്റും പാസായ ഗസ്റ്റ് അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. അധ്യാപനം മാത്രം ചെയ്യുന്നവരാണ് ഇതില്‍ ഭൂരിഭാഗം പേരും. പലരും ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വഹിക്കുന്നവരാണ്. പലരും ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഒരു ദിവസം കഴിച്ചുകൂട്ടാന്‍ പോലും ബുദ്ധിമുട്ടുന്നുവരുണ്ട് ഇക്കൂട്ടത്തില്‍. ഇപ്പോള്‍ വേറെ ഒരു ജോലി അന്വേഷിച്ചാല്‍ പോലും കിട്ടില്ല. എല്ലാ മേഖലകളിലും ജോലി നഷ്ടപ്പെട്ടിരിക്കുന്ന സമയമല്ലേ.’

വര്‍ഷങ്ങളായി ഗസ്റ്റ് അധ്യാപകരായി തുടരുന്നവര്‍, ഇന്റര്‍വ്യൂവിന് ശേഷം നിയമനം ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നവര്‍ തുടങ്ങി ആയിര കണക്കിന് അധ്യാപകര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലിനായി കാത്തിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Unemployment and no salary, problems faced by guest lectures in Kerala due to Covid 19 Lock down and Online education

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.