ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ ബി.എം.ഡബ്ല്യു കാറുകാരനും; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് നിലപാട് കടുപ്പിച്ച് ധന വകുപ്പ്
Kerala News
ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ ബി.എം.ഡബ്ല്യു കാറുകാരനും; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് നിലപാട് കടുപ്പിച്ച് ധന വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2024, 1:02 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം അനധികൃതമായി കൈപ്പറ്റിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് ധനവകുപ്പ്. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്‍കി.

പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ അന്വേഷണം നടത്തുന്നത്.

ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഏഴാം വാര്‍ഡിലെ 42 ഗുണഭോക്തക്കളില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ നിലവില്‍ ജീവനോടെയില്ല. ബി.എം.ഡബ്ള്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു എന്നും അന്വേഷണത്തില്‍ കണ്ടെത്തലുണ്ട്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടിഷണര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്

ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതല്‍ വലുപ്പമുണ്ട്.

ഒരു വാര്‍ഡില്‍ തന്നെ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനുപിന്നില്‍ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.

അതിനാല്‍ കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ധനവകുപ്പ് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ധനവകുപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി സാമൂഹിക സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ഇതോടെ പരിശോധന മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ധന വകുപ്പ് ഉത്തരവിടുകയായിരുന്നു.

Content Highlight: undeserved receipt of social security pension in Kerala ; The finance department has stepped up measures