ന്യൂദല്‍ഹി: തീഹാര്‍ ജയിലില്‍ രണ്ട് കുറ്റവാളികള്‍ രക്ഷപ്പെട്ടു. ഞായറാഴ്ച്ച പുലര്‍ച്ചെ ജയിലിന്റെ ചുറ്റുമതിലില്‍ തുരങ്കമുണ്ടാക്കിയാണ് ഇവര്‍ കടന്നുകളഞ്ഞത്. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ പിടിയിലായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അപകടകാരികളായ രണ്ട് പേരാണ് ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നത്. 18-21 വയസ്സുള്ള വരെ പാര്‍പ്പിക്കുന്ന സബ്ജയില്‍ ഏഴിലെ പ്രതികളാണ് രക്ഷപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച്ച പ്രതികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി വിളിച്ചു ചേര്‍ത്തപ്പോള്‍ രണ്ടു പ്രതികളും എത്തിയിരുന്നില്ല. സംശയം തോന്നിയ തീഹാര്‍ ജയില്‍ അധികൃതര്‍ ഉടന്‍ തന്നെ അലാറം മുഴക്കി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രതികള്‍ തുരങ്കം വഴി രക്ഷപ്പെട്ട വിവരം അറിയുന്നത്. അതേസമയം ദല്‍ഹി പോലീസ് പ്രതികള്‍ക്കു വേണ്ടി തീവ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
രക്ഷപ്പെട്ട പ്രതികളുടെ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ തീഹാര്‍ ജയില്‍ ഡി.ജി അലോക് വെര്‍മ്മ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ജയില്‍ പി.ആര്‍.ഒ മുകേഷ് പ്രസാദിന്റെ ഫോണ്‍ ഓഫ് ആക്കിയിട്ടിരിക്കുകയാണ്. എന്നാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടതായി ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച തുരങ്കം ജയില്‍ ഡി.ജി പരിശോധന നടത്തി.